കൊച്ചി: മുൻപ് സൈബർ തട്ടിപ്പിന്റെ ഇരകളായിരുന്നു മലയാളികളെങ്കിൽ ഇപ്പോൾ സൂത്രധാരന്മാരുടെ റോളിൽ ഒട്ടേറെ മലയാളികൾ എത്തുന്നു. കേരള പോലീസിന്റെ ഓപ്പറേഷൻ സീ-ഹണ്ടിൽ ഒരു ദിവസം കൊണ്ട് മാത്രം 250-ലധികം മലയാളികളെ പിടികൂടിയതോടെയാണ് സൈബർ തട്ടിപ്പ് രംഗത്ത് ഒളിഞ്ഞിരിക്കുന്ന മലയാളികളുടെ പങ്ക് വെളിച്ചത്തുവന്നത്. നേരത്തേ വിവിധ കേസുകളിലായി നൂറിനടുത്ത് മലയാളികൾ പിടിയിലായിരുന്നു. തട്ടിപ്പിനെതിരേ അന്വേഷണ ഏജൻസികൾ പ്രതിരോധ കോട്ട കെട്ടുമ്പോഴും രാജ്യത്ത് നഷ്ടമാകുന്ന പണത്തിന്റെ 10 ശതമാനത്തിൽ താഴെ മാത്രമേ വീണ്ടെടുക്കാൻ കഴിയുന്നുള്ളൂ. ഇതു കൂടുതൽപ്പേർ തട്ടിപ്പിനിറങ്ങാൻ കാരണമാകുന്നു. വാടകയ്ക്ക് അക്കൗണ്ടുകൾ നൽകി കമ്മിഷൻ പറ്റുന്ന സംഘങ്ങളിലും വ്യാജ ട്രേഡിങ് ആപ്പുകൾ നിർമിച്ച് കോടികൾ തട്ടുന്നവരിലും മലയാളികളുണ്ട്. നേരത്തേ ഉത്തരേന്ത്യക്കാർ മലയാളികളെ തട്ടിപ്പിനിരയാക്കിയെങ്കിൽ ഇപ്പോൾ മലയാളികളുടെ വലയിൽ ഉത്തരേന്ത്യക്കാരും വീഴുന്നുണ്ട്.

To advertise here,

വാടക പിരിവുകാർ’ കോളേജ് വിദ്യാർഥികൾ

തട്ടിപ്പ് പണം എത്തുന്നത് കൂടുതലും വിദ്യാർഥികളുടെ അക്കൗണ്ടുകളിലേക്കാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ കോളേജുകളിൽ പഠനം നടത്തുന്ന പ്രതികൾ അക്കൗണ്ടിലെത്തുന്ന പണം പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറുകയാണ് ചെയ്തിരുന്നത്. ഓരോ തവണയും അക്കൗണ്ടിലെത്തുന്ന തട്ടിപ്പ് പണം എടിഎം വഴി പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറുമ്പോൾ പതിനായിരങ്ങളാണ് കമ്മിഷൻ ലഭിക്കുക. സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ടുകളും പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. ഗെയിമിങ്ങിലൂടെ പണം ലഭ്യമാക്കാമെന്ന് കബളിപ്പിച്ചാണ് തട്ടിപ്പ് സംഘം വിദ്യാർഥികളെ സമീപിക്കുന്നത്. കാര്യമായ പണം കൈമാറ്റം നടക്കാത്ത ഒരു ബാങ്ക് അക്കൗണ്ടിൽ പെട്ടെന്ന് അഞ്ച് ലക്ഷം രൂപയെത്തുന്നു. നിമിഷങ്ങൾക്കകം അത് പിൻവലിക്കുന്നു. ഇതിൽ അസ്വാഭാവികത തോന്നിയ പോലീസ് അക്കൗണ്ട് വിവരങ്ങൾ തേടി ഇറങ്ങി. അന്വേഷണത്തിലാണ്‌ ഇത് വാടക അക്കൗണ്ട് (മ്യൂൾ അക്കൗണ്ട്) ആണെന്ന് ഉറപ്പിച്ചത്.

മൂന്നുമാസത്തെ നിരീക്ഷണം മൂന്നുമാസം നീണ്ട നിശ്ശബ്ദ നിരീക്ഷണത്തിന് ഒടുവിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. പതിവിൽനിന്നു വിപരീതമായി പരാതി ലഭിച്ച ശേഷമായിരുന്നില്ല അറസ്റ്റ്. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽനിന്നു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

300 വാടക അക്കൗണ്ടുകൾ

കൊച്ചി: പോലീസ് ആരംഭിച്ച ഓപ്പറേഷൻ സൈ-ഹണ്ടിലൂടെ കൊച്ചിയിൽ കണ്ടെത്തിയത് 300 വാടക അക്കൗണ്ടുകൾ. ഓപ്പറേഷൻ ‘സൈ-ഹണ്ട്' അന്വേഷണത്തിൽ കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തവർ വിദ്യാർഥികളാണെന്ന് സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി. ഏലൂർ സ്വദേശി അഭിഷേക് ബിജു (21), വെങ്ങോല സ്വദേശി ഹാഫിസ് (21), എടത്തല സ്വദേശി അൽത്താഫ് (21) എന്നിവരാണ് അറസ്റ്റിലായത്. പണം പിൻവലിക്കുന്നതിനിടെ പിടിയിലായ അഭിഷേകിന്റെ ബാങ്ക് അക്കൗണ്ടിന് മറ്റൊരു സൈബർ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി. ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു. തട്ടിപ്പ് പണം പിൻവലിക്കുന്നതിനിടെ ഏലൂരിൽനിന്നു പിടികൂടിയ ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് ഹാഫിസ്, അൽത്താഫ് എന്നിവരെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന് മരടിൽനിന്ന് ഇവരെ പിടികൂടി. ബാങ്കിന്റെ ബ്രാഞ്ചിൽനിന്നു പണം പിൻവലിക്കുകയായിരുന്നു ഇവർ. പിടിയിലാകുമ്പോൾ ഇവരുടെ പക്കൽ ആറ് ലക്ഷം രൂപ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

അറസ്റ്റിലായ മൂന്ന് വിദ്യാർഥികളെയും ബന്ധിപ്പിക്കുന്ന പ്രധാന പ്രതിയായ പെരുമ്പാവൂർ സ്വദേശിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ഇയാൾ മുഖേന ഒരു ദിവസം 25 ലക്ഷം രൂപ വരെയാണ് പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതെന്ന് പോലീസ് കമ്മിഷണർ പറഞ്ഞു. സംസ്ഥാന വ്യാപകമായി സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന് പോലീസ് നടത്തിയ ഓപ്പറേഷൻ സൈ-ഹണ്ടിൽ രജിസ്റ്റർ ചെയ്തത് 382 കേസുകളാണ്. മുന്നൂറു കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പുകൾ കേന്ദ്രീകരിച്ച് മൂന്നുമാസം കൊണ്ട് നടത്തിയ അന്വേഷണത്തിൽ 263 പേർ അറസ്റ്റിലായി. 125 പേരെ നോട്ടീസ് നൽകി നിരീക്ഷണത്തിൽ വിട്ടയച്ചു.

പെരുമ്പാവൂരിൽ രണ്ടുപേർ പിടിയിൽ

ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി പെരുമ്പാവൂരിൽ നടത്തിയ റെയ്ഡിൽ രണ്ടുപേർ അറസ്റ്റിൽ. മാറമ്പിള്ളി മുടിക്കൽ ചെരുമൂടൻ വീട്ടിൽ ഹസൻ അനസ് (25), വെങ്ങോല അല്ലപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന പെരുമ്പാവൂർ തെക്കിനേടത്ത് വീട്ടിൽ അമൽ പ്രധാൻ (24) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഹസൻ അനസിന്റെ അക്കൗണ്ടിലേക്ക് ഗാസിയാബാദ് സ്വദേശിയുടെ അക്കൗണ്ടിൽനിന്ന് 1,70,000 രൂപ വന്നിട്ടുണ്ട്. ഈ മ്യൂൾ അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിൻവലിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പരാതിക്കാരനായ കോഴിക്കോട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് അമൽ പ്രധാന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3,40,000 രൂപ പ്രതികൾ ട്രാൻസ്ഫർ ചെയ്തെടുത്തിരുന്നു. മറ്റ് പ്രതികൾ ചേർന്ന് അമൽ പ്രധാന്റെ ചെക്കും എടിഎം കാർഡും ഉപയോഗിച്ച് പണം പിൻവലിച്ചിരുന്നു. പെരുമ്പാവൂർ ഇൻസ്‌പെക്ടർ ജിൻസൺ ഡൊമിനിക്, സബ് ഇൻസ്‌പെക്ടർമാരായ പി.എം. റാസിക്, വിനിൽ ബാബു, എസ്. ശിവകുമാർ, വിഷ്ണു, എഎസ്‌ഐ രതി, സീനിയർ സിപിഒമാരായ ജിജിമോൻ, രജിത്ത് രാജൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.