ലഖ്‌നൗ: ഞെട്ടിക്കുന്ന കൊലപാതക വാർത്തയാണ് ഉത്തർപ്രദേശിൽ നിന്ന് പുറത്തുവരുന്നത്. ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്ന് വീപ്പക്കുള്ളിൽ സിമന്റിട്ട് ഒളിപ്പിച്ചതായാണ് പോലീസ് പറയുന്നത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന സൗരഭ് രജ്പുത്താണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യ മുസ്കാൻ റസ്തോഗിയേയും കാമുകൻ സാഹിൽ ശുക്ലയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

To advertise here,

ഏറെ ആസൂത്രണത്തിനൊടുവിലായിരുന്നു കൊലപാതകമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മാർച്ച് നാലിനാണ് 29 കാരനായ സൗരഭ് രജ്പുത്തിനെ കാണാതാകുന്നത്. തുടർന്ന് അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

കുടുംബത്തിൽ നിന്നുള്ള എതിർപ്പുകൾ മറികടന്നാണ് 2016-ൽ മുസ്കാനും സൗരഭും വിവാഹിതരാകുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഭാര്യയോടുള്ള സ്നേഹം കാരണം, ഭാര്യക്കൊപ്പം കൂടുതൽസമയം ചെലവഴിക്കാനുള്ള ആഗ്രഹം കൊണ്ട് വിവാഹത്തിന് പിന്നാലെ അദ്ദേഹം ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. ജോലി ഉപേക്ഷിച്ചതും പ്രണയവിവാഹവുമൊക്കെ സൗരഭിന്റെ വീട്ടിലും ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇതിനെത്തുടർന്ന് ഇരുവരും വാടക വീട്ടിലേക്ക് മാറി. 

2019-ൽ ഇരുവർക്കും ഒരു കുട്ടി ജനിച്ചു. എന്നാൽ അവരുടെ സന്തോഷം ഏറെ കാലം നീണ്ടുനിന്നില്ല. അവർക്കിടയിലേക്ക് മൂന്നാമതൊരാൾ കൂടി കടന്നുവന്നു. സഹിൽ എന്നയാളുമായി മുസ്കാൻ സൗഹൃദത്തിലായി. ഇത് സൗരഭിനും മുസ്കാനുമിടയിലുള്ള ജീവിതത്തിൽ വിള്ളൽ വീഴ്ത്തി. ഒടുവിൽ ഇരുവരുടേയും ബന്ധം വിവാഹമോചനം വരെ എത്തിയെങ്കിലും മകളുടെ ഭാവി ഓർത്ത് മാത്രം സൗരഭ് അതിൽ നിന്ന് പിന്തിരിയുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് വീണ്ടും അദ്ദേഹം മെർച്ചന്റ് നേവിയിൽ ചേർന്നു. 2023-ൽ അദ്ദേഹം ജോലിക്കായി രാജ്യം വിട്ടു.

ഫെബ്രുവരി 28-നായിരുന്നു മകളുടെ ആറാം പിറന്നാൾ. തന്റെ കുട്ടിയുടെ പിറന്നാളിന് ഏറെ സന്തോഷത്തോടെയായിരുന്നു സൗരഭ് നാട്ടിലേക്ക് തിരിച്ചത്. എന്നാൽ അത് തന്റെ അവസാന യാത്രയാകുമെന്ന് അദ്ദേഹം അറിഞ്ഞില്ല. കുടുംബത്തെ അറിയിക്കാതെ സർപ്രൈസ് ആയിട്ടായിരുന്നു സൗരഭ് നാട്ടിലെത്തിയത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.നാട്ടിലെത്തിയ അദ്ദേഹത്തിന് മുസ്കാനും കാമുകൻ സാഹിൽ ശുക്ലയും ചേർന്ന് സൗരഭിനെ കൊല്ലാനുള്ള പദ്ധതികൾ തയ്യാറാക്കി. 

മാർച്ച് നാലിന് - ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തിക്കൊടുക്കാനായിരുന്നു തീരുമാനം. ഉറങ്ങിയ ശേഷം കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. ശരീരം വിവിധ ഭാഗങ്ങളായി കൊത്തിനുറുക്കി. ഡ്രമ്മിലിട്ട് സിമന്റിട്ട് ഉറപ്പിക്കുകയായിരുന്നു. എല്ലാം പദ്ധതിപ്രകാരം നടന്നു. അതിക്രൂരമായി സൗരഭിനെ കൊലപ്പെടുത്തി. ശേഷം ഡ്രമ്മിലിട്ട്സി മന്റിട്ട് ഉറപ്പിച്ചു. പതിനഞ്ചോളം കഷ്ണങ്ങളാക്കിയ ശേഷമാണ് ശരീരം സിമന്റിലിട്ടുറപ്പിച്ചതെന്ന് പോലീസ് പറയുന്നു. 

പത്ത് ദിവസങ്ങൾക്ക് ശേഷം വീടിനുള്ളിൽനിന്ന് ദുർഗന്ധം വമിക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് അയൽവാസികൾ പോലീസിൽ പരാതിപ്പെട്ടു. പോലീസെത്തിയപ്പോഴേക്കും വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. ഡോർ പൊളിച്ച അകത്ത് കടന്ന പോലീസ് ഡ്രം ശ്രദ്ധയിൽപെട്ടതിനെത്തുടന്ന് പരിശോധിച്ചു. പരിശോധനയിലാണ് ഡ്രമ്മിനുള്ളിൽ നിന്ന് സൗരഭിന്റെ ശരീരം ലഭിക്കുന്നത്.

ഉടൻ തന്നെ പോലീസ് മുസ്കാനും കാമുകൻ സാഹിൽ ശുക്ലയ്ക്കും വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. എന്നാൽ ഈ സമയം ഇരുവരും ട്രിപ്പിലായിരുന്നു.

സൗരഭിനെ പരിചയക്കാർ അന്വേഷിച്ചപ്പോൾ സ്ഥലത്തില്ലെന്നായിരുന്നു ആദ്യനാളുകളിൽ മുസ്കാൻ പറഞ്ഞിരുന്നത്. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയും സംശയം ഉണ്ടാകാതിരിക്കാൻ വേണ്ടിയും സൗരഭിന്റെ ഫോണുമായിട്ടാണ് മുസ്കാനും സാഹിലും യാത്ര പോയത്. ഉത്തരാഖണ്ഡിലെ കൗസാനിയിലേക്കാണ് യാത്ര പോയത്. സൗരഭിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി ഫോട്ടോകൾ അപ്ലോഡ് ചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും ഇവർ ശ്രമിച്ചിരുന്നു. 

സിമന്റിട്ട് ഉറപ്പിച്ചതിനാൽ ഡ്രിൽ മെഷീൻ ഉപയോഗിച്ച് ഡ്രം പൊളിച്ചാണ് ശരീരഭാ​ഗങ്ങൾ പുറത്തെടുത്തത്. കൊല്ലപ്പെട്ട് 14 ദിവസത്തിന് ശേഷമായിരുന്നു സൗരഭിന്റെ മൃതദേഹം കണ്ടെടുത്തത്.