തൃപ്രയാര്‍(തൃശ്ശൂര്‍): മണപ്പുറം ഗ്രൂപ്പിന്റെ സഹസ്ഥാപനമായ വലപ്പാട് മണപ്പുറം കോംപ്ടക് ആന്‍ഡ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡില്‍നിന്ന് അസി. ജനറല്‍ മാനേജര്‍ 19.94 കോടി രൂപ തട്ടിയെടുത്തു. കൊല്ലം കോര്‍പറേഷന്‍ 33-ാം ഡിവിഷന്‍ മുളങ്കാടകം പൊന്നമ്മ വിഹാറില്‍ ധന്യാ മോഹന്റെ (40) പേരിലാണ് സ്ഥാപന അധികൃതര്‍ വലപ്പാട് പോലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ധന്യ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അവിടെനിന്ന് വലപ്പാട് പോലീസിന് കൈമാറി.

To advertise here,

സ്ഥാപനത്തില്‍ നടന്ന പരിശോധനയില്‍ 80 ലക്ഷം രൂപയുടെ തട്ടിപ്പാണ് ആദ്യം കണ്ടെത്തിയത്. ഇതോടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് ഓഫീസില്‍നിന്ന് പോയ ധന്യ വലപ്പാട്ടെ വീട് പൂട്ടി സ്ഥലംവിട്ടു. വിശദപരിശോധനയിലാണ് 19.94 കോടി രൂപ തട്ടിയിട്ടുണ്ടെന്ന് വ്യക്തമായത്.

വലപ്പാട്ടെ വീട്ടില്‍ പരിശോധന നടത്തിയ പോലീസ് കാര്‍, സ്‌കൂട്ടര്‍, ലാപ്‌ടോപ്, എ.ടി.എം. കാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പുപണം ഉപയോഗിച്ച് വാങ്ങിയതെന്നു കരുതുന്ന വീട് കണ്ടുകെട്ടാനുള്ള നടപടികളും തുടങ്ങി. ഇവര്‍ക്ക് നാല് കാറുകളുള്ളതായി പോലീസിന് വിവരം ലഭിച്ചു. കൊല്ലത്ത് ആഡംബരവീട് നിര്‍മിക്കുന്നതായും വിവരമുണ്ട്. ധന്യയും ഭര്‍ത്താവ് കൊല്ലം കുരീപ്പുഴ കൊച്ചുകുഴിക്കനാത്ത് വസന്തും വിദേശത്തേക്ക് കടക്കാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

ഓണ്‍ലൈനായി വായ്പ നല്‍കുന്നതോടൊപ്പം സ്വന്തം അക്കൗണ്ടിലേക്കും പണം മാറ്റിയായിരുന്നു തട്ടിപ്പ്. പിന്നീടിത് അച്ഛന്റെ മൂന്ന് അക്കൗണ്ടുകളിലേക്കും ഭര്‍ത്താവിന്റെ രണ്ട് അക്കൗണ്ടുകളിലേക്കും മാറ്റി. ഇതുസംബന്ധിച്ച രേഖകള്‍ ഡിലീറ്റ് ചെയ്തു. അഞ്ചുവര്‍ഷമായി യുവതി ഈ വിധം തട്ടിപ്പ് നടത്തിവരുകയായിരുന്നുവെന്ന് റൂറല്‍ പോലീസ് സൂപ്രണ്ട് നവനീത് ശര്‍മ പറഞ്ഞു. വീടും സ്ഥലവും വാങ്ങാനാണ് ഈ പണം ചെലവിട്ടതെന്നു സൂചനയുണ്ട്.

കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. വി.കെ. രാജു, വലപ്പാട് എസ്.എച്ച്.ഒ. എം.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഏഴംഗങ്ങളടങ്ങുന്ന പ്രത്യേക സ്‌ക്വാഡാണ് അന്വേഷണത്തിനുള്ളത്. ധന്യയുടെ ഭര്‍ത്താവ്, അമ്മ, അച്ഛന്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഒളിവിലാണ്. കുടുംബാംഗങ്ങള്‍ക്ക് തട്ടിപ്പിനെക്കുറിച്ച് അറിയാമെന്നും പോലീസ് പറഞ്ഞു.

18 വര്‍ഷമായി സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ധന്യാ മോഹന്‍ വലപ്പാട്ട് വാടകവീട്ടിലായിരുന്നു താമസം. ആറുവര്‍ഷംമുമ്പാണ് വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപം വീട് വാങ്ങിയത്.

'പണം കൊടുത്ത് ചന്ദ്രനില്‍ അഞ്ച് സെന്റ് വാങ്ങി''

കൊല്ലം: ധന്യാ മോഹന്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതയായാണ് പ്രതികരിച്ചത്. കിട്ടിയ പണമൊക്കെ എവിടെയെന്ന് ചോദിച്ചപ്പോള്‍, ചന്ദ്രനില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങിയെന്നായിരുന്നു മറുപടി. രണ്ടുദിവസമായി വലപ്പാട് പോലീസ് ധന്യയ്ക്കായി കൊല്ലത്ത് തിരച്ചില്‍ നടത്തുകയായിരുന്നു.

ഓണ്‍ലൈന്‍ റമ്മി: ധന്യക്ക് രണ്ടുകോടി രൂപ ലഭിച്ചെന്ന്...

തൃപ്രയാര്‍: മണപ്പുറം കോംപ്ടക് ആന്‍ഡ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡില്‍നിന്ന് 19.94 കോടി രൂപ തട്ടിയ ധന്യാമോഹന്‍ ആദായനികുതി വകുപ്പിന്റെ നോട്ടീസിന് മറുപടി നല്‍കിയിരുന്നില്ല. ഓണ്‍ലൈന്‍ റമ്മിയില്‍നിന്ന് ലഭിച്ച രണ്ടുകോടി രൂപയുള്‍പ്പെടെ ഏഴുകോടിയോളം രൂപയുമായി ബന്ധപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയതെന്ന് പറയുന്നു. 

ധന്യ മുങ്ങിയശേഷം അവരുടെ ഓഫീസ് ലാപ്‌ടോപ് പരിശോധിച്ചപ്പോഴാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. എന്നാല്‍, ഓണ്‍ലൈന്‍ റമ്മിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല. 

തട്ടിപ്പു നടത്തിയെന്ന് വിശ്വസിക്കാനാകാതെ നാട്ടുകാര്‍

കൊല്ലം:വലപ്പാട് മണപ്പുറം കോംപ്ടക് ആന്‍ഡ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡില്‍നിന്ന് 19.94 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതി നെല്ലിമുക്കില്‍ പൊന്നമ്മ വിഹാറിലെ ധന്യമോഹന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ നാട്ടുകാരില്‍ അമ്പരപ്പ്. നെല്ലിമുക്ക് ജങ്ഷനില്‍ ബേക്കറിക്ക് എതിര്‍വശമാണ് ധന്യയുടെ വീട്. ശാന്തമായ സ്വഭാവവും മാന്യമായ പെരുമാറ്റവുമായിരുന്നെന്ന് ബേക്കറി ഉടമ ഹാരിസ് ഓര്‍ക്കുന്നു.

നഗരത്തിലെ സെയ്ന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പഠനം. തുടര്‍ന്ന് സോഫ്റ്റ്വേര്‍ എന്‍ജിനിയറിങ് പഠനശേഷം വീട്ടുകാര്‍ക്കൊപ്പം തൃശ്ശൂരിലേക്ക് താമസം മാറുകയായിരുന്നു. നാട്ടില്‍ ഭേദപ്പെട്ട സാമ്പത്തികനിലയുള്ള ധന്യയുടെ വീട് അടച്ചിട്ടിരിക്കുകയാണ്. പ്രധാന റോഡരികില്‍ മൂന്നുമുറി കടയുണ്ട്. ഇത് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഒരുമാസംമുന്‍പ് വീട്ടില്‍വന്ന് ഏതാനും ദിവസം താമസിച്ചിരുന്നു. ആ സമയം തന്റെ കടയിലെത്തി സാധനങ്ങള്‍ വാങ്ങിയിരുന്നു. പണമിടപാടില്‍ മാന്യയായ ധന്യ കടം ചോദിക്കുകയോ പറയുകയോ ചെയ്യുന്ന ആളായിരുന്നില്ലെന്നും ഹാരിസ് ഓര്‍ക്കുന്നു.

നാട്ടില്‍ വലിയ വീടുവയ്ക്കുന്നതായി അയല്‍ക്കാര്‍ക്ക് വിവരമൊന്നുമില്ല. നഗരത്തില്‍ മറ്റെവിടെയെങ്കിലും സ്ഥലം വാങ്ങിയതായും അറിവില്ല. 21 വയസ്സുവരെ മാത്രമേ നാട്ടില്‍ പതിവായി ഉണ്ടായിരുന്നുള്ളൂ. 18 വര്‍ഷമായി ജോലിചെയ്യുന്ന സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജര്‍ ആയിരിക്കെയാണ് ഇരുപതുകോടിയോളം രൂപയുടെ തട്ടിപ്പ് കേസില്‍ പിടിയിലാകുന്നത്. തൃശ്ശൂരില്‍നിന്ന് ഒളിവില്‍പ്പോയ ധന്യ വെള്ളിയാഴ്ച വൈകീട്ട് കീഴടങ്ങാന്‍ തീരുമാനിച്ച് ഒറ്റയ്ക്കാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിയത്.

ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന കഴിഞ്ഞ് വനിതാ സ്റ്റേഷനില്‍ ഏറെനേരം ഇരുത്തിയതില്‍ ധന്യ അസ്വസ്ഥയായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ വിവരമറിഞ്ഞ് സ്റ്റേഷനില്‍ തടിച്ചുകൂടി. പണത്തെപ്പറ്റി ചോദിച്ചപ്പോള്‍ കൈയിലിരുന്ന ബാഗ് കാട്ടി 'ഇതാ ഇതിലുണ്ട്; എടുത്തോണ്ട് പൊയ്‌ക്കോ' എന്നായിരുന്നു മറുപടി.