കുന്നംകുളം: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് ചോദ്യംചെയ്ത പിതാവിനെ മകൻ മർദിച്ചു. കുന്നംകുളം സ്വദേശി വടക്കേത്തലയ്ക്കൽ സൈമണി(77)നാണ് മകൻ ജോബി(47)യുടെ മർദനമേറ്റത്. ശനിയാഴ്ചയാണ് സംഭവം.

To advertise here,

പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നത് പിതാവ് സൈമൺ മുൻപും ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 500 പാക്കറ്റ് ഹാൻസ് കുന്നംകുളം പോലീസ് ജോബിയുടെ വീട്ടിൽനിന്ന്‌ പിടികൂടിയത്.

ശനിയാഴ്ച രാവിലെ നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത് കണ്ട സൈമൺ ഇത് തടയാൻ ശ്രമിച്ചതും ചോദ്യംചെയ്തതും വീട്ടിൽനിന്ന്‌ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതുമാണ് മർദനത്തിന് കാരണം. മർദനത്തിൽ റോഡിൽ വീണ് അബോധാവസ്ഥയിലായ സൈമണെ മറ്റൊരു മകൻ എത്തിയാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

മകൻ മർദിക്കുന്നതിനെക്കുറിച്ച് സൈമൺ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. മർദിക്കരുതെന്ന് കർശനനിർദേശം നൽകുകയും പ്രതിമാസം 3,000 രൂപ പിതാവിന് നൽകാൻ കളക്ടർ ഉത്തരവിടുകയും ചെയ്തിരുന്നു.