നെടുങ്കണ്ടം: വെള്ളിയാഴ്ച രാത്രി നല്ല മഴയായിരുന്നു. എഴുകുംവയൽ-വലിയതോവാള റോഡിൽനിന്ന് അൽപ്പം അകലെ നടപ്പുവഴിയാണ് പാറത്തറയിൽ വീട്ടിലേക്കുള്ളത്. അടുത്ത് രണ്ടുവീടാണുള്ളത്. ഒന്ന് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നതും, മറ്റൊന്ന് ടോമി എന്നയാളുടെ വീടും.

To advertise here,

നല്ലൊരു കർഷകനും അധ്വാനിയുമായിരുന്നു ആന്റണി. ഇതിന് തെളിവാണ്, വീടിനോടുചേർന്നുള്ള ഒന്നരയേക്കർവരുന്ന ഏലത്തോട്ടത്തിലെ ഫലസമൃദ്ധി. വെള്ളിയാഴ്ച രാത്രി രണ്ടുമരണമാണ്, കട്ടപിടിച്ച ഇരുട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന ആ വീട്ടിൽ നടന്നത്. കൊലപാതകങ്ങൾക്കുമുൻപ്‌ ചിലപ്പോൾ അമ്മയും അച്ഛനുമായി അജീഷ് രൂക്ഷമായ വഴക്കിൽ ഏർപ്പെട്ടിരിക്കാം. മകന്റെ പൈശാചികമായ ആക്രമണത്തിൽ വത്സമ്മയും ആന്റണിയും ജീവനുവേണ്ടി നിലവിളിച്ചിരിക്കാം. മകന്റെ കത്തിമുനയിൽനിന്ന്‌, ജീവനുവേണ്ടി ഒരു കച്ചിത്തുരുമ്പ് അവർ തിരഞ്ഞിരിക്കാം. എന്നാൽ, ആർത്തലച്ച മഴയിൽ ആ നിലവിളികൾ അലിഞ്ഞുപോയതാകാം. രണ്ടു കൊലപാതകവും നടന്ന് ഒന്നോ ഒന്നരയോ മണിക്കൂറിനുശേഷമാണ് സംഭവം പുറംലോകം അറിഞ്ഞത്. അരുംകൊലയുടെ വാർത്ത കാട്ടുതീപോലെ പടർന്നതിനുപിന്നാലെ, തണുപ്പിനെയും മഴയെയും അവഗണിച്ച് നിരവധിയാളുകളാണ് പാതിരാത്രിയിൽ വീട്ടിലും പരിസരത്തും തടിച്ചുകൂടിയത്.

രക്തത്തിൽ കുളിച്ചുകിടക്കുന്ന ആന്റണിയുടെ മൃതദേഹം രണ്ടാമത് ഒന്നുകൂടി നോക്കാൻ അവർക്ക് ത്രാണിയുണ്ടായിരുന്നില്ല.

ശനിയാഴ്ച രാവിലെതന്നെ പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി. രാവിലെമുതൽ തെളിഞ്ഞ കാലാവസ്ഥയുമായിരുന്നു. രാവിലെ തുടങ്ങിയെ ഇൻക്വസ്റ്റ് നടപടികൾ 11 ഓടെ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റുമ്പോഴും, അധികം വൈകാതെ പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോഴും അതേ ആൾക്കൂട്ടം പരിസരത്ത് നിറഞ്ഞിരുന്നു.

ഹൃദയഭേദകമായ ആർത്തനാദം

‘നീ രണ്ടുപേരുടെയും രക്തം കുടിച്ചിച്ചോടാ അജീഷേ, എന്തിനാടാ എന്റെ ചേച്ചിയെ കൊന്നുകളഞ്ഞത്‌.....’ ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ് ആംബുലൻസിൽ കയറ്റാൻ കൊണ്ടുവന്നപ്പോൾ കേട്ട ആർത്തനാദം വത്സമ്മയുടെ സഹോദരങ്ങളുടേതായിരുന്നു.

ശാന്തിഗ്രാം കുന്നുംപുറത്ത് കുടുംബാംഗമായ വത്സമ്മയ്ക്ക് നാല് സഹോദരിമാരും നാല് സഹോദരന്മാരുമാണുള്ളത്. സഹോദരീപുത്രന്റെ അരുംകൊലയിൽ കൂടപ്പിറപ്പ് ദാരുണമായി കൊല്ലപ്പെട്ടെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ അവർക്ക് മണിക്കൂറുകൾ വേണ്ടിവന്നു.

അജീഷ് പ്രശ്നക്കാരനെന്ന് ചിലർ; അധികം സംസാരിക്കില്ലെന്ന് മറ്റുചിലർ

അച്ഛനെയും അമ്മയെയും കൊലചെയ്ത അജീഷിനെപ്പറ്റി നാട്ടുകാർക്കുള്ളത് സമ്മിശ്ര അഭിപ്രായം. നാട്ടിലും വീട്ടിലും പ്രശ്നക്കാരനെന്ന് ചിലർ പറയുമ്പോൾ മറ്റുചിലർ പറയുന്നത് ആരോടും അധികം സംസാരിക്കാത്ത ശാന്ത സ്വഭാവമാണ് അജീഷിന്റേതെന്നാണ്. എന്നാൽ, ഇയാൾക്ക് അമിതമായ മദ്യപാനശീലം വളരെ നാളായി ഉണ്ടെന്ന് എല്ലാവരും പറയുന്നു.അച്ഛന്റെകൂടെ ഏലത്തൈ നടാനും പാൽ സൊസൈറ്റിയിൽ പാലെത്തിക്കാൻ പിതാവിനെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോകുന്നതുമെല്ലാം കാണാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

രണ്ടുമാസം മുമ്പ് അജീഷിനെ മദ്യപാനശീലം നിർത്താൻ ജില്ലയിലെ ഒരു ഡീഅഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നെന്നും എന്നാൽ ഒരുമാസത്തെ ചികിത്സ പൂർത്തിയാക്കാതെ ഇയാൾ തിരികെ വീട്ടിൽ വന്നെന്നും നാട്ടുകാർ പറയുന്നു. ഇതിന്റെ പ്രതികാരം ഇയാൾക്ക് മാതാപിതാക്കളോട് ഉണ്ടായിരുന്നെന്നും ഇവർ പറയുന്നു.അതേസമയം, തൊഴിലുറപ്പ് തൊഴിലാളികളായ മാതാപിതാക്കൾക്ക് അക്കൗണ്ടിൽവന്ന പണം ഇയാൾ ചോദിച്ചിരുന്നെന്നും ഇത് കൊടുക്കാത്തതിൽ വൈരാഗ്യം ഉണ്ടായിരുന്നെന്നും നാട്ടുകാരിൽ ചിലർ പറഞ്ഞു.