
നെയ്യാറ്റിൻകര: നേരം വെളുക്കുംമുൻപേ അതിയന്നൂരിലെ വിവാദ സമാധിയിടം പോലീസിന്റെ വലയത്തിലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നു നാട്ടുകാർ തിരിച്ചറിയുന്നതിനുമുൻപേ സമാധിയിടം പൂർണമായും മറച്ച് പോലീസ് ഭദ്രമാക്കി. അപ്പോഴേക്കും ഏതാണ്ട് ഒന്നരക്കിലോമീറ്റർ ചുറ്റളവിലുള്ള റോഡുകൾ കനത്ത പോലീസ് കാവലിലായി. രണ്ട് ഡിവൈ.എസ്.പി.മാരും എട്ട് ഇൻസ്‌പെക്ടർമാരും ഉൾപ്പെടെ നൂറ്റമ്പതിലേറെ പോലീസുകാർ പുലർച്ചെ അഞ്ചുമണിയോടെ സിമെന്റ് കല്ലറ തുറക്കാൻ ശ്രമം തുടങ്ങി.
പിക്കാസും പാരയും കൂടവും ഉപയോഗിച്ചാണ് കല്ലറ പൊളിച്ചത്. സഹായത്തിനായി നാട്ടുകാരായ നാലുപേരെ കൂടെ കൂട്ടി. കല്ലറയ്ക്കു മുൻപായുള്ള നാഗർകാവിനു സമീപം വെച്ച് വടംകൊണ്ട് പോലീസ് ബാരിക്കേഡ് തീർത്ത് നാട്ടുകാരെ അകറ്റിനിർത്തി. ഏഴുമണിയോടെ മൃതദേഹം അടക്കിയ കോൺക്രീറ്റ് അറ പുറത്തുതെളിഞ്ഞു. ആദ്യം കല്ലുകൊണ്ടുള്ള മുകളിലത്തെ മേൽമൂടി പൊളിച്ചു. തുടർന്ന് മുൻവശത്തെ കെട്ടും ഇരുവശത്തെയും കെട്ടുകളും പൊളിച്ചു. മുകളിലത്തെ പാളി തുറക്കുമ്പോൾ നെഞ്ചുവരെ കർപ്പൂരവും ഭസ്മവും നിറച്ചനിലയിൽ മൃതദേഹം കാണാമായിരുന്നു.
ആദ്യം കൗൺസിലർ എസ്.പ്രസന്നകുമാറാണ് മുഖംകണ്ട് ഗോപൻസ്വാമിയെ തിരിച്ചറിഞ്ഞത്. മൃതദേഹം പുറത്തെടുത്ത് സബ് കളക്ടറുടെ സാന്നിധ്യത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഉടനെ മൃതദേഹം ആംബുലൻസിൽ കയറ്റി പോലീസ് മെഡിക്കൽ കോളേജിലേക്കു പാഞ്ഞു. പ്രതിഷേധമോ സംഘർഷമോ ഇല്ലാതെ ഓപ്പറേഷൻ അവസാനിപ്പിക്കാനായത് പോലീസിനും ജില്ലാ ഭരണകൂടത്തിനും ആശ്വാസമായി. സമീപത്തെ വീട്ടിൽ ഗോപൻസ്വാമിയുടെ ഭാര്യയും രണ്ടു മക്കളും ഉണ്ടായിരുന്നെങ്കിലും ആരും പുറത്തിറങ്ങിയില്ല. സബ് കളക്ടർ ആൽഫ്രഡ് നേരത്തെ വീട്ടിലെത്തി കല്ലറ പൊളിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഇവരെ ബോധ്യപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം പ്രതിഷേധിച്ച സംഘടനാ പ്രവർത്തകരും എത്തിയില്ല.
നെയ്യാറ്റിൻകര ഡിവൈ.എസ്.പി. എസ്.ഷാജി, നെടുമങ്ങാട് ഡിവൈ.എസ്.പി. കെ.എസ്.അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം പൂർത്തിയാക്കിയത്. ഇവർക്കൊപ്പം സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ജയകുമാറും നെയ്യാറ്റിൻകര എസ്.എച്ച്.ഒ. ഇൻസ്‌പെക്ടർ എസ്.ബി.പ്രവീണും ഉണ്ടായിരുന്നു. ഫൊറൻസിക് വിദഗ്ധർ, വിരലടയാള വിദഗ്ധർ, െഫാറൻസിക് സർജൻമാർ, ആംബുലൻസ് എല്ലാം തയ്യാറായി. നടപടികളെല്ലാം ഒൻപതുമണിയോടെ പൂർത്തിയായി.
അനുനയതന്ത്രവുമായി സബ് കളക്ടർ
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻസ്വാമിയുടെ കല്ലറ പൊളിക്കുന്നതു സംബന്ധിച്ച തർക്കങ്ങൾ തന്ത്രപൂർവം പരിഹരിച്ചത് യുവ സബ് കളക്ടറുടെ ഇടപെടലുകളിലൂടെ. സംഭവം കൈകാര്യം ചെയ്തതിലെ മികവിലൂടെ സാമൂഹികമാധ്യമങ്ങളിലും താരമായിക്കഴിഞ്ഞു ആർ.ഡി.ഒ.കൂടിയായ തിരുവനന്തപുരം സബ് കളക്ടർ ഒ.വി.ആൽഫ്രഡ്. കല്ലറ പൊളിക്കണമെന്നാവശ്യപ്പെട്ടും എതിർത്തും ഇരുവിഭാഗങ്ങൾ രംഗത്തെത്തിയത് വർഗീയ സംഘർഷത്തിനുവരെ കാരണമാകുന്ന സാഹചര്യമുണ്ടാക്കിയിരുന്നു.
എന്നാൽ, ബലപ്രയോഗത്തിലൂടെ കല്ലറ പൊളിക്കുന്നതിൽനിന്നു ജില്ലാഭരണകൂടം പിൻമാറുകയും അനുനയത്തിന്റെ വഴി സ്വീകരിക്കുകയുമായിരുന്നു. കല്ലറ തുറക്കുന്നതിനെതിരേ പ്രതിഷേധവുമായെത്തിയ ഗോപൻസ്വാമിയുടെ കുടുംബാംഗങ്ങളടക്കമുള്ളവരെ സർക്കാരിന്റെ നിയമപരമായ ഇടപെടൽ ബോധ്യപ്പെടുത്താനും സബ് കളക്ടറുടെ നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചകൾക്കു കഴിഞ്ഞു. തുടർന്നുള്ള പ്രതിഷേധങ്ങൾക്കു ശക്തികുറച്ചതും നെയ്യാറ്റിൻകര ഡിവൈ.എസ്.പി. ഓഫീസിൽ നടന്ന ചർച്ചകളാണ്.
കുടുംബാംഗങ്ങൾക്കു കോടതിയിൽ പോകാനും കോടതിയുടെ പരാമർശത്തെത്തുടർന്ന് തടസ്സങ്ങളില്ലാതെ കല്ലറ തുറക്കാനും ആൽഫ്രഡിന്റെ ഇടപെടലുകൾ വഴിയൊരുക്കി. ഗോപൻസ്വാമി വിഷയം സംബന്ധിച്ച വാർത്തകൾക്കൊപ്പം സോഷ്യൽ മീഡിയ തേടുന്നതും ഈ സബ് കളക്ടർ ആരാണെന്നാണ്. 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് കണ്ണൂർ സ്വദേശിയായ ആൽഫ്രഡ്. നേരത്തെ പാലക്കാട് അസിസ്റ്റന്റ് കളക്ടറായിരുന്നു.
സമാധിയിൽ മൂന്നു ചാക്ക് ഭസ്മം, കർപ്പൂരം
ഒരാൾക്ക് ഇരിക്കാനുള്ള പൊക്കവും വീതിയും മാത്രമുള്ള കല്ലുകെട്ടിയുള്ള അറ. ഇതിന്റെ മുൻവശവും മുകളിലത്തെ മൂടിയും മാത്രമാണ് ഇതിനകത്ത് മൃതദേഹം ഇരുത്തിയശേഷം സിമെന്റ് കൊണ്ട് അടച്ചത്. ഇതിനകത്ത് പദ്മാസനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹമാകെ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു. ഈ അറയിൽ മൂന്നു ചാക്ക് ഭസ്മവും പിന്നെ കർപ്പൂരവും നിറച്ചിരുന്നു.
മൂന്നടിയോളം വീതിയും നാലടിയോളം പൊക്കവുമുള്ള അറയിൽ ഗോപൻസ്വാമിയെ ഇരുത്തിയ നിലയിലാണ് കണ്ടെത്തുന്നത്.
ശരീരം ജീർണിച്ചു തുടങ്ങിയിരുന്നു. ആദ്യം ഇവിടെവെച്ചുതന്നെ പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചെങ്കിലും ശരീരം കൂടുതൽ ജീർണാവസ്ഥയിലാകാത്തതിനാൽ മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്‌മോർട്ടം ചെയ്താൽ മതിയെന്ന് െഫാറൻസിക് സർജൻമാർ പറഞ്ഞതിനെത്തുടർന്നാണ് മെഡിക്കൽ കോളേജിൽ കൊണ്ടുപോയത്.
Content Highlights: Police exhumed Gopan Swamy`s remains in Neyyattinkara peacefully resolving tensions
Published: 17 Jan 2025, 07:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented