നാഗ്പുർ: യുവതിക്കുവേണ്ടിയുള്ള തർക്കത്തിൽ കുപ്രസിദ്ധ ഗുണ്ടയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ഗൗരവ് പങ്കജ് റഗ്ഡെ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് ഗൗരവ് റാംഭാവു റൗട്ടും കൂട്ടാളി അഭിഷേക് വാസ്നികിനേയും പോലീസ് അറസ്റ്റ് ചെയ്തു.

To advertise here,

നരേന്ദ്ര നഗറിലുള്ള സുന്ദർബൻ പ്രദേശത്താണ് സംഭവം. രണ്ടാഴ്ച മുൻപാണ് ഗൗരവ് പങ്കജ് റഗ്ഡെ ജാമ്യത്തിലിറങ്ങിയത്. മുംബൈ സ്വദേശിനിയായ യുവതിയുമായി ഗൗരവ് റഗ്ഡെ രണ്ടു വർഷത്തോളം പ്രണയത്തിലായിരുന്നു. എന്നാൽ, റഗ്ഡെ ജയിലിൽ പോയ സമയത്ത് ഇയാളുടെ സുഹൃത്തായ റാംഭാവു റൗട്ടുമായി യുവതി പ്രണയത്തിലാവുകയും ഇവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങുകയും ചെയ്തു. ഇതോടെ ഇയാൾ കുറ്റകൃത്യങ്ങളിൽനിന്ന് വിട്ടുനിന്ന് ക്ലൗഡ് കിച്ചൺ ബിസിനസ് ആരംഭിക്കുകയും ചെയ്തിരുന്നു. വാടകവീട്ടിലായിരുന്നു ഇവർ പിന്നീട് താമസിച്ചിരുന്നത്. ഇതൊക്കെ അറിഞ്ഞ ഗൗരവ് റഗ്ഡെ കുപിതനായിരുന്നെന്ന് പോലീസ് പറയുന്നു.

ജയിൽ മോചിതനായ ഗൗരവ് റഗ്ഡെ സുഹൃത്തിന്റെ വീട്ടിലെത്തുകയും അവിടെയുണ്ടായിരുന്ന വസ്തുക്കളൊക്കെ അടിച്ചുതകർക്കുകയും ചെയ്തു. അവിടെ റൗട്ടിന്റെ മറ്റു സുഹൃത്തുക്കളും ഉണ്ടായിരുന്നു. റൗട്ടും കൂട്ടുകാരും സംഭവസ്ഥലത്തുനിന്ന് പിൻവാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റഗ്ഡെ അവരെ പിന്തുടരുകയായിരുന്നു. തുടർന്ന് റഗ്ഡെയും റൗട്ടും തമ്മിൽ വഴക്കുണ്ടാവുകയും അടിപിടിക്കിടെ റഗ്ഡെ നിലത്തുവീഴുകയും ചെയ്തു. തുടർന്ന് റൗട്ടും വാസ്നികും ചേർന്ന് റഗ്ഡെയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് പിന്തുടർന്നു പിടികൂടി.

കണ്ടുനിന്നവർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നു. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തിയാണ് പിന്തുടർന്ന് പ്രതികളെ പിടികൂടിയത്.

കൊല്ലപ്പെട്ട ഗൗരവ് റഗ്ഡെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. നാഗ്പുരിലെ കുപ്രസിദ്ധ ഗുണ്ട ഗംചു വധക്കേസിലും ഇയാൾ പ്രതിയാണ്. കൊലപാതകവും കൊലപാതകശ്രമവുമുൾപ്പെടെ ഒമ്പതോളം കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളായ റൗട്ടിന്റെയും വാസ്നിക്കിന്റെയും പേരിൽ മുൻപും കൊലപാതകക്കേസുകളുണ്ട്.