മുംബൈ: മുംബൈയിൽ ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിന് കാരണമായത് ഭക്ഷ്യവിഷബാധയല്ലെന്നും മറിച്ച് തണ്ണിമത്തനിലൂടെ ഉള്ളിൽ ചെന്ന എലിവിഷമാണെന്നും റിപ്പോർട്ട്. മരിച്ചവരുടെ ശരീരത്തിലും അവർ കഴിച്ച പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിയെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷാംശത്തിന്റെ സാന്നിധ്യം അടങ്ങിയിരുന്നതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.
ഏപ്രിൽ 25-ാം തീയതി ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. അബ്ദുള്ള ദൊകാഡിയ (45), ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവരാണ് മരിച്ചത്. സംഭവദിവസം മുംബൈയിലെ തങ്ങളുടെ വീട്ടിൽ ഇവർ ബന്ധുക്കൾക്കായി വിരുന്നൊരുക്കിയിരുന്നു. ബന്ധുക്കൾ പോയശേഷം രാത്രി ഒരു മണിയോടെയാണ് കുടുംബം തണ്ണിമത്തൻ കഴിച്ചത്.
പിന്നാലെ ഉറങ്ങാൻ കിടന്നെങ്കിലും പുലർച്ചെ അഞ്ച് മണിയോടെ എല്ലാവർക്കും കഠിനമായ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം കുടുംബ ഡോക്ടറെ കാണിച്ചു, അവർ ഉടൻതന്നെ എല്ലാവരേയും അടുത്തുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഞായറാഴ്ച രാവിലെ 10 മണിയോടെ ഇളയമകൾ മരിച്ചു. പിന്നാലെ മറ്റുള്ളവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരിച്ചവരുടെ തലച്ചോർ, ഹൃദയം, കുടൽ എന്നിവയുൾപ്പെടെയുള്ള ചില ആന്തരികാവയവങ്ങൾ പച്ചനിറമായി മാറിയിരുന്നതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. വിഷബാധയെ സൂചിപ്പിക്കുന്ന ഈ കണ്ടെത്തലിന് പിന്നാലെയാണ് പോലീസ് വിശദമായ പരിശോധനയിലേക്ക് കടന്നത്. ഇതിലാണ് ഇവരുടെ ഉള്ളിൽ എലിവിഷത്തിൽ ഉപയോഗിക്കുന്ന സിങ്ക് ഫോസ്‌ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഇവർ കഴിച്ച തണ്ണിമത്തന്റെ സാമ്പിളുകളിലും സിങ്ക് ഫോസ്‌ഫൈഡ് കണ്ടെത്തിയിരുന്നു. ഭക്ഷണം കഴിച്ച അതിഥികൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ, ഈ രാസവസ്തു അബദ്ധത്തിൽ പഴത്തിൽ കലർന്നതാണോ അതോ ആരെങ്കിലും മനഃപൂർവ്വം കലർത്തിയതാണോ എന്ന് അന്വേഷിച്ചുവരികയാണ് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അബ്ദുള്ള ദൊകാഡിയയുടെ ശരീരത്തിൽ മോർഫിൻ എന്ന ശക്തമായ വേദനാസംഹാരിയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഇത് മുൻപ് നടന്ന ഏതെങ്കിലും ചികിത്സയുടെ ഭാഗമാണോ, അബദ്ധത്തിൽ ശരീരത്തിലെത്തിയതാണോ അതോ ഇതിൽ കൂടുതൽ ദുരൂഹതയുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി പോലീസ് മറ്റ് കുടുംബാംഗങ്ങളുടെ മൊഴികൾ രേഖപ്പെടുത്തി വരികയാണ്.
Content Highlights: Forensic tests confirm the Mumbai family died from lethal rodenticide (Zinc Phosphite). Toxic substances were identified in both the victims' bodies and the watermelon samples. Investigators are probing whether the contamination was accidental or deliberate. Initial autopsy findings showed green discoloration of internal organs. Presence of morphine in the father's system remains under investigation.
Published: 07 May 2026, 09:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented