കോതമംഗലം: കുട്ടംപുഴ ആനവേട്ടക്കേസില്‍ മൂന്ന് പ്രതികളെ കോടതി ശിക്ഷിച്ചു. ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒരു പ്രതി ഒളിവിലാണ്. ഒരാള്‍ വിചാരണവേളയില്‍ മരിച്ചു. രണ്ടുപേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടു. കുട്ടംപുഴ റെയ്ഞ്ചിലെ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കത്തിപ്പാറ മലയാറ്റൂര്‍ റിസര്‍വ് വനത്തില്‍െവച്ച് 2009 ജൂലായ് ഏഴിന് ആറ് വയസ്സുള്ള ആനക്കുട്ടിയെ വെടിവെച്ചുകൊന്ന് കൊമ്പ് വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികളെ ശിക്ഷിച്ചത്. 

To advertise here,

ഒന്നാംപ്രതി കുട്ടംപുഴ മാമലക്കണ്ടം കുരുവിപ്പുറത്ത് വീട്ടില്‍ അജി നാരായണന്‍ (43), സഹോദരനും അഞ്ചാം പ്രതിയുമായ ബാബു നാരായണന്‍ (53), മൂന്നാം പ്രതി മാമലക്കണ്ടം കുരുവിപ്പുറത്ത് വീട്ടില്‍ ഷാജി ചെല്ലപ്പന്‍ (53) എന്നിവര്‍ക്കാണ് കോതമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഇ.എന്‍. ഹരിദാസന്‍ ശിക്ഷ വിധിച്ചത്. കാട്ടാനയെ വേട്ടയാടിയതിന് വന്യജീവി സംരക്ഷണ നിയമപ്രകാരം 3 വര്‍ഷം കഠിന തടവും 10,000 രൂപ വീതം പിഴയും സംരക്ഷിത വനത്തില്‍ അതിക്രമിച്ചുകടന്നതിന് വനനിയമ പ്രകാരം ഒരു വര്‍ഷം കഠിന തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. 

നാലാം പ്രതി കൊന്നത്തടി വില്ലേജില്‍ മങ്കുവ തണ്ണിപ്പാറ വീട്ടില്‍ സുരേഷ് ഒളിവിലാണ്. രണ്ടാം പ്രതി സിനോജ് വിചാരണയ്ക്കിടെ മരിച്ചു. ആനക്കൊമ്പ് വില്‍പ്പനയ്ക്ക് സഹായിച്ച ആറാം പ്രതി രഞ്ജിത്, ആനയെ വേട്ടയാടാന്‍ തോക്ക് നിര്‍മിച്ചു നല്‍കിയ ഏഴാം പ്രതി എ.ജെ. വര്‍ഗീസ് (ജീവന്‍) എന്നിവരെയാണ് വെറുതേ വിട്ടത്.

ഒന്നാം പ്രതി അജിയാണ് കുട്ടിക്കൊമ്പനെ വെടിവെച്ചത്. വെടിയേറ്റു വീണ കുട്ടിക്കൊമ്പന്റെ സമീപത്തുനിന്ന് തള്ളയാനയും കൂട്ടവും മാറാതെ നിലയുറപ്പിച്ചതിനാല്‍ മൂന്നുദിവസം വനത്തില്‍ ഷെഡ് കെട്ടി താമസിച്ച ശേഷമാണ് പ്രതികള്‍ക്ക് ജഡത്തില്‍നിന്ന് ആനക്കൊമ്പ് ശേഖരിക്കാനായത്. തള്ളയാനയും കൂട്ടവും ആനക്കുട്ടിയെ രക്ഷപ്പെടുത്താനായി ജഡം തള്ളിമാറ്റുന്നതിനിടെ ഒരു കൊമ്പ് മണ്ണില്‍ തറഞ്ഞ് അടര്‍ന്നുപോയിരുന്നു. മണ്ണില്‍ പുതഞ്ഞ് നഷ്ടപ്പെട്ട ആനക്കൊമ്പ് ജഡത്തിനു സമീപത്തുനിന്ന് പ്രതികള്‍ തന്നെയാണ് തെളിവെടുപ്പിനിടെ കണ്ടെടുത്തു നല്‍കിയത്. 

അടിമാലി ടൗണിനടുത്ത് പ്രതികള്‍ ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായിരുന്ന ഡോ. കൃഷ്ണദേവപ്രസാദ് സാഹു, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായിരുന്ന മനു സത്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ബെല്‍ജി തോമസ്, ജി. സെബാസ്റ്റ്യന്‍ എന്നിവര്‍ ഹാജരായി.