തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ പോലീസും ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. എസ്‌ഐക്കും ഒരു പോലീസുകാരനും ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കും പരിക്കേറ്റു. വെള്ളറട സ്റ്റേഷനിലെ എസ്‌ഐ അഭിജിത്ത്, പോലീസുകാരൻ ജെസീം, ഡിവൈഎഫ്‌ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപ് നെല്ലിശ്ശേരി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുകൂട്ടരും ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ വെള്ളറട പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി 10 മണിയോടുകൂടി വെള്ളറട ജംഗ്ഷനിലായിരുന്നു സംഭവം.

To advertise here,

ചൂണ്ടിക്കൽ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വെള്ളറട ജങ്ഷനിൽ സഞ്ചരിക്കുന്ന ഗാനമേള സംഘടിപ്പിച്ചിരുന്നു. ഘോഷയാത്ര കഴിഞ്ഞും ജങ്ഷനിൽ തുടർന്ന ഗാനമേളയിൽ പങ്കുചേർന്ന് പ്രദേശവാസികൾ നൃത്തംചെയ്തു. ഇത് തടയാൻ പോലീസ് എത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നാണ് ആരോപണം.

നൃത്തംചെയ്തുകൊണ്ടിരുന്ന ശ്യാം എന്ന യുവാവിനെ പോലീസ് പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ പാർട്ടി പ്രവർത്തകർ ഇടപെട്ടു. ക്ഷേത്ര ഉത്സവത്തിനിടയിൽ പ്രശ്‌നമുണ്ടാക്കുന്നു എന്നാരോപിച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറി നെല്ലിശ്ശേരി പ്രദീപ് വിഷയത്തിൽ ഇടപെട്ടു. തുടർന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു

കഴിഞ്ഞ ശിവരാത്രി ദിനത്തിൽ ചാരുംകുഴി ലോകനാഥ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലും കുന്നത്തുകാലിലെ ക്ഷേത്രത്തിലും ഇതേ പോലീസുകാർ ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നും പാർട്ടി പ്രവർത്തകർ ആരോപിക്കുന്നുണ്ട്. മർദനത്തിൽ പരിക്കേറ്റ എസ്‌ഐയും പോലീസുകാരനും പാറശാല ആശുപത്രിയിൽ ചികിത്സ തേടി. വെള്ളറട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ചികിത്സ തേടിയത്. സംഭവത്തിൽ പ്രദീപിനെതിരെയും കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.