നെടുങ്കണ്ടം: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഉടുമ്പൻചോല എക്‌സൈസ് ടൗണിലെ ടീഷോപ്പിലും വ്യാപാരിയുടെ വീട്ടിലും നടത്തിയ പരിശോധനയിൽ 22 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും മൂന്ന് ഗ്രാം കഞ്ചാവും വലിക്കാൻ ഉപയോഗിക്കുന്ന 106 പായ്ക്കറ്റ് ഒ.സി.ഡി. പേപ്പറുകളുംപിടികൂടി. കട ഉടമ നെടുങ്കണ്ടം സ്വദേശി കാരിശ്ശേരി മജീദ് ഹാസിം പിടിയിൽ.

To advertise here,

ടൗണിൽ രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകൾ കേന്ദ്രീകരിച്ച് ഷാഡോ എക്സൈസ് അംഗങ്ങളായ രതീഷ് കുമാർ, ടിൽസ് ജോസഫ്, സുബിൻ വർഗീസ് എന്നിവർ നടത്തിയ രഹസ്യാന്വേഷണത്തിലാണ് ലഹരിക്കച്ചവടം കണ്ടെത്തിയത്. പ്രത്യേക കോഡ് ഭാഷ ഉപയോഗിച്ചായിരുന്നു കച്ചവടമെന്ന് എക്സൈസ് ഉദ്യോഗസഥർ പറഞ്ഞു.

‘പൊടി ചായ’ എന്ന് പറഞ്ഞാൽ 75 രൂപയ്ക്ക് ചായയ്ക്ക് ഒപ്പം ഹാൻസും കിട്ടും. ഡബിൾ സ്‌ട്രോങ് ചായ എന്ന് പറഞ്ഞാൽ 115 രൂപയ്ക്ക് ഒ.സി.ഡി. പേപ്പറും ലഭിക്കും. ഓൺലൈൻ സൈറ്റ് വഴി ഒ.സി.ഡി. പേപ്പറുകൾ വാങ്ങി 200 മുതൽ 500 രൂപവരെ പേപ്പറിന്റെ ഗുണനിലവാരം അനുസരിച്ചായിരുന്നു ‘പേപ്പർ ഇക്ക’ എന്നറിയപ്പെടുന്ന മജീദിന്റെ വില്പനയെന്ന് എക്‌സൈസ് പറഞ്ഞു.

മജീദിന്റെ കടയുടെ ലൈസൻസ് പുനപ്പരിശോധിക്കാൻ നെടുങ്കണ്ടം പഞ്ചായത്തിന് റിപ്പോർട്ട് നൽകും. അസി. എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് നായർ, പ്രിവന്റീവ് ഓഫീസർ രതീഷ്‌കുമാർ, രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ പി.വർഗീസ് ടിൽസ് ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി.അശ്വതി, ഷിബു ജോസഫ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.