നെടുമ്പാശ്ശേരി: മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വർഷത്തിനുശേഷം പോലീസ് പിടിയിൽ. തൃശൂർ തലപ്പിള്ളി പൈങ്കുളം മങ്ങാട്ടുതൊടി വീട്ടിൽ രാഗേഷ് (ജുമാഞ്ചി 32) നെയാണ് നെടുമ്പാശ്ശേരി പോലീസ് ഹിമാചൽ പ്രദേശിലെ കുളുവിൽനിന്ന് പിടികൂടിയത്. ടൂറിസ്റ്റ് ഗൈഡായി ഒളിവിൽ കഴിയവേയാണ് അറസ്റ്റ്.

To advertise here,

2024 ജൂൺ 27-ന് ബംഗലൂരുവിൽനിന്ന് 316 ഗ്രാം എം.ഡി.എം.എ, 2 എൽ.എസ്.ടി.ഡി സ്റ്റാമ്പ്, 420 ഗ്രാം കഞ്ചാവ് എന്നിവ കാറിൽ കടത്താൻ ശ്രമിക്കവെ, പോലീസ് അത്താണിയിൽവെച്ച് വാഹനം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ ചാലയക്കൽ തോട്ടു മുഖം കുമ്പശേരി വീട്ടിൽ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെ അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തികസഹായം ചെയ്ത രാഗേഷ്, ഇവർ പിടിയിലായതറിഞ്ഞ് കുളുവിലേക്ക് ഒളിവിൽപ്പോയി. കുളുവിലെ ബേസ് ക്യാമ്പിൽനിന്ന് ഇരുപതു കിലോമീറ്റർ മുകളിലുള്ള ഒരു റിസോർട്ടിലാണ് ഇയാൾ കഴിഞ്ഞത്. അന്വേഷണ സംഘം വിനോദസഞ്ചാരികളായി വേഷംമാറി ദിവസങ്ങളോളം റിസോർട്ടിൽ തങ്ങിയ ശേഷം രാഗേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഡി.വൈ.എസ്.പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ, എസ്.ഐ മാരായ അരുൺ രാജ്, റോണി അഗസ്റ്റിൻ, എ. എസ്.ഐ എം.വി ബിനു, സി.പി.ഒ സജാസ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.