മലയിൻകീഴ്: ഭർത്തൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ സഹോദരന്റെ പരാതിയിൽ മലയിൻകീഴ് പോലീസ് കേസെടുത്തു. വിളവൂർക്കൽ തെങ്ങത്താംകോട് ശിവശൈലം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ കാവ്യയാണ് (30) മരിച്ചത്. ഭർത്തൃമാതാവിന്റെ മാനസികവും ശാരീരികവുമായ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കാവ്യയുടെ സഹോദരൻ ശ്യാം പോലീസിനോട് പറഞ്ഞത്.
ഞായറാഴ്ച വൈകിട്ടാണ് കാവ്യയെ വീട്ടിലെ കിടപ്പുമുറിയിൽ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രണ്ടരവയസ്സുള്ള ഇളയ കുട്ടിക്ക് കുറുക്ക് കൊടുക്കാനെന്നു പറഞ്ഞാണ് കാവ്യ മുറിയിൽ കയറിയത്. ശ്രീകാര്യം കട്ടേലയിലെ കാവ്യയുടെ വീട്ടിലേക്കാണ് മെഡിക്കൽകോളേജിലെ പരിശോധനയ്ക്കുശേഷം മൃതദേഹം കൊണ്ടുപോയത്.
കഴക്കൂട്ടത്തെ ശ്മശാനത്തിൽ നടന്ന സംസ്‌കാരച്ചടങ്ങിൽ ഭർത്താവ് വിഷ്ണുവും കുട്ടികളും പങ്കെടുത്തില്ല. കാവ്യയെ ഭർത്തൃമാതാവ് ജാതീയമായി അധിക്ഷേപിച്ചിരുന്നതായി ശ്യാം പറയുന്നു. വിളവൂർക്കലിലെ വീടിനായി 27 ലക്ഷത്തോളം രൂപ രണ്ട് തവണയായി കാവ്യയുടെ ബന്ധുക്കൾ ഏൽപ്പിച്ചിരുന്നെങ്കിലും വീട്ടിൽ യാതൊരു അവകാശവും നൽകിയിരുന്നില്ല. വീട്ടിലെ അടുക്കള ഉപയോഗിക്കുന്നതിലും വിലക്കുണ്ടായിരുന്നതായി കാവ്യ വീട്ടുകാരെ അറിയിച്ചതായി പറയുന്നു.
ഭക്ഷണം പാചകം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ഭർത്തൃമാതാവിന്റെ എതിർപ്പുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇറച്ചിക്കറിയെടുത്തത് കൂടിപ്പോയെന്ന കാര്യം പറഞ്ഞും വഴക്കുണ്ടായതായി കാവ്യ അമ്മയെ വിളിച്ചു പറഞ്ഞിരുന്നതായി ശ്യാം പറഞ്ഞു.
മൃതദേഹത്തിൽ മൂക്കിൽ വലിയ മുറിവുണ്ടായിരുന്നുവെന്നും ശ്യാം പറഞ്ഞു. മരണം തൂങ്ങിമരണമെന്ന് ഉറപ്പിക്കുന്ന പോലീസ് വരുംദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
Content Highlights: 30-year-old Kavya found dead in Malayinkeezh home, Family alleges physical and mental harassment by mother-in-law, Allegations of caste-based discrimination and financial exploitation.
Published: 14 Jul 2026, 10:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented