കുന്നംകുളം: കസ്റ്റഡി മർദനക്കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതായി യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത്. വൻതുക നൽകി കേസില്ലാതാക്കാൻ തന്നെയും കോൺഗ്രസ് പ്രാദേശിക നേതാവിനെയും സമീപിച്ചിരുന്നു.

To advertise here,

20 ലക്ഷം വരെ വാഗ്‌ദാനം ചെയ്‌തെങ്കിലും നിയമത്തിന്റെ വഴി സ്വീകരിക്കാൻ തയ്യാറായതോടെ പിൻമാറുകയായിരുന്നു. നിയമനടപടിക്ക് മുൻകൈയെടുത്ത പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനെയും ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർ സമീപിച്ചിരുന്നു.

പ്രലോഭനങ്ങൾക്ക് വഴങ്ങാതെ നിയമപരമായി മുന്നോട്ട് പോയതോടെയാണ് സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ പോലീസ് നിർബന്ധിതരായത്. സിസിടിവിയിൽ ഉൾപ്പെടാത്ത രണ്ടുപേർ കൂടി തന്നെ മർദിച്ചിട്ടുണ്ടെന്നും സുജിത്ത് പറഞ്ഞു. കേസുമായി മുന്നോട്ടുപോകാതിരിക്കാൻ ഇടനിലക്കാർ വഴിയും പണം വാഗ്‌ദാനം ചെയ്‌തെന്നാണ് വിവരം. മർദനത്തിന് ഇരയായ ശേഷം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. അടുത്ത ദിവസം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾക്ക് വിവരാവകാശ പ്രകാരമുള്ള അപേക്ഷ നൽകി. പോക്‌സോ കേസിലെ അതിജീവിത സംഭവ സമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്നതിനാൽ നൽകാൻ കഴിയില്ലെന്നായിരുന്നു മറുപടി. എസിപിക്ക് അപ്പീൽ നൽകിയപ്പോഴും ഇതേ മറുപടി. സംസ്ഥാന വിവരാവകാശ കമ്മിഷന് അപ്പീൽ നൽകിയപ്പോൾ 2024 മേയിൽ ദൃശ്യങ്ങൾ നൽകാൻ ഉത്തരവായി. സ്‌റ്റേഷനിലെ ദൃശ്യങ്ങൾ നഷ്ടപ്പെട്ടെന്നായിരുന്നു പോലീസിന്റെ മറുപടി.

ദൃശ്യങ്ങൾ പ്രത്യേകം എടുത്ത് സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മർദനമുണ്ടായ സമയത്ത് കമ്മിഷണർക്ക് അപേക്ഷ നൽകിയിരുന്നു. ദൃശ്യങ്ങൾ ആവശ്യപ്പെടുമ്പോൾ നൽകാമെന്നാണ് ഇതിന് ലഭിച്ചിരുന്ന മറുപടി. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നിയമപരമായി മുന്നോട്ടുപോയത്. ഡിസിആർബി എസിപിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും വിവരാവകാശ നിയമപ്രകാരമാണ് ലഭിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ അന്നത്തെ എസ്എച്ച്ഒയും എസിപിയും നേരത്തെ കണ്ടിരുന്നു. ഇതിൽ എസ്‌ഐയ്ക്കും പോലീസുകാർക്കുമെതിരായ പരാതി നിലനിൽക്കുമെന്ന് കണ്ടാണ് ഇവരെ സംരക്ഷിക്കുന്ന നിലപാട് ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

പരാതിയുമായി മുന്നോട്ടുപോകാതിരിക്കാൻ സമ്മർദവും ഭീഷണിയുമെല്ലാമുണ്ടായെന്നും ഇവർ പറയുന്നു.