കോഴിക്കോട്: മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ഡോക്ടറെ അടിക്കുകയും ഇതേ ഡോക്ടര്‍ക്കെതിരേ വ്യാജപരാതി നല്കുകയുംചെയ്ത യുവതിയും ഡോക്ടറെന്ന വ്യാജേന ആള്‍മാറാട്ടം നടത്തി യുവതിയെ ഫോണില്‍ ശല്യംചെയ്ത യുവാവും അറസ്റ്റിലായി. കുരുവട്ടൂര്‍ സ്വദേശിയായ 39-കാരിയെയും ഡോക്ടറെന്ന വ്യാജേന ആള്‍മാറാട്ടം നടത്തിയ കുന്ദമംഗലം മൈലംപറമ്പില്‍ മുഹമ്മദ് നൗഷാദിനെ(27)യുമാണ് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒന്പതാംവാര്ഡില്വെച്ച് ഡ്യൂട്ടിക്കിടെ ഡോക്ടറെ യുവതി മര്‍ദിച്ചത്. ഡോക്ടര്‍ വാട്സാപ്പിലൂടെ നിരന്തരം ശല്യംചെയ്യുകയാണെന്ന് ആരോപിച്ചാണ് ഇത് ചോദ്യംചെയ്യാനായി വന്ന യുവതി ഡോക്ടറെ അടിച്ചത്. സംഭവത്തില്‍ ഡോക്ടര്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് യുവതിയെ അന്വേഷിക്കുന്നതിനിടെയാണ് ഇതേ ഡോക്ടര്‍ക്കെതിരേ യുവതി ചേവായൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഡോക്ടര്‍ വാട്സാപ്പിലൂടെ നിരന്തരം ശല്യംചെയ്യുകയാണെന്നായിരുന്നു പരാതി. യുവതിയെ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ഡോക്ടറെന്ന വ്യാജേന വാട്സാപ്പില്‍ ശല്യപ്പെടുത്തിയത് കുന്ദമംഗലം സ്വദേശിയായ നൗഷാദാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഡോക്ടറെ മര്‍ദിച്ചതിന് യുവതിയെയും ആള്‍മാറാട്ടം നടത്തിയതിന് നൗഷാദിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ രോഗിയായ പിതാവിനൊപ്പം യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയിരുന്നു. പരാതിക്കാരനായ ഡോക്ടറാണ് യുവതിയുടെ പിതാവിനെ ചികിത്സിച്ചിരുന്നത്. ഇതേവാര്‍ഡില്‍ സുഹൃത്തിന് കൂട്ടിരിപ്പുകാരനായി നൗഷാദും ഉണ്ടായിരുന്നു. ഇതിനിടെ നൗഷാദ് യുവതിയുടെ നമ്പര്‍ കൈക്കലാക്കി. ആശുപത്രിവിട്ട ശേഷം മറ്റൊരു സിംകാര്‍ഡ് വാങ്ങി പുതിയ നമ്പറില്‍നിന്ന് പിതാവിനെ ചികിത്സിച്ച ഡോക്ടറാണെന്ന വ്യാജേന ഇയാള്‍ യുവതിക്ക് സന്ദേശമയച്ചു. തുടര്‍ന്ന് യുവതിയെ നിരന്തരം വാട്സാപ്പില്‍ സന്ദേശമയച്ച് ശല്യപ്പെടുത്തി. സന്ദേശമയക്കുന്നത് ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതി ഇത് ചോദ്യംചെയ്യാനായി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് ഡോക്ടറെ മര്‍ദിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഡോക്ടര്‍ക്കെതിരേ വ്യാജപരാതിയും നല്‍കിയത്.
Content Highlights: Woman assaults doctor in Kozhikode Medical College, then files fake complaint. Police arrest her and a man who impersonated the doctor, harassing her via WhatsApp.
Published: 17 Nov 2025, 10:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented