മുക്കം: മലയോരമേഖലയിൽ തുടരുന്ന മോഷണപരമ്പരകളിൽ പോലീസിനും രക്ഷയില്ല. മുക്കത്ത് എസ്.ഐ. വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പട്ടാപ്പകൽ നടന്ന മോഷണത്തിൽ പണവും ഉപകരണങ്ങളും നഷ്ടമായി. സംഭവത്തിൽ അരീക്കോട് പുത്തൻപീടികസ്വദേശി മിയാസ് ബാബുവിനെ (19) മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം.
മുത്തേരി കാപ്പുമല വളവിൽ ബെവറജസ് ഔട്ട്‌ലെറ്റിന് സമീപം എസ്.ഐ. ശ്രീരാഗ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. മുക്കത്തെ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഒട്ടേറെ മുറികളുള്ള ഈ വീട്ടിലെ ഒരു മുറിയിലാണ് എസ്.ഐ. വാടകയ്ക്ക് താമസിച്ചിരുന്നത്. തൊട്ടടുത്ത മുറിയിൽ വീട്ടുടമയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളാണ് താമസിച്ചിരുന്നത്.
വൈകീട്ട് മൂന്ന് മണിയോടെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ സനീഷ് വീടിന്റെ പ്രധാനവാതിൽ തുറന്നപ്പോഴാണ് അപരിചിതനായ ഒരാളെ വീടിനകത്ത് കണ്ടത്. രണ്ടുപേർ ഓടി രക്ഷപ്പെടുന്നത് കണ്ടതോടെ, സംശയം തോന്നിയ സനീഷ്, മിയാസ് ബാബുവിനെ കീഴ്‌പ്പെടുത്തി മുക്കം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടനെ സ്ഥലത്തെത്തിയ മുക്കം പോലീസ് മിയാസ് ബാബുവിനെ കസ്റ്റഡിയിലെടുത്തശേഷം നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്.
വീടിന്റെ പിന്നിലെ വാതിൽ കുത്തിപ്പൊളിച്ചാണ് മൂന്നംഗം മോഷണസംഘം വീടിനകത്ത് കയറിയത്. മോഷണ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. വീടിനകത്തെ മൂന്ന് വാതിലുകളും തകർത്ത പ്രതികൾ മുറികളിൽ കയറിയിട്ടുണ്ട്. എസ്.ഐയുടെ താമസസ്ഥലത്ത്നിന്ന് 8500 രൂപയും പവർബാങ്കും ഡ്രിമ്മറും ഓടിരക്ഷപ്പെട്ട പ്രതികൾ കൊണ്ടുപോയിട്ടുണ്ട്. ലാപ് ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് സാധനങ്ങൾ വീടിന് പുറത്ത് എത്തിച്ചെങ്കിലും കൊണ്ടുപോവാൻ സാധിച്ചിട്ടില്ല.
ബെവറജസ് ഔട്ട് ലെറ്റിലെത്തി മദ്യപിച്ചശേഷം, പ്രതികൾ മദ്യലഹരിയിൽ മോഷണം നടത്തുകയായിരുന്നുവെന്നാണ് സൂചന. കൂടെയുണ്ടായിരുന്ന മോഷ്ടാക്കളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടനെ പിടികൂടുമെന്നും മുക്കം പോലീസ് പറഞ്ഞു.
മലയോര മേഖലയിൽ അടുത്തിടെ നടന്ന മോഷണങ്ങളിൽ പ്രതികളെ പിടികൂടാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുന്നതിനിടെയാണ് മുക്കത്ത് എസ്.ഐ.യുടെ താമസസ്ഥലത്ത് മോഷണം നടക്കുന്നത്.
Content Highlights: Theft occurred at the rented residence of a Mukkam Police SI., Miyas Babu (19) was captured by a witness and handed over to police., The burglars broke in through the back door and stole cash and electronics., Police are currently tracking two other suspects involved in the crime., The incident highlights rising concerns over thefts in the Mukkam hilly region.
Published: 25 Apr 2026, 09:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented