കോഴിക്കോട്: പി.ഡബ്ല്യു.ഡി. കോൺട്രാക്ടറിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാപഞ്ചായത്ത് ഓവർസിയർ വിജിലൻസിന്റെ പിടിയിലായി. കോഴിക്കോട് ഒടുമ്പ്ര സ്വദേശിയും കോഴിക്കോട് ജില്ലാപഞ്ചായത്ത് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസിയറുമായ നവീൻ രവി(47)യെയാണ് വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്.

To advertise here,

നിർമാണം പൂർത്തീകരിച്ച റോഡിന്റെ ബില്ല് പാസാക്കുന്നതിനായി പി.ഡബ്ല്യു.ഡി. കോൺട്രാക്ടറിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലായത്.

പി.ഡബ്ല്യു.ഡി. കരാർജോലികൾ ചെയ്യുന്ന കരാറുകാരൻ ജില്ലയിലെ പല പഞ്ചായത്തുകളിലും റോഡ് നിർമാണക്കരാറുകൾ ഏറ്റെടുത്തിരുന്നു. കിഴക്കോത്ത്, താമരശ്ശേരി പഞ്ചായത്തുകളിൽ പൂർത്തീകരിച്ച രണ്ട് റോഡ് നിർമാണത്തിന്റെ ബില്ലുകൾ അസി. എക്സിക്യുട്ടീവ് എൻജിനിയർ അനുമതി നൽകിയശേഷം ജില്ലാപഞ്ചായത്ത് ഓഫീസിലേക്ക് സോഫ്റ്റ്‌വേർ വഴിയും നേരിട്ടും അയച്ചിരുന്നു. രണ്ടു ബില്ലുകളും ഒന്നരമാസമായി ജില്ലാപഞ്ചായത്ത് ഓഫീസിൽ ഓവർസിയർ നവീൻ രവിയുടെ സീറ്റിൽ തീരുമാനമാകാതെ കിടന്നതിനെ തുടർന്ന് പരാതിക്കാരൻ ഒരു സുഹൃത്തുമായി ജില്ലാപഞ്ചായത്ത് ഓഫീസിൽ എത്തി. ഓവർസിയർ നവീൻ രവിയെ നേരിൽക്കണ്ട് വിവരം തിരക്കി. നവീൻ രവി ബില്ല് പെട്ടെന്ന് ശരിയാക്കിനൽകാമെന്ന് പരാതിക്കാരനോട് പറയുകയും 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, കൈക്കൂലി നൽകി കാര്യംസാധിക്കാൻ താത്പര്യമില്ലാത്ത പരാതിക്കാരൻ, വിവരം കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കുകയും ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ന് ജില്ലാപഞ്ചായത്ത് ഓഫീസിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുകയുമായിരുന്നു.

അഴിമതിസംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ വിജിലൻസിന്റെ ടോൾഫ്രീ നമ്പറായ 1064 എന്നതിലോ, 8592900900 എന്ന നമ്പറിലോ, 9447789100 എന്ന വാട്‌സാപ്പ് നമ്പറിലോ വിളിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.