മുംബൈ: 2008 നവംബർ 26, മുംബൈയെ ചോരക്കളമാക്കിയ ഭീകരാക്രമണത്തിന് ഇന്നേക്ക് 18 വർഷം തികയുന്നു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്താന്റെ പങ്ക് ഇന്നും ലോകത്തിന് മുന്നിൽ തുറന്ന പുസ്തകമാണ്. ആക്രമണത്തിനിടെ ജീവനോടെ പിടിയിലായ ഭീകരൻ അജ്മൽ കസബ് നൽകിയ മൊഴികളും മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രവും ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാക് സൈനിക-ചാരസംഘടനകളുടെ ഭീകരവാദപ്രവർത്തനങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മുംബൈ ഭീകരാക്രമണ സംഭവത്തിൽ ഉൾപ്പെട്ട, ഇപ്പോഴും അജ്ഞാതനായി തുടരുന്ന ഒരാളുണ്ട്. കസബ് തന്റെ പരിശീലന ക്യാമ്പിൽ കണ്ടുവെന്ന് മൊഴിനൽകിയ 'മേജർ ജനറൽ സാഹിബ്'. ഇയാൾ ആരെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. മുംബൈ പോലീസിന്റെ കുറ്റപത്രത്തിൽ പേര് വ്യക്തമാക്കാതെ 'കുറ്റവാളി നമ്പർ 20' എന്നു മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2009-ലെ കുറ്റപത്രത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന 32 പാകിസ്താനികളിൽ തിരിച്ചറിയപ്പെടാത്ത ഒരേയൊരു വ്യക്തിയാണ് ഇയാൾ.
മുംബൈ ഭീകരാക്രമണത്തിനായി 10 പേർക്ക് പരിശീലനം നൽകിയ മേജർ ജനറൽ സാഹിബിന്റെ പങ്കിനെക്കുറിച്ച് അജ്മൽ കസബ് ചോദ്യം ചെയ്യലിനിടെ പറഞ്ഞിരുന്നു. കസബും ഡേവിഡ് ഹെഡ്ലിയും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎ കുറ്റപത്രം. ഇതിൽ മേജർ ജനറൽ മുഹമ്മദ് ഖാലിദ് റാവു, സ്പെഷ്യൽ കമ്മ്യൂണിക്കേഷൻസ് ഓർഗനൈസേഷന്റെ കേണൽ സദത്തുള്ള, മേജർ ഇഖ്ബാൽ, മേലുദ്യോഗസ്ഥനായ ലെഫ്റ്റനന്റ് കേണൽ ഹംസ തുടങ്ങിയവരുടെ പേരുകൾ പരാമർശിച്ചിരുന്നെങ്കിലും മേജർ ജനറൽ സാഹിബ് ആരാണെന്നത് രഹസ്യമായിത്തന്നെ തുടരുകയാണ്.
പാക് അധീന കശ്മീരിലെ മുസാഫറാബാദിന് സമീപമുള്ള ചെലബന്ദി കുന്നുകളിലെ ലഷ്കർ-ഇ-തൊയ്ബയുടെ 'ബൈത്തുൽ മുജാഹിദീൻ' / 'മസ്കർ അക്സ' ക്യാമ്പിൽ നടന്ന സംഭവങ്ങളാണ് അന്വേഷണ രേഖകളിൽ ഉള്ളത്. മുന്നൂറോളം വെടിയൊച്ചകൾ മുഴങ്ങിയ പരിശീലനത്തിനിടെ ഒരു മേജർ ജനറൽ ക്യാമ്പ് സന്ദർശിക്കുകയും ലക്ഷ്യസ്ഥാനങ്ങൾ നേരിട്ട് പരിശോധിക്കുകയും ചെയ്തതായി കസബ് പോലീസിനോട് വിവരിച്ചതായി റിപ്പോർട്ടിൽ ഉണ്ട്.
'പരിശീലനത്തിനിടെ അജ്ഞാതനായ ഒരു മനുഷ്യനും അവിടെ ഉണ്ടായിരുന്നു. ഹാഫിസ് സയീദും ലഖ്വിയും അവിടെ എത്തി അജ്ഞാത മനുഷ്യനെ കെട്ടിപ്പിടിച്ചു. മേജർ ജനറൽ എന്നായിരുന്നു അയാളെ വിളിച്ചിരുന്നത്. എട്ട് ആഴ്ച നീണ്ടുനിൽക്കുന്ന പരിശീലനത്തിന് മേജർ ജനറലാണ് മേൽനോട്ടം വഹിച്ചത്. ആ പരിശീലനം ഞങ്ങളെ പക്കാ ജിഹാദികളാക്കി', കസബ് ചോദ്യം ചെയ്യലിനിടെ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
2008 ഓഗസ്റ്റിൽ മേജർ വീണ്ടും പരിശീലന ക്യാമ്പ് സന്ദർശിച്ചു. നീന്താൻ അറിയാമോ എന്ന് എന്നോട് ചോദിച്ചു. സയീദിനെയും ലഖ്വിയെയും കെട്ടിപ്പിടിച്ചശേഷം സംസാരിക്കാനായി അപ്പുറത്തേക്ക് പോയി. വീണ്ടും അവർ തിരിച്ചെത്തിയപ്പോൾ മേജർ ജനറൽ ഞങ്ങളുടെ പരിശീലനം നിരീക്ഷിച്ചു. വെടിയുതിർക്കാൻ പറഞ്ഞു. തന്ന നിർദേശപ്രകാരം പത്തുപേരും വെടിയുതിർത്തു. ശേഷം ലക്ഷ്യസ്ഥാനത്ത് കൊണ്ട വെടിയുണ്ടകൾ പരിശോധിച്ചശേഷം തന്റെ മുതുകിൽ തട്ടി അഭിനന്ദിച്ചുവെന്നും കസബ് ചോദ്യം ചെയ്യലിൽ പറഞ്ഞു.
കസബ് നൽകിയ വിവരണത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നില്ല. പദവിമാത്രം രേഖപ്പെടുത്തിയാണ് 20-ാം നമ്പർ കുറ്റവാളിയെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്റെ ചാരസംഘടനയായ ഐ.എസ്.ഐയുടെ വിവിധ വിഭാഗങ്ങളെ നയിക്കുന്നത് മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥരാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Marks 18 years since the 2008 Mumbai terror attacks., Highlights the enduring mystery of 'Major General Sahib' or Accused No. 20., Details Ajmal Kasab's confession regarding the training camp supervised by Pakistani officials., Examines the alleged involvement of Pakistan's ISI and Lashkar-e-Taiba.
Published: 26 Nov 2026, 04:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented