കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികളുമുണ്ട്. നേരത്തേ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഷിംജിത പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.
ഷിംജിതയുടെ ലാപ്‌ടോപ്, ഫോൺ എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം വരുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ, 21 ദിവസമായി ജയിലിലാണെന്നും ഫൊറൻസിക് ഫലം വരുന്നതുവരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നും പ്രതിഭാഗവും കോടതിയിൽ പറഞ്ഞു.
ദീപക്കിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റുചെയ്തത്. ദീപക് ജീവനൊടുക്കാൻകാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾസഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നാണ് കുടുംബത്തിന്റെ പരാതി. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ അഡ്വ. ശ്രീജയും പ്രതിക്കുവേണ്ടി അഡ്വ. എം. സുഷമയും ഹാജരായി.
ഷിംജിത അപകീർത്തികരമായ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെത്തുടർന്നാണ് ദീപക്ക് ജീവനൊടുക്കിയതെന്നാണ് ആരോപണം. ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് ഷിംജിത ദീപക്കിന്റെ വീഡിയോ പ്രചരിപ്പിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച് എവിടെയും പരാതിപ്പെട്ടിരുന്നില്ലെന്ന് പോലീസ് പറഞ്ഞിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക്ക് ജീവനൊടുക്കിയത്. സംഭവത്തിൽ കേസെടുത്തതോടെ ഷിംജിത ഒളിവിൽപോയി. ജനുവരി 21-ന് വടകരയിൽനിന്നാണ് പോലീസ് പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്യുകയായിരുന്നു.
Content Highlights: Shimjitha Musthafa, arrested in connection with U. Deepuk`s suicide, receives bail from Kozhikode Principal Sessions Court. Conditions apply.
Published: 11 Feb 2026, 01:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented