കൊച്ചി: ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആനക്കാട്ടില്‍ അനീഷിനെ (മരട് അനീഷ്) കൊച്ചി സിറ്റി പോലീസ് ആശുപത്രി വളഞ്ഞു പിടികൂടി. 2022-ല്‍ തൃക്കാക്കര പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന കൊലപാതകശ്രമ കേസിലും ഒക്ടോബര്‍ 31-ന് പനങ്ങാട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന തട്ടിക്കൊണ്ടുപോകല്‍ കേസിലും പോലീസ് ഇയാളെ അന്വേഷിക്കുകയായിരുന്നു.

To advertise here,

അനീഷിനെതിരേ കാപ്പ ചുമത്തിയിട്ടുണ്ട്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ കൈയ്ക്കു പരിക്കേറ്റ് ആശുപത്രിയിലെത്തിയതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എ. അക്ബറിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. 

രാത്രി 12.30 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് 25-ഓളം പോലീസുകാരടങ്ങിയ സംഘം അനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അനീഷിനെയും സംഘത്തെയും പിടിക്കാന്‍ 'ഓപ്പറേഷന്‍ മരട്' എന്ന പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും വിവിധ കേസുകളില്‍ പ്രതിയാണ് അനീഷ്. കേരളത്തില്‍ മാത്രം കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, ഗുണ്ടാപ്പിരിവ്, തുടങ്ങി 45 ഓളം കേസുകളുണ്ട്. കൈയ്ക്ക് പരിക്കുള്ളതിനാല്‍ അനീഷ് പോലീസ് കാവലില്‍ ആശുപത്രിയില്‍ തുടരുകയാണ്.