
മുംബൈ: വര്‍ളിയില്‍ ആഡംബര കാറിടിച്ച് സ്ത്രീമരിച്ച സംഭവത്തില്‍ പ്രധാനപ്രതിയായ മിഹിര്‍ ഷാ അറസ്റ്റ് ഒഴിവാക്കാന്‍ തന്റെ രൂപംമാറ്റിയെന്ന് പ്രോസിക്യൂഷന്‍ ബുധനാഴ്ച കോടതിയില്‍ അറിയിച്ചു. 24- കാരനായ മിഹിറിനെ മുംബൈയ്ക്കടുത്തുള്ള വിരാറില്‍നിന്നാണ് ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. പ്രതികള്‍ കാര്‍ നിര്‍ത്തുന്നതിന് മുമ്പ് കാവേരിയെ 1.5 കിലോമീറ്റര്‍ വലിച്ചിഴച്ചതായി പോലീസ് പറഞ്ഞു. ബുധനാഴ്ച ഷായെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് (സിവരി കോടതി) എസ്.പി ഭോസ്ലേയ്ക്ക് മുന്നില്‍ ഹാജരാക്കി.
മിഹിര്‍ ഷായുടെയും ഡ്രൈവറും സഹപ്രതിയുമായ രാജ് ബിദാവത്തിന്റെയും മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും കാറിന്റെ നമ്പര്‍ പ്ലേറ്റ് ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. സംഭവത്തിനുശേഷം മിഹിര്‍ ഷാ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റ് ഒഴിവാക്കാന്‍ അദ്ദേഹം മുടി മുറിക്കുകയും താടി ഷേവ് ചെയ്യുകയും ചെയ്തുകൊണ്ട് രൂപം മാറ്റി, ആരാണ് രൂപം മാറ്റാന്‍ സഹായിച്ചതെന്ന് കണ്ടെത്തേണ്ടത് ആവശ്യമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
Also Read
നിര്‍ണായകമായത് സുഹൃത്തിന്റെ ഫോണ്‍
പ്രതി മിഹിര്‍ ഷായുടെ സുഹൃത്തും ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂട്ടുപ്രതിയുമായ അവ്ദീപിന്റെ ഫോണ്‍ സ്വിച്ച് ഓണായതോടെയാണ് പ്രതിയെക്കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. നാലിടങ്ങളിലായി മൂന്ന് ദിവസമാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. അപകടത്തിനുശേഷം കലാ നഗറിലുള്ള പെണ്‍സുഹൃത്തിന്റെ വീട്ടിലേക്കാണ് മിഹിര്‍ ഷാ ആദ്യമെത്തിയത്. 40 തവണ ഇവര്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സുഹൃത്തിന്റെ സഹോദരിയും ബിസിനസ് പങ്കാളിയുമായ പൂജയാണ് പിന്നീട് പ്രതിയെ സഹായിച്ചത്. പ്രതിയെയും കുടുംബത്തെയും പൂജ ഗോരേഗാവിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി രഹസ്യമായി താമസിപ്പിച്ചു. അവിടെ സുരക്ഷിതമല്ലെന്ന് മനസിലാക്കിയ പ്രതിയും കൂട്ടരും രണ്ട് കാറുകളിലായി താനെ വെസ്റ്റിലെ യൂര്‍ഹില്‍സ് റിസോര്‍ട്ടിലേക്ക് പുറപ്പെട്ടു.
കുറച്ച് സമയം ഇവിടെ തങ്ങിയശേഷം അവര്‍ മുര്‍ബാദിലെ മറ്റൊരു റിസോര്‍ട്ടിലേക്ക് പോയി. പിന്നീട് മിഹിറും സുഹൃത്ത് അവ്ദീപും വിരാറിലെ റിസോര്‍ട്ടിലേക്ക് പോവുകയായിരുന്നു.
റിസോര്‍ട്ടിലെ മുറിയില്‍വെച്ച് അവ്ദീപ് ഫോണ്‍ സ്വിച്ച് ഓണ്‍ ആക്കി. ഇതാണ് പ്രതിയെ കണ്ടെത്തുന്നതിന് നിര്‍ണായകമായത്. ആറ് സംഘങ്ങളായി ചേര്‍ന്നാണ് പോലീസ് പ്രതിക്കായി തിരച്ചില്‍ നടത്തിയത്. പ്രതിയുടെ അമ്മയും സഹോദരിമാരും ഉള്‍പ്പെടെ 12 പേരെയാണ് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്.
മിഹിര്‍ റിമാന്‍ഡില്‍
വര്‍ളി ആഡംബര കാറപകടത്തില്‍ അറസ്റ്റിലായ മിഹിര്‍ ഷായെ ജൂലായ് 16 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്തു. സെവ്രിയിലെ കോടതിയിലാണ് ബുധനാഴ്ച മിഹിര്‍ ഷായെ ഹാജരാക്കിയത്. ചൊവ്വാഴ്ചയാണ് മിഹിര്‍ഷാ പോലീസിന്റെ പിടിയിലായത്.
അതിവേഗ കോടതിയില്‍ വിചാരണ നടത്തണമെന്ന് റാവുത്ത്
മുംബൈ: ശിവസേന രാഷ്ട്രീയ നേതാവിന്റെ മകന്‍ പ്രതിയായ ആഡംബര കാറപകടം അതിവേഗ കോടതിയില്‍ വിചാരണ നടത്തണമെന്ന് ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ബുധനാഴ്ച ആവശ്യപ്പെട്ടു.
മുംബൈ പോലീസിന് മൂന്ന് ദിവസം പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒളിച്ചോടാനും രക്ഷപ്പെടാനുമാണ് പ്രതിയെ പ്രേരിപ്പിച്ചതെന്നും മുംബൈ പോലീസിന്റെ പങ്കിനെക്കുറിച്ച് ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും റാവുത്ത് അവകാശപ്പെട്ടു.
മൂന്ന് ദിവസമായി മുംബൈ പോലീസിന് പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ കഴിയുമോ? ശരീരത്തില്‍ മദ്യത്തിന്റെ അളവ് കണ്ടെത്താതിരിക്കാന്‍ മൂന്ന് ദിവസത്തേക്ക് അയാളെ ഒളിപ്പിക്കുകയായിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കുകയും കേസ് അതിവേഗ കോടതിയില്‍ തീര്‍പ്പാക്കുകയും വേണമെന്നും രാജ്യസഭാംഗം പറഞ്ഞു. പ്രതിയെ ജയിലില്‍നിന്ന് മോചിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മദ്യലഹരിയിലായിരുന്നപ്പോള്‍ ഒരു നിരപരാധിയായ സ്ത്രീയെ വണ്ടി കയറ്റി കൊന്ന രീതി മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. ഇരുചക്രവാഹനത്തില്‍ പിന്നിലിരുന്ന കാവേരി നഖ്വയെ ബി.എം.ഡബ്ല്യു. കാര്‍ 1.5 കിലോമീറ്റര്‍ വലിച്ചിഴയ്ക്കുയും ചെയ്ത ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.
രാജേഷ് ഷായെ ശിവസേന നേതൃസ്ഥാനത്തുനിന്ന് നീക്കി
മുംബൈ: വര്‍ളി അപകടക്കേസിലെ പ്രതിയുടെ പിതാവ് രാജേഷ് ഷായെ ഉപനേതാവ് സ്ഥാനത്തുനിന്ന് ശിവസേന നീക്കി. പാര്‍ട്ടി അധ്യക്ഷന്‍ ഏക്‌നാഥ് ഷിന്ദേയുടെ നിര്‍ദേശപ്രകാരം ഷായെ സ്ഥാനത്തുനിന്ന് നീക്കിയതായി പാര്‍ട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.
ഷിന്ദേവിഭാഗം ശിവസേനയുടെ പാല്‍ഘര്‍ മേഖലയിലെ പ്രധാനനേതാവായിരുന്നു രാജേഷ് ഷാ. സംഭവത്തിനുശേഷം മകന്‍ മിഹിര്‍ ഷായെ ഒളിവില്‍പ്പോകാന്‍ സഹായിച്ചതിന് രാജേഷ് ഷായെ അറസ്റ്റുചെയ്തിരുന്നു. ഷായ്ക്ക് പിന്നീട് കോടതി ജാമ്യമനുവദിച്ചു.
അപകടത്തിനുശേഷം ഒളിവിലായിരുന്ന മിഹിര്‍ ഷായെ ചൊവ്വാഴ്ച മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഇയാളെ കണ്ടെത്താന്‍ 14 സംഘങ്ങളെ പോലീസ് നിയോഗിച്ചിരുന്നു. കൂടാതെ രാജ്യംവിട്ടുപോകാതിരിക്കാനായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. മിഹിര്‍ ഓടിച്ച ആഡംബരക്കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഭര്‍ത്താവിനൊപ്പം യാത്രചെയ്യുകയായിരുന്ന കാവേരി നഖ്വ എന്ന സ്ത്രീയാണ് മരിച്ചത്.
ആദിത്യ താക്കറെ കാവേരി നഖ്വയുടെ കുടുംബത്തെ സന്ദര്‍ശിച്ചു
മുംബൈ: ശിവസേന നേതാവ് രാജേഷ് ഷായുടെ മകന്‍ പ്രധാന പ്രതിയായ മുംബൈ ആഡംബരകാര്‍ കേസില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ ആവശ്യപ്പെട്ടു. കേസില്‍ ശിക്ഷാനടപടിയായി രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷായുടെ വീട്ടില്‍ സര്‍ക്കാര്‍ ബുള്‍ഡോസര്‍ പ്രവര്‍ത്തിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ആദിത്യ ചോദിച്ചു.
വര്‍ളിയില്‍ മിഹിര്‍ ഷാ ഓടിച്ചിരുന്ന ബി.എം.ഡബ്ല്യു കാര്‍ ഇരുചക്രവാഹനത്തില്‍ ഇടിക്കുകയും പിന്നില്‍ സഞ്ചരിച്ചിരുന്ന കാവേരി നഖ്വ മരിക്കുകയും ഭര്‍ത്താവ് പ്രദീപ് പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ബുള്‍ഡോസര്‍ നീതിയില്‍ വിശ്വസിക്കുന്ന ഭരണകൂടം പ്രധാനപ്രതിയുടെ വീട്ടില്‍ ബുള്‍ഡോസര്‍ ഓടിക്കണം- ആദിത്യ താക്കറെ പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്ന് പ്രതികള്‍ക്കെതിരെ ഇത്തരം നിരവധി ശിക്ഷാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കരഞ്ഞ് വിളിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയെന്ന് അപകടത്തില്‍ മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് പ്രദീപ് നഖ്വ ആദിത്യ താക്കറെയോട് പറഞ്ഞു. അമ്മയെവിടെ എന്ന് ചോദിച്ച് മകള്‍ കരയുന്നെന്നും ഞാന്‍ എവിടെനിന്നാണ് അവള്‍ക്ക് അമ്മയെ കൊടുക്കുക എന്നും കണ്ണീരോടെ പ്രദീപ് ചോദിച്ചു. കാറിന് പിന്നാലെ അരകിലോമീറ്ററോളം ദൂരം ഓടി. ഭാര്യയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
നിലവിളിച്ചു. അവര്‍ വാഹനം നിര്‍ത്തിയില്ല, വേഗത്തില്‍ ഓടിച്ചു പോയി. കാര്‍ ഒന്ന് നിര്‍ത്തിയിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു പ്രദീപ് നഖ്വ പറയുന്നു.
താന്‍ സാധാരണക്കാരനാണെന്നും പാവപ്പെട്ടവനെ ആര് ശ്രദ്ധിക്കാനെന്നും ചോദിച്ച പ്രദീപ്, പ്രതി ഉയര്‍ന്ന നിലയിലുള്ള ആളുടെ മകനാണെന്നും അയാള്‍ക്ക് പ്രതിരോധം തീര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: mumbai bmw hit and run case more details about mihir shah
Published: 11 Jul 2024, 10:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented