രാജ്‌കോട്ട്: ഭാര്യ മാനസികമായി പീഢിപ്പിക്കുന്നുവെന്ന് ആരോപിച്ച് വീഡിയോ ചിത്രീകരിച്ച ശേഷം യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ രാജ്‌കോട്ടിലെ ബോട്ടാട് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. സുരേഷ് സത്യാധിയ(39) ജീവനൊടുക്കിയ സംഭവത്തിലാണ് ഫോണിലെ വീഡിയോ തെളിവായി സ്വീകരിച്ച് പോലീസ് ഭാര്യ ജയ സത്താദിയയെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരേ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 108 പ്രകാരം ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്.

To advertise here,

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് സുരേഷ് കരയുന്നതാണ് ഫോണിലെ ദൃശ്യത്തിലുള്ളത്. അവള്‍ ജീവിതകാലം ഓര്‍ത്തിരിക്കുന്ന തരത്തില്‍ ഒരു പാഠം പഠിപ്പിക്കും. അവള്‍ എന്റെയും എന്റെ കുട്ടികളുടേയും ആരുമല്ല. തന്നെ ചതിച്ചെന്നും ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്. 

ബോട്ടാട് ജില്ലയിലെ സംമ്രാലയിലാണ് സുരേഷ് താമസിക്കുന്നത്. മരണത്തിന് ശേഷം ജയ സത്താദിയക്കെതിരേ സുരേഷിന്റെ പിതാവ് ബാബു സത്താദിയ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബാബു സത്താദിയ ആണ് ഫോണിലെ വീഡിയോ പോലീസില്‍ ഏല്‍പിച്ചത്. 

17 വര്‍ഷം മുമ്പാണ് ദമ്പതികള്‍ വിവാഹം ചെയ്തത്. 15, 10 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും ആറും നാലും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുമുണ്ട്. ജയ സത്താദിയയും സുരേഷുമായി സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്. രക്ഷിതാക്കളുടെ വീട്ടിലായിരുന്നു ഇവരുടെ താമസം. സംഭവദിവസം ജയയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ സുരേഷ് എത്തിയിരുന്നു. എന്നാല്‍, ഇവര്‍ സുരേഷിനൊപ്പം പോവാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഇയാൾ വീട്ടിലെത്തി ജീവനൊടുക്കിയതെന്നാണ് പോലീസ് എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടുന്നുത്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)