പുനലൂര്‍ (കൊല്ലം): ന്യൂസീലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും 11.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ നാലാംപ്രതി, എറണാകുളം പാലാരിവട്ടം സൗത്ത് ജനതാറോഡില്‍ അടിമുറി ലെയിനില്‍ ഹൗസ് നമ്പര്‍ 12-ല്‍ ചിഞ്ചു (45) ആണ് അറസ്റ്റിലായത്. പുനലൂരില്‍ നിന്നുള്ള പോലീസ് സംഘം കഴിഞ്ഞദിവസം പാലാരിവട്ടത്ത് എത്തിയാണ് ചിഞ്ചുവിനെ അറസ്റ്റുചെയ്തത്.
ഒന്നാംപ്രതി എറണാകുളം കറുപ്പുംപടി രായമംഗലം അട്ടയത്ത്ഹൗസില്‍ ബിനില്‍കുമാറിനെ (41) ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അറസ്റ്റുചെയ്തിരുന്നു. കേസില്‍ ഇനി രണ്ടുപ്രതികള്‍ കൂടി അറസ്റ്റിലാവാനുണ്ട്. പിറവന്തൂര്‍ പഞ്ചായത്തിലെ കറവൂര്‍ സ്വദേശി നിഷാദിന്റെ (37) പരാതിയിന്മേലാണ് അറസ്റ്റ്. 2023-മെയ് മാസത്തിലാണ് തട്ടിപ്പ് നടന്നത്. പെരുമ്പാവൂരിലുള്ള സ്ഥാപനത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്.
പരസ്യം കണ്ട് സ്ഥാപനത്തിലെത്തിയ നിഷാദിനോട് വിസ, സര്‍വീസ് ചാര്‍ജ് ഇനങ്ങളിലായി 11.5 ലക്ഷം രൂപ ആവശ്യപ്പെട്ടു. സ്ഥാപന അധികൃതര്‍ നിര്‍ദേശിച്ച അക്കൗണ്ടില്‍ രണ്ടുതവണയായി തുക അയച്ചുനല്‍കുകയും ചെയ്തു. എന്നാല്‍ വിസ ലഭിക്കാന്‍ കാലതാമസം നേരിട്ടതിനെത്തുടര്‍ന്ന് സംശയം തോന്നി പണം തിരികെ ചോദിച്ചെങ്കിലും വിസ തയ്യാറായെന്ന് അധികൃതര്‍ തെറ്റിദ്ധരിപ്പിച്ചു. എന്നിട്ടും നിശ്ചിതസമയത്തിനുള്ളില്‍ വിസയോ ജോലിയോ ലഭിച്ചില്ല.
പിന്നാലെ, 2024-ല്‍ നിഷാദ് പുനലൂര്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലരമാസം മുന്‍പ് ഒന്നാംപ്രതിയെയും ഇപ്പോള്‍ നാലാംപ്രതിയെയും അറസ്റ്റുചെയ്തത്. എസ്ഐമാരായ കൃഷ്ണകുമാര്‍, പ്രമോദ്, എഎസ്ഐ മറിയക്കുട്ടി, സിപിഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം ചിഞ്ചുവിനെ അറസ്റ്റ് ചെയ്തത്. ചിഞ്ചു മുന്‍പും സമാനകേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് എസ്എച്ച്ഒ ടി. രാജേഷ്‌കുമാര്‍ പറഞ്ഞു.
Content Highlights: lady arrested in visa scam punalur kollam crime news
Published: 05 Jul 2025, 04:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented