
ലഖ്‌നൗ: മാർച്ച് ആറിന് സൗരഭ് രജ്പുത്തിന്റെ സഹോദരി ചിങ്കിക്ക് അദ്ദേഹത്തിന്റെ നമ്പറിൽ നിന്ന് ഒരു വാട്സാപ്പ് സന്ദേശം ലഭിച്ചു. ഹോളിക്ക് മീററ്റിൽ വരുമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു സന്ദേശം. അതിന് മറുപടി നൽകിയ ചിങ്കിക്ക് മറ്റൊരു സന്ദേശം അതേ നമ്പറിൽ നിന്ന് വന്നു, താൻ സ്ഥലത്തില്ലെന്നും ഹോളി കഴിഞ്ഞ ശേഷം മാത്രമേ തിരിച്ചു വരൂ എന്നായിരുന്നു റീപ്ലെ. എന്നാൽ അപ്പോഴൊന്നും സൗരഭ് രജ്പുത്തിന്റെ സഹോദരി അറിഞ്ഞില്ല, തന്റെ സഹോദരനെ കൊന്ന് വീപ്പക്കുള്ളിൽ സിമന്റിട്ട് വെച്ചിരിക്കുന്നുവെന്ന കാര്യം.
ഉത്തർപ്രദേശിലെ മീററ്റിൽ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ സൗരഭ് രജ്പുത്തിന്റെ സഹോദരിയുടെ വാട്സാപ്പ് സന്ദേശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. സഹോദരനാണെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് പ്രതി തന്നെയാണ് സൗരഭ് രജ്പുത്തിന്റെ വാട്സാപ്പ് കൈകാര്യം ചെയ്തതെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുത്തിന്റെ കൊലപാതകത്തിന് പിന്നിൽ ഭാര്യ മുസ്കാൻ റസ്തോഗിയും കാമുകൻ സാഹിൽ ശുക്ലയുമാണെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഈ സന്ദേശങ്ങൾക്കൊക്കെ പിന്നിൽ ഭാര്യ മുസ്കാൻ തന്നെ ആണെന്ന് സൗരഭ് രജ്പുത്തിന്റെ കുടുംബം കണ്ടെത്തിയത്. സന്ദേശങ്ങൾക്ക് മറുപടി നൽകുന്നതല്ലാതെ ഈ നിമിഷങ്ങളിൽ ഫോൺ വിളിച്ചാൽ എടുക്കുന്നുണ്ടായിരുന്നില്ലെന്നും കുടുംബം പറയുന്നു.
ആദ്യ സന്ദേശങ്ങൾക്ക് ശേഷം മാർച്ച് 8ന് സൗരഭ് രജ്പുത്തിന്റെ വാട്സാപ്പിലേക്ക് ചിങ്കി മറ്റൊരു സന്ദേശം കൂടി അയച്ചു. മകളെ കൂടെ കൊണ്ടുപോയില്ലേ എന്നായിരുന്നു അത്. എന്നാൽ താൻ പോയിടം -10 ഡിഗ്രി സെൽഷ്യസ് ആണെന്നും അവിടെ കുട്ടിയേയും കൊണ്ടു വന്നാൽ അസുഖം വരാനുള്ള സാഹചര്യം ഉണ്ടെന്നുമായിരുന്നു മറുപടി. പരസ്പരം ഇരുവരും ഹോളി ആശംസകളും കൈമാറി. മാർച്ച് 15-ന് ചിങ്കി വീണ്ടും അതേ നമ്പറിലേക്ക് സന്ദേശം അയച്ചു. എപ്പോൾ തിരികെ വരും എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഇത്തവണ ചിങ്കി സന്ദേശം അയച്ചത്. ഒരു പാർട്ടി ഉണ്ടെന്നും എപ്പോൾ തിരികെ എത്തുമെന്ന് പറയാൻ സാധിക്കില്ലെന്നും അതിന് മറുപടി ലഭിച്ചു. പാർട്ടി ആസ്വദിക്കൂ എന്ന് മറുപടി നൽകിയ ചിങ്കി, വീട്ടിലെ ഹോളിയുടെ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.
മാർച്ച് 16-ന് നിരവധി തവണ സൗരഭ് രജ്പുത്തിന്റെ ഫോണിലേക്ക് ചിങ്കി വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. നാലോളം തവണ വിളിച്ചെങ്കിലും ഫോൺ മറുപടി ലഭിക്കാതായപ്പോൾ സൗരഭ് രജ്പുത്തിന്റെ കുടുംബത്തിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
സൗരഭ് രജ്പുത്തിനെ കൊലപ്പെടുത്തിയതിന് പിന്നാലെ മുസ്കാനും കാമുകൻ സഹിൽ ശുക്ലയും ഹിമാചലിലേക്ക് ട്രിപ്പ് പോയിരുന്നു. ഇവർ സൗരഭ് രജ്പുത്തിന്റെ ഫോണും കൈയിൽ കരുതിയിരുന്നു. സംശയം തോന്നാതിരിക്കാൻ സൗരഭിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ ഇടക്കിടെ ഫോട്ടോകൾ അപ്ലോഡ് ചെയ്തുകൊണ്ടിരുന്നു. വരുന്ന മെസ്സേജുകൾക്ക് റീപ്ലെ നൽകുകയും ചെയ്തു. എന്നാൽ കോൾ എടുക്കാതായതോടെ പ്രതികൾ കുടുങ്ങുകയായിരുന്നു.
തിങ്കളാഴ്ചയാണ് മുസ്കാനും സാഹിലും തിരിച്ച് മീററ്റിൽ എത്തുന്നത്. തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ മുസ്കാൻ വീട്ടിൽ പോയി താനും സാഹിലും ചേർന്ന് സൗരഭ് രജ്പുത്തിനെ കൊലപ്പെടുത്തിയെന്ന് തന്റെ മാതാപിതാക്കളോട് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അപ്പോഴേക്കും സൗരഭിന്റെ കുടുംബം കേസ് ഫയൽ ചെയ്തിരുന്നു.
വീപ്പയിൽ സിമന്റ് നിറച്ച് മൃതദേഹങ്ങൾ ഇട്ടുവെച്ചതിനാൽ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ചുറ്റികയും ഉളിയും ഉപയോഗിച്ച് മൃതദേഹം പുറത്തെടുക്കാൻ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഡ്രിൽ ഉപയോഗിച്ചാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഇവ പിന്നീട് പോസ്റ്റ്മോർട്ടത്തിനായയച്ചു.
കൊലപാതകത്തിന് പിന്നിൽ പ്രതികളുടെ ലഹരി ഉപയോഗത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. മുസ്കാനും സാഗിലും മയക്കുമരുന്നിന് അടിമകളാണെന്ന് മുസ്കാന്റെ മാതാപിതാക്കൾ പറയുന്നുണ്ട്.
മുസ്കാന് വേണ്ടി സൗരഭ് രജ്പുത്ത് എല്ലാം നഷ്ടപ്പെടുത്തിയെന്ന് മുസ്കാന്റെ മാതാപിതാക്കൾ പറഞ്ഞു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളും മാതാപിതാക്കളേയും അവൻ ഉപേക്ഷിച്ചു. അവൻ ഞങ്ങളുടേയും മകനായിരുന്നു- എന്നായിരുന്നു മുസ്കാന്റെ മാതാവ് കവിത പറഞ്ഞത്.
Content Highlights: merchant navy officers whatsapp chat with sister says after his murder
Published: 19 Mar 2025, 08:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented