മംഗളൂരു: രണ്ട് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച കേസില്‍ മലയാളി യുവാക്കളെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അമല്‍ കൃഷ്ണ (25), കണ്ണൂര്‍ ഒറ്റത്തൈ സ്വദേശി അലക്‌സ് ഡൊമിനിക് (25) എന്നിവരാണ് കങ്കനാടി പോലീസിന്റെ പിടിയിലായത്. നവംബര്‍ 14-ന് സുഹൃത്തുക്കളെ കാണാനായി മംഗളൂരുവിലെത്തിയ പ്രതികള്‍ മംഗളൂരു ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തങ്ങി ജപ്പിനമൊഗരുവിലെ അടിമായ ക്ഷേത്രത്തിന് സമീപത്തും നാഗൂരിയിലും നിര്‍ത്തിയിട്ട രണ്ട് സ്‌കൂട്ടറുകള്‍ മോഷ്ടിക്കുകയായിരുന്നു.

To advertise here,

സ്‌കൂട്ടറിലെ ബാറ്ററി വയറുകള്‍ പരസ്പരം ബന്ധിപ്പിച്ചാണ് വണ്ടി സ്റ്റാര്‍ട്ട് ചെയ്തത്. സ്‌കൂട്ടറുകളുമായി കേരളത്തിലേക്കുപോയ പ്രതികള്‍ നവംബര്‍ 30-ന് വീണ്ടും മംഗളൂരുവിലേക്ക് വന്നപ്പോഴായിരുന്നു അറസ്റ്റ്. മോഷണം നടന്ന ഉടനെ തന്നെ പോലീസിന് മോഷ്ടാക്കളെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനിരിക്കെയാണ് ഇവര്‍ വീണ്ടും മംഗളൂരുവില്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഇതോടെ പോലീസ് കാത്തിരിക്കുകയായിരുന്നു. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നായിരുന്നു അറസ്റ്റ്. മോഷ്ടിച്ച സ്‌കൂട്ടറുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.