കൊച്ചി: സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ കേന്ദ്ര ജി.എസ്.ടി. വകുപ്പ് ഉന്നത ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. മനീഷ് വിജയ് നാട്ടിലേക്ക് യാത്ര പോയെന്നാണ് സഹപ്രവര്‍ത്തകര്‍ കരുതിയിരുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയെക്കുറിച്ച് അറിവുള്ള സഹപ്രവര്‍ത്തകര്‍ക്കുണ്ടായ സംശയമാണ് നടുക്കുന്ന മരണവാര്‍ത്ത പുറംലോകത്തെത്തിച്ചത്.

To advertise here,

ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെങ്കിലും പിന്നിലെ കാരണമെന്തെന്ന് സഹപ്രവര്‍ത്തകര്‍ക്കോ അയല്‍വാസികള്‍ക്കോ കൃത്യമായ ധാരണയുമില്ല. ഉദ്യോഗസ്ഥനും കുടുംബവും അയല്‍വാസികളോട് അടുപ്പം വെച്ചുപുലര്‍ത്തിയിരുന്നില്ല. മുന്‍പ് കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്റീവില്‍ ജോലിചെയ്തിരുന്ന മനീഷ് വിജയ് ഒന്നര വര്‍ഷം മുന്‍പാണ് കൊച്ചിയിലേക്കെത്തുന്നത്.

കാക്കനാട് താണപാടം - പടമുകള്‍ റോഡിലെ സെന്‍ട്രല്‍ എക്സൈസ് ക്വാര്‍ട്ടേഴ്സില്‍ മനീഷ് ഒറ്റയ്ക്കായിരുന്നു താമസം. മാസങ്ങള്‍ക്കു മുന്‍പാണ് അമ്മയും സഹോദരിയും ഇങ്ങോട്ടേക്കെത്തിയത്. എന്നാല്‍, ഇവരെ പുറത്തുകാണുന്നത് വിരളമായിരുന്നു. പ്രാര്‍ഥിക്കാനായി സിറ്റൗട്ടിലേക്ക് എത്തുമ്പോള്‍ മാത്രമാണ് മനീഷിന്റെ പ്രായമായ അമ്മയെ കണ്ടിട്ടുള്ളതെന്ന് അയല്‍വാസികള്‍ പറയുന്നു. അതിനാല്‍ വീട്ടില്‍നിന്ന് ആളനക്കമില്ലാതായിട്ടും ആര്‍ക്കും അസ്വാഭാവികത തോന്നിയില്ല.

തൊട്ടടുത്തുള്ള ഗ്രൗണ്ടില്‍ കളിക്കാനെത്തിയ കുട്ടികള്‍ പ്രദേശത്തുനിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അറിയിച്ചെങ്കിലും ഇങ്ങനെയൊരു അത്യാഹിതമുണ്ടായതായി ആരും സംശയിച്ചതുമില്ല. എന്നാല്‍, ജോലിയില്‍ കൃത്യനിഷ്ഠത പാലിച്ചിരുന്ന മനീഷ് അവധി കഴിഞ്ഞും ജോലിയില്‍ തിരികെ പ്രവേശിക്കാതെ വന്നതോടെയാണ് സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്തേക്ക് തേടിയെത്തിയത്.

മനീഷ് വിജയ് സ്വദേശമായ ഝാര്‍ഖണ്ഡിലേക്ക് പോകുന്നു എന്നു പറഞ്ഞാണ് അവധി എടുത്തത്. സഹോദരിയുടെ എന്തോ കാര്യങ്ങള്‍ തീര്‍ക്കാനായി പോകുന്നു എന്നാണ് ഓഫീസില്‍ ഒപ്പം ജോലി ചെയ്യുന്നവരോട് പറഞ്ഞത്. ദിവസങ്ങള്‍ക്കു മുന്‍പ് മാത്രം കണ്ടുപിരിഞ്ഞ ആളുടെ മരണം സഹപ്രവര്‍ത്തകര്‍ക്ക് ഞെട്ടലായി മാറി.

ആരോടും ഇടപഴകാത്ത, ഒതുങ്ങിയ പ്രകൃതമായിരുന്നു മനീഷിന്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അലട്ടിയിരുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് ആര്‍ക്കും ധാരണയില്ല. ഝാര്‍ഖണ്ഡ് സിവില്‍ സര്‍വീസില്‍ റാങ്ക് ജേതാവായ സഹോദരി ശാലിനി അവിടെ തന്നെയാണ് ജോലി ചെയ്തിരുന്നത്. വിജയിന്റെ അമ്മയ്ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഇടയ്ക്ക് അദ്ദേഹം സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ആത്മീയ കാര്യങ്ങളില്‍ താത്പര്യമുണ്ടായിരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട് ചിലപ്പോള്‍ വിജയ് കുടുംബത്തിനൊപ്പം തീര്‍ഥയാത്രകള്‍ പോകാറുണ്ട്.

കുടുംബത്തിന് സാമ്പത്തികമായി പ്രശ്‌നങ്ങളില്ല എന്നാണ് സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. അതേസമയം മനീഷിന് മറ്റൊരു സഹോദരി കൂടിയുള്ളതായാണ് വിവരം. കൂടാതെ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിനു സമീപത്ത് പേപ്പറുകള്‍ കൂട്ടിയിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനയിലൂടെ മാത്രമേ കത്തിച്ച പേപ്പറുകള്‍ക്ക് മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയാന്‍ കഴിയൂ.