നേമം (തിരുവനന്തപുരം): ചികിത്സ ലഭിക്കാതെ വീട്ടിൽനടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് നയാസിനെതിരെ ഗുരുതര ആരോപണങ്ങൾ. പാലക്കാട് സ്വദേശിനിയായ ഷമീറ ബീവി(39)യുടെയും നവജാത ശിശുവിന്റെയും മരണത്തിലാണ് പൂന്തുറ സ്വദേശിയായ ഭര്‍ത്താവ് നയാസിനെതിരേ കൂടുതല്‍ ആരോപണമുയരുന്നത്.
മക്കള്‍ക്ക് പോളിയോ പോലും കൊടുക്കാന്‍ സമ്മതിക്കാത്ത വിചിത്ര സ്വഭാവക്കാരനാണ് നയാസെന്ന് അംഗന്‍വാടി അധ്യാപിക പ്രഭ പറയുന്നു. മകളെ അംഗന്‍വാടിയില്‍ ചേര്‍ക്കാന്‍പോലും ഇയാള്‍ വിസമ്മതിച്ചിരുന്നു. ഏറെ നിര്‍ബന്ധിച്ചതോടെ മകളെ മാത്രം ചേര്‍ത്താല്‍ മതിയെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ മകളുടെ ജനന തീയതിയോ വിവരങ്ങളോ ഒന്നും തന്നില്ല. പിന്നീട് വിളിച്ചപ്പോള്‍ കുടുംബത്തോടൊപ്പം പാലക്കാട് പോയെന്ന് അറിയിച്ച് ഫോണ്‍ കട്ടുചെയ്യുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
പകല്‍ വന്നാല്‍ വീട് അടച്ചിട്ടിരിക്കുകയായിരിക്കും. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. ആശപ്രവര്‍ത്തകര്‍ എത്തിയാല്‍ അവരെ വീട്ടില്‍ കയറാന്‍ സമ്മതിക്കില്ല. വിഷയത്തില്‍ നാട്ടുകാര്‍ ഇടപെടേണ്ടതില്ലെന്നും തന്റെ ഭാര്യയെ എങ്ങനെ നോക്കണണമെന്ന് തനിക്കറിയാമെന്നും പറഞ്ഞ് ഇയാള്‍ നാട്ടുകാരെ അകറ്റുകയായിരുന്നെന്നും ആരോപണമുണ്ട്. കുട്ടികള്‍ക്ക് മിഷന് ഇന്ദ്രധനുസിന്റെ ഭാഗമായുള്ള വാക്സിന് നല്‍കുന്നതിന് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോഴും അതിനെയും ഇയാള്‍ എതിര്‍ത്തിരുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
കാരയ്ക്കാമണ്ഡപത്തിലെത്തുന്നതിന് മുമ്പ് ഇവര്‍ നെടുമങ്ങാടായിരുന്നു താമസിച്ചിരുന്നത്. അവിടെ നിന്ന് എത്തിയിട്ട് എട്ടുമാസം മാത്രമേ ആയിട്ടുള്ളു. ഷമീറ ഗര്‍ഭിണിയാണെന്ന് സമീപവാസികള്‍ പോലും അറിഞ്ഞിരുന്നില്ല. വീടിന്റെ പടിയിറങ്ങാന്‍ ബുദ്ധിമുട്ടിയിരുന്ന ഷമീറയോട് സംസാരിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നും ആദ്യത്തെ മൂന്ന് പ്രസവം സിസേറിയനായിരുന്നെന്നും അറിഞ്ഞതെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇത് അറിഞ്ഞപ്പോള്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ പോകണമെന്ന് അയൽക്കാർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഷമീറയെ മറ്റുള്ളവരുമായി സംസാരിക്കുന്നതില്‍ നിന്ന് നിയാസ് തടഞ്ഞുവെന്നാണ് വിവരം.
വീട്ടിൽ എന്താണ് നടക്കുന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. ഷമീറ മരിച്ച ദിവസം ഒരു വാഹനത്തിൽ പെണ്‍കുട്ടിയുമായി നയാസ് വരുന്നത് കണ്ടുവെന്ന് ഇവര്‍ പറയുന്നു. ഇത് നയാസിന്റെ മണക്കാട് താമസിക്കുന്ന മറ്റൊരു ഭാര്യയിലുള്ള മകളാണെന്നാണ് വിവരം. 17 വയസുകാരിയായ ഈ പെൺകുട്ടിയേക്കൊണ്ടാണ് പ്രസവം എടുക്കാന്‍ ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഈ കുട്ടിയെയും പോലീസ് ചോദ്യം ചെയ്യലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് ഷമീറയ്ക്കു പ്രസവവേദനയുണ്ടായത്. അമിതരക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയായി. തുടർന്ന് ഭർത്താവ് ആംബുലൻസ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. എന്നാല്‍, വിവരം പുറത്തറിഞ്ഞത് പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തതിന് ശേഷമാണ്. രാത്രി 10.30 ന് ശേഷമാണ് മരണത്തിലെ ദുരൂഹത പുറത്തായത്. പിന്നീട് കേസെടുത്ത നേമം പോലീസ് നയാസിനെ അറസ്റ്റുചെയ്യുകയായിരുന്നു.
വിഷയത്തില്‍ പോലീസിനെതിരെയും ആക്ഷേപങ്ങളുയരുന്നുണ്ട്. വിഷയത്തില്‍ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ വൈകിയെന്നും യുവതി മരിച്ചിട്ട് ഏറെ നേരം കഴിഞ്ഞാണ് പോലീസ് നടപടിയെടുത്തതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Content Highlights: Mother and child died during home delivery
Published: 21 Feb 2024, 12:39 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented