കാലിഫോര്‍ണിയ: അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. കാലിഫോര്‍ണിയ സാന്മെറ്റേയോയില് താമസിച്ചിരുന്ന കൊല്ലം സ്വദേശി ആനന്ദ് സുജിത് ഹെൻറി(42) ഭാര്യ ആലീസ് പ്രിയങ്ക ബെന്‍സിഗര്‍(40) ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍(4) എന്നിവരുടെ മരണത്തിലാണ് അമേരിക്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ കൂടുതല്‍വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആനന്ദ് സുജിത് സ്വയം നിറയൊഴിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. കുളിമുറിയില്‍ ബാത്ത്ടബ്ബില്‍വെച്ചാണ് ഭാര്യയ്ക്ക് നേരേ വെടിവെച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ ആനന്ദ് സ്വയം നിറയൊഴിക്കുകയായിരുന്നു. കുളിമുറിയില്‍നിന്ന് 9 എം.എം. പിസ്റ്റള്‍ കണ്ടെടുത്തതായും പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Also Read
കുളിമുറിയില്‍നിന്ന് കണ്ടെടുത്ത പിസ്റ്റള്‍ മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയതാണെന്നും ഇതിന് ലൈസന്‍സുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം, കുട്ടികളെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. കുട്ടികളുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ അടയാളങ്ങളില്ലെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിഷംനല്‍കിയോ ശ്വാസംമുട്ടിച്ചോ കുട്ടികളെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.
2020-ലാണ് ആനന്ദും പ്രിയങ്കയും സാന്മെറ്റേയോയിലെ വീട്ടില്‍ താമസം ആരംഭിച്ചതെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട്. 2.1 മില്ല്യണ്‍ ഡോളര്‍(ഏകദേശം 17 കോടിയിലേറെ രൂപ) വിലവരുന്ന വീട്ടിലായിരുന്നു കുടുംബത്തിന്റെ താമസം. അഞ്ച് കിടപ്പുമുറികളുള്ള വീട്ടിലെ ഒരുമുറിയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ആനന്ദ് നേരത്തെ ഗൂഗിളിലും മെറ്റയിലും സോഫ്റ്റ് വേര് എന്‍ജിനീയറായി ജോലിചെയ്തിരുന്നതായാണ് വിവരം. ഭാര്യ ആലീസ് 'സില്ലോ'യില്‍ ഡേറ്റ സയന്‍സ് മാനേജരായിരുന്നു. 2016-ല്‍ ആനന്ദ് വിവാഹമോചനത്തിനായി ഹര്‍ജി ഫയല്‍ചെയ്തിരുന്നതായും എന്നാല്‍ പിന്നീട് ഇതുമായി മുന്നോട്ടുപോയില്ലെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
അതേസമയം, കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ച കാരണമെന്താണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: malayali youth commits suicide after killing wife in usa san mateo california
Published: 15 Feb 2024, 11:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented