
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി ബാലുശ്ശേരി എരമംഗലം ആട്ടൂർ മുഹമ്മദ് (56) എന്ന മാമിയുടെ തിരോധാനക്കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പോലീസ് സംഘത്തിന് തെളിവുശേഖരണത്തിൽ വീഴ്ചയുണ്ടായതായി നിഗമനം.
2023 ഓഗസ്റ്റ് 21-നാണ് മാമി വീട്ടിൽനിന്നിറങ്ങിയത്. അല്പം വൈകിയേ വരുകയുള്ളൂവെന്ന് മാമി ഭാര്യയോടു പറഞ്ഞിരുന്നു. അന്ന് കോഴിക്കോട് ബീച്ചിൽ മാമി ഉണ്ടായിരുന്നെന്ന് ഒരു കെട്ടിട ഉടമ നടക്കാവ് പോലീസിന് മൊഴിനൽകിയിരുന്നു. എന്നാൽ, മാമിയെ കാണാതാവുന്ന സിഡി ടവറിനു സമീപവും ബീച്ചിലെ ഒരു കോഫിഷോപ്പിനു സമീപവുമുള്ള രണ്ട് സിസിടിവികൾമാത്രമാണ് പോലീസ് അന്ന് പരിശോധിച്ചത്. ഇവ രണ്ടും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. തിരോധാനദിവസം അരയിടത്തുപാലംമുതൽ തലക്കുളത്തൂർവരെയുള്ള സ്ഥലങ്ങളിലെ മൊബൈൽഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇത്രയുംദൂരം മാമി സഞ്ചരിച്ചിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാൽ, ഈ ദൂരപരിധിയിൽ പ്രവർത്തനസജ്ജമായിരുന്ന 60 സിസിടിവി ക്യാമറകളെങ്കിലും ഉണ്ടായിരുന്നു. ഇവയിൽ ഒന്നുപോലും അന്നത്തെ അന്വേഷണസംഘം പരിശോധിച്ചില്ല.
കാണാതായി ഒരുവർഷവും ഒരുമാസവും കഴിഞ്ഞ് 2024 സെപ്റ്റംബർ രണ്ടാമത്തെ ആഴ്ചയാണ് കോഴിക്കോട് ക്രൈംബ്രാഞ്ചിന് കേസന്വേഷണച്ചുമതല ലഭിക്കുന്നത്. ഈ ഘട്ടത്തിലാണ് അരയിടത്തുപാലംമുതൽ തലക്കുളത്തൂർവരെയുള്ള സിസിടിവി ക്യാമറകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.
അപ്പോഴേക്കും 2023 കാലയളവിലെ ദൃശ്യങ്ങൾ മുഴുവൻ ഹാർഡ് ഡിസ്കിൽനിന്ന് നഷ്ടപ്പെട്ടിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് സ്ക്വാഡ് മൂന്നിലെ ഡിവൈഎസ്പി യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ കേസന്വേഷിക്കുന്നത്.
കാണാതായതിന്റെ പിറ്റേന്ന് ഉച്ചയ്ക്കുശേഷം മാമിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. മാമിയുടെ മൊബൈൽഫോൺ ലൊക്കേഷൻ അവസാനമായി ഉണ്ടെന്ന് പോലീസ് പറയുന്ന തലക്കുളത്തൂരിൽ ബന്ധുക്കളായോ സുഹൃത്തുക്കളായോ ആരുമില്ല. 2023 ഓഗസ്റ്റ് 22-ന് ഉച്ചയ്ക്ക് മാമിയുടെ ഡ്രൈവർ രഞ്ജിത്ത്, വ്യാപാരസുഹൃത്തായ ബിനോജ്, ഭാര്യ എന്നിവരെയാണ് ഫോൺ ചെയ്തത്. മാമി എല്ലായിടത്തും പോകുമ്പോൾ ഡ്രൈവർ ഒന്നിച്ചുണ്ടാകാറില്ല. അന്നാണ് മാമിയെ കാണാതായ വിവരം പോലീസിൽ അറിയിക്കുന്നത്. രാത്രി 11.56-നാണ് നടക്കാവ് പോലീസ് എഫ്ഐആർ തയ്യാറാക്കിയത്. വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ റംലത്താണ് പരാതിക്കാരി. കാണാതാവുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 21-ന് രാവിലെ 9.30-ന് വീട്ടിൽനിന്ന് പോയതിൽപ്പിന്നെ തിരിച്ചെത്തിയില്ലെന്നാണ് പരാതിയുടെ ഉള്ളടക്കം.
ഏതാണ്ട് ഇരുനൂറുപേരുടെ മൊഴി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇതിനകം എടുത്തിട്ടുണ്ട്. അടുത്ത് ബന്ധപ്പെടുന്നവരോടുപോലും വ്യാപാരകാര്യങ്ങളുൾപ്പെടെയുള്ള എന്തെങ്കിലും വിവരങ്ങൾ തുറന്നുപറയുന്ന പ്രകൃതക്കാരനല്ല മാമിയെന്നാണ് മൊഴിയിൽനിന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് വ്യക്തമായത്.
Content Highlights: mami missing case investigation
Published: 23 Nov 2025, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented