കോഴിക്കോട്: മോരിക്കരയിൽ യുവതിയെ കെട്ടിത്തൂക്കിക്കൊന്ന സംഭവത്തിൽ ഐഡിയൽ ഇൻഡസ്ട്രിയലിൽ എലത്തൂർ പോലീസ് ബുധനാഴ്ച തെളിവെടുപ്പുനടത്തി. എലത്തൂർ ഇൻസ്‌പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് ഫൊറൻസിക് വിദഗ്‌ധരും വിരലടയാളവിദഗ്‌ധരും ഉൾപ്പെടെയുള്ള അന്വേഷണസംഘം തെളിവെടുപ്പു നടത്തിയത്.

To advertise here,

രാവിലെ 11.30-ന്‌ ആരംഭിച്ച തെളിവെടുപ്പ് ഉച്ചവരെ തുടർന്നു. യുവതിയെ കൊന്ന തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ കെ. വൈശാഖനെ (35) വിട്ടുകിട്ടാൻ കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് കസ്റ്റഡി അപേക്ഷയും നൽകിയിട്ടുണ്ട്. കൂടുതൽ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമാണിത്. ഡിസംബർ 24-ന് യുവതി, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി വൈശാഖനായിരിക്കുമെന്ന് ഡയറിയിൽ എഴുതിയിട്ടുണ്ടായിരുന്നു. തന്നെ 16 വയസ്സുമുതൽ അദ്ദേഹം പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും അക്കാലംമുതൽ ഇതുവരെയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഡയറിയിൽ എഴുതിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഇൻഡസ്ട്രിയലിൽനിന്ന് പോലീസ് കണ്ടെടുത്ത യുവതിയുടെ ബാഗിൽ ഈ ഡയറി ഉണ്ടായിരുന്നു.

മറ്റ് ഒട്ടേറെ സ്ത്രീകളുമായി വഴിവിട്ടബന്ധം തുടരുന്നുണ്ടെന്ന വിവരം യുവതിക്ക് അറിയാമായിരുന്നു. ഇതിനെച്ചൊല്ലി യുവതിയും വൈശാഖനും തമ്മിൽ വാക്തർക്കമുണ്ടായിട്ടുണ്ട്. വിവാഹം കഴിക്കാൻ യുവതി നിർബന്ധിക്കുകയും ചെയ്തു. കൂടാതെ വൈശാഖന്റെ ഇത്തരം ചെയ്തികളെല്ലാം ഭാര്യയോട് പറയുമെന്നും ഇതുവരെയുള്ള എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതിലെ വിരോധവും കൊലയ്ക്കു കാരണമായെന്ന് പോലീസ് പറഞ്ഞു.

രതിവൈകൃതങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തികൂടിയായിരുന്നു യുവാവ്. വ്യക്തിവിരോധം പ്രകടിപ്പിക്കാതെ ഒപ്പംനിർത്താനും എതിരഭിപ്രായങ്ങൾ ഉണ്ടാവാതിരിക്കാനും യുവതിയെ ഒട്ടേറെ കൗൺസലിങ്‌ കേന്ദ്രങ്ങളിൽ വൈശാഖൻ കൊണ്ടുപോയിരുന്നു. ഇവിടങ്ങളിൽ തെളിവെടുപ്പുനടത്തും. ഇരുവരും ഒരേസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് തെളിയിക്കാനായി സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള തെളിവെടുപ്പു പൂർത്തിയാക്കും.

യുവതിയെ കെട്ടിത്തൂക്കിയ ഇൻഡസ്ട്രിയലിൽനിന്ന് കണ്ടെടുത്ത ഹാർഡ് ഡിസ്‌ക്, സി.സി.ടി.വി. ദൃശ്യങ്ങൾ എന്നിവ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേയുള്ള തെളിവുകൾ ശേഖരിക്കാൻ വ്യാഴാഴ്ച പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.

കേസിനാസ്പദമായ സംഭവം നടന്ന മോരിക്കരയിലെ ഐഡിയൽ ഇൻഡസ്ട്രിയലിനുള്ളിൽ പ്രതിയെ എത്തിച്ച് തെളിവെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത് പറഞ്ഞു.