മാനന്തവാടി: നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയശേഷം റോഡരികിൽ ഉപേക്ഷിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുപ്പാടിത്തറ പുതുശ്ശേരിക്കടവ് ചാപ്പാളി വീട്ടിൽ സി. ജിഹാസി(25)നെയാണ് കോഴിക്കോട്ടുവെച്ച് പിടികൂടിയത്.
സംഭവത്തിനുശേഷം ജില്ല വിട്ടുപോയ ജിഹാസിനായി പോലീസ് തിരച്ചിൽ വ്യാപകമാക്കിയിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇയാൾ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് റെയിൽവേ പോലീസിന്റെ സഹായത്തോടെയാണ് ചൊവ്വാഴ്ച രാത്രി 12-ഓടെ കസ്റ്റഡിയിലെടുത്തത്. ദ്വാരക പുലിക്കാട് സ്വദേശിയായ നാലുവയസ്സുകാരിയെയാണ് ശനിയാഴ്ച രാത്രി ജിഹാസ് തട്ടിക്കൊണ്ടുപോയത്. വീട്ടിൽനിന്ന് ഏകദേശം ഏഴുകിലോമീറ്റർ മാറിയുള്ള തരുവണ പാലിയാണയിലാണ് രണ്ടുമണിക്കൂറിനുശേഷം കുട്ടിയെ കണ്ടെത്തിയത്.
ഊണും ഉറക്കവുമില്ലാതെ പോലീസ്, പ്രതിയെ പിടികൂടിയത് മൂന്നുദിവസത്തിനുള്ളിൽ
മാനന്തവാടി: നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയയാളെ കണ്ടെത്തുന്നതിനായി പോലീസ് നടത്തിയ അന്വേഷണത്തിന് ചൊവ്വാഴ്ച രാത്രിയോടെ പരിസമാപ്തിയായി. കുട്ടിയെ കാണാനില്ലെന്ന വാർത്ത പരന്നതുമുതൽ ആശങ്കയിലായ വീട്ടുകാർക്കും വിവരമറിഞ്ഞവർക്കും പോലീസിനും ആശ്വാസമായത് രണ്ടുമണിക്കൂറിനുശേഷം കുട്ടിയെ സുരക്ഷിതമായി കിട്ടിയതോടെയാണ്. പരിശോധിച്ച സി.സി.ടി.വി.കളിൽ ഭൂരിഭാഗത്തിലും വാഹനത്തിന്റെ നമ്പറും തട്ടിക്കൊണ്ടു പോയയാളുടെ മുഖവും വ്യക്തമായി കാണാത്തതിനാൽ കുറ്റവാളിയെ കണ്ടെത്തുന്നതിന് പോലീസും നന്നായി വിയർത്തു. സി.സി.ടി.വി.കൾ മാത്രമായിരുന്നു പോലീസിനുള്ള ഏക കച്ചിത്തുരുമ്പ്. അഞ്ചാംമൈൽ ഭാഗത്തുനിന്ന് വാഹനമോടിച്ചുപോകുന്ന ജിഹാസിന്റെ ദൃശ്യം ലഭിച്ചത് പോലീസ് നന്നായി പ്രചരിപ്പിച്ചു.
പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണവുമുണ്ടായി. വാഹനത്തെ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതോടെ അന്വേഷണം ജിഹാസിലെത്തി. ബെവറജസ് ഔട്ട്ലെറ്റിനുസമീപത്തെയും മദ്യശാലകളിലെയും ഉൾപ്പെടെ സി.സി.ടി.വി. പരിശോധിച്ചതോടെ തട്ടിക്കൊണ്ടുപോയയാൾ ജിഹാസ് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ മുൻപ് രണ്ട് എൻ.ഡി.പി.എസ്. കേസിലും മദ്യപിച്ചുവാഹനമോടിച്ച കേസിലും ഉൾപ്പെട്ടയാളാണ് ജിഹാസെന്ന് വ്യക്തമായി. വിവരം പുറത്തറിഞ്ഞാൽ ജിഹാസ് എങ്ങോട്ടെങ്കിലും കടന്നു കളയുമെന്ന് മനസ്സിലാക്കിയ പോലീസ് അതിരഹസ്യമായാണ് മുന്നോട്ടുപോയത്. സംഭവത്തിനുശേഷം ആലപ്പുഴയിലും മലപ്പുറത്തുമുള്ള സുഹൃത്തിന്റെ വീടുകളിൽ പോയെന്നാണ് ജിഹാസ് പോലീസിനോടുപറഞ്ഞത്. കോഴിക്കോട്ടെത്തി ചെന്നൈയിലേക്ക് മുങ്ങാനുള്ള ശ്രമത്തിനിടെയാണ് ചൊവ്വാഴ്ച രാത്രി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി ജിഹാസിനെ കസ്റ്റഡിയിലെടുത്തത്.
കുട്ടിയെ കാണാതായി മിനിറ്റുകൾക്കകം പോലീസിനുലഭിച്ച സി.സി.ടി.വി. ദൃശ്യത്തിലൂടെയാണ് തട്ടിക്കൊണ്ടുപോയതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഉടൻതന്നെ എല്ലായിടത്തും പോലീസ് പരിശോധന കർശനമാക്കിയതിനൊപ്പം പ്രത്യേക അന്വേഷണസംഘത്തിനും രൂപം നൽകി. ആദ്യം മാനന്തവാടി ഡിവൈ.എസ്.പി. വി.കെ. വിശ്വംഭരന്റെ നേതൃത്വത്തിൽ എട്ടംഗടീമിനെയാണ് രൂപവത്കരിച്ചത്. പിന്നീട് സൈബർ പോലീസിനെയും ഉൾപ്പെടുത്തി ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രന്റെയും മാനന്തവാടി ഡിവൈ.എസ്.പി.യുടെയും നേതൃത്വത്തിൽ 19 അംഗ ടീമിനു രൂപംനൽകി.
മാനന്തവാടി ഇൻസ്‌പെക്ടർ പി. റഫീഖ്, വെള്ളമുണ്ട ഇൻസ്പപെക്ടർ ബിജു ആന്റണി, കമ്പളക്കാട് ഇൻസ്‌പെക്ടർ എം.എ. സന്തോഷ്, തലപ്പുഴ എസ്.ഐ.മാരായ കെ.കെ. സോബിൻ, ബിജു വർഗീസ്, മാനന്തവാടി എസ്.ഐ. കെ. സിൻഷ, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിലെ എസ്.ഐ. എൻ.വി. ഹരീഷ് കുമാർ, മാനന്തവാടി എ.എസ്.ഐ. കെ.ജെ. ഷമ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ. ഷംസുദ്ദീൻ, എ. അനീസ്, ബി. ബിജു, സിവിൽ പോലീസ് ഓഫീസർമാരായ കെ. അബ്ദുൾ വാജിദ്, എ.ബി. ശ്രീജിത്ത്, കെ. പ്രജീഷ്, പി.ബി. അജിത്ത്, ആർ. രജീഷ്, ആഷ്ലിൻ തോമസ്, അഷ്റഫ്, പോലീസ് സൈബർ സെല്ലിലെ സിവിൽ പോലീസ് ഓഫീസർ വി.എച്ച്. മുഹമ്മദ് സക്കറിയ എന്നിവരെ ഉൾപ്പെടുത്തിയാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്.
രാവിലെ പ്രത്യേക യോഗം ചേർന്ന ചേർന്നശേഷം വൈകീട്ട് അന്വേഷണപുരോഗതി വിലയിരുത്തുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയത്. പ്രത്യേക സംഘങ്ങളായാണ് അന്വേഷണസംഘം വിവിധ ഭാഗങ്ങളിലേക്കിറങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി നൂറിലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. സംഭവം നടന്ന് മൂന്നുദിവസത്തിനകംതന്നെ കുറ്റവാളിയെ പിടികൂടിയ പോലീസിന്റെ മിടുക്കിനെ അഭിനന്ദിക്കുകയാണ് എല്ലാവരും.
Content Highlights: Mananthavady police swiftly arrested a 25-year-old man accused of kidnapping a four-year-old girl and abandoning her. The child was found safe. Learn more about the quick apprehension.
Published: 12 Feb 2026, 07:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented