കോട്ടയം: പരാതിയുടെ തുടര്‍നടപടികള്‍ക്കായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പരാതിക്കാരനെ പോലീസ് ഉദ്യോഗസ്ഥന്‍ അസഭ്യം പറഞ്ഞതായി ആരോപണം. കോട്ടയം ചിങ്ങവനം പോലീസ് സ്‌റ്റേഷനിലെ പി.ആര്‍.ഒ.യായ മനോജിനെതിരേയാണ് കുറിച്ചി സ്വദേശിയായ വികാസ് എന്ന അനൂപ് പരാതി ഉന്നയിച്ചത്. പോലീസ് ഉദ്യോഗസ്ഥന്‍ സ്‌റ്റേഷന് മുന്നില്‍വെച്ച് അസഭ്യംപറയുന്നതിന്റെ വീഡിയോയും അനൂപ് പുറത്തുവിട്ടിട്ടുണ്ട്. 

To advertise here,

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വാഹനവില്‍പ്പനയുമായി ബന്ധപ്പെട്ട പണമിടപാടില്‍ അനൂപിന് എതിര്‍കക്ഷിയില്‍നിന്ന് ആകെ 5.18 ലക്ഷം രൂപ ലഭിക്കാനുണ്ടായിരുന്നു. ഇതിനായാണ് അനൂപ് ചിങ്ങവനം പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ഇടപെട്ട് എതിര്‍കക്ഷിയില്‍നിന്ന് ആദ്യം ഒരുതുക വാങ്ങിനല്‍കി. എന്നാല്‍, ബാക്കി 1.36 ലക്ഷം രൂപ കൂടി അനൂപിന് എതിര്‍കക്ഷിയില്‍നിന്ന് കിട്ടാനുണ്ടായിരുന്നു. ഇതിനായി വീണ്ടും പോലീസിനെ സമീപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച അനൂപിനെ പോലീസ് ഉദ്യോഗസ്ഥനായ മനോജ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങിയതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് അനൂപിന്റെ ആരോപണം. 

''നീതി കിട്ടാനാണ് സാധാരണക്കാരന്‍ പോലീസ് സ്‌റ്റേഷനെ ആശ്രയിക്കുന്നത്. എനിക്ക് നീതി കിട്ടിയില്ല. എനിക്ക് പറയാനുള്ളതൊന്നും അദ്ദേഹം കേള്‍ക്കാന്‍ തയ്യാറായില്ല. എന്റെ കാശിനായി അവരുടെ കാല് പിടിച്ചതാണ്. പോലീസ് ഉദ്യോഗസ്ഥനായ മനോജിനെതിരേ കോട്ടയം എസ്.പി.ക്കും കളക്ടര്‍ക്കും പരാതി നല്‍കും'' അനൂപ് പറഞ്ഞു. 

ആഴ്ചകള്‍ക്ക് മുന്‍പാണ് ചിങ്ങവനം പോലീസ് സ്‌റ്റേഷനില്‍ പോലീസുകാര്‍ തമ്മില്‍ അടിപിടിയുണ്ടായത്. പാര്‍ക്കിങ്ങിനെച്ചൊല്ലി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരാണ് തമ്മിലടിച്ചത്. സംഭവത്തില്‍ ഒരു പോലീസുകാരന് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലീസിന് നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിന് പിന്നാലെയാണ് ചിങ്ങവനം സ്റ്റേഷനിലെ പോലീസുകാരന്‍ അസഭ്യം പറഞ്ഞെന്ന പരാതിയും ഉയര്‍ന്നിരിക്കുന്നത്.