കുമളി: 895 ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്നുപേര്‍ കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയില്‍. കോതമംഗലം സ്വദേശികളായ കാളാപറമ്പില്‍ അമല്‍ ജോര്‍ജ്(32), വടക്കേടത്ത്പറമ്പില്‍ സച്ചു ശശിധരന്‍(31), പാറേക്കാട്ട് പി.എച്ച്. അമീര്‍(41) എന്നിവരാണ് പിടിയിലായത്.

To advertise here,

കാറിലെത്തിയ മൂന്നംഗസംഘത്തിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവരില്‍നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. രണ്ട് പൊതികളിലായി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

ആന്ധ്ര- ഒഡീഷ ബോര്‍ഡറില്‍ നിന്ന് 50,000 രൂപയ്ക്കാണ് ഹാഷിഷ് വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. ഹാഷിഷ് ഓയില്‍ കേരളത്തിലെത്തിച്ച് ചെറിയ അളവില്‍ വില്പന നടത്തുകയായിരുന്നു ലക്ഷ്യം.

സച്ചു ശശിധരന്‍ മറ്റ് കേസുകളിലും പ്രതിയാണ്. ഹാഷിഷിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കും. പീരുമേട് എക്‌സൈസ് സി.ഐ. എം.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.