എടക്കര(മലപ്പുറം): മരുത മത്തളപ്പാറ ആനടിയില്‍ പ്രഭാകരന്‍ (77) വെട്ടേറ്റു മരിച്ചു. കേസില്‍ മകളുടെ ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. മേലെ വള്ളിക്കാട് ചാത്തോളി മനോജ് (45) ആണ് വഴിക്കടവ് പോലീസ്സ്റ്റേഷനില്‍ ഹാജരായത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് സംഭവം അന്വേഷിക്കാനായി വാര്‍ഡംഗം സി.കെ. നാസര്‍ വീട്ടില്‍ എത്തിയപ്പോഴാണ് പ്രഭാകരനെ വീടിനോടുചേര്‍ന്നുള്ള ചായ്പില്‍ വെട്ടും കുത്തുമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
എടക്കരയിലെ സ്ഥാപനത്തില്‍ വസ്ത്രങ്ങള്‍ പാകപ്പെടുത്തുന്ന ജോലിയാണ് മനോജിന്. കുറച്ചുദിവസങ്ങളായി മനോജിനോട് പിണങ്ങിയ ഭാര്യ പുഷ്പ മൂന്ന് മക്കള്‍ക്കൊപ്പം മരുതയിലെ വീട്ടിലായിരുന്നു. രണ്ട് ദിവസംമുന്‍പ് വീട്ടുകാരുടെ സഹായത്തോടെ പുഷ്പ വണ്ടൂരിലുള്ള വാടകവീട്ടില്‍ മക്കളുമായി താമസം തുടങ്ങി. മണിമൂളി സി.കെ.എച്ച്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചിരുന്ന മക്കളെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കഴിഞ്ഞ ദിവസം വണ്ടൂരിലെ സ്‌കൂളില്‍ ചേര്‍ത്തിരുന്നു.
രാവിലെ ഒന്‍പതോടെ മക്കളെത്തേടി മനോജ് ഭാര്യവീട്ടിലെത്തി. പ്രഭാകരന്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലാണ് പ്രഭാകരന് വെട്ടേറ്റതെന്ന് പോലീസ് പറഞ്ഞു. അവിടെവച്ചുതന്നെ മരിച്ചു. കഴുത്തിനും വയറിന്റെ ഇടതുഭാഗത്തുമാണ് വെട്ടുംകുത്തും ഏറ്റത്. സന്ധ്യയോടെ മൃതദേഹം പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയി.
പാര്‍വതിയാണ് പ്രഭാകരന്റെ ഭാര്യ. മറ്റ് മക്കള്‍: ഗിരിജ, ഉണ്ണി, ഗിരീഷ്, രമേശ്, മോഹന്‍ദാസ്, ഗീത. മറ്റ് മരുമക്കള്‍: അനിരുദ്ധന്‍, രാജി, ബിജി, രമ്യ, ജ്യോതി.
ജില്ലയുടെ ചുമതലവഹിക്കുന്ന പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി. സുരേഷ്‌കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ മനോജ് പറയറ്റ, സുനില്‍ പുളിക്കല്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
Content Highlights: man hacked to death by son in law in edakkara malappuram
Published: 06 Sept 2023, 12:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented