
കൊയിലാണ്ടി: മാഹിയിൽനിന്ന് നികുതി വെട്ടിച്ച് അനധികൃതമായി ഡിസൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന വാഹനം തടയാൻ ശ്രമിച്ച ജി.എസ്.ടി. ഉദ്യോഗസ്ഥരെയും അവർ സഞ്ചരിച്ച വാഹനത്തെയും തട്ടിവീഴ്ത്തി അപായപ്പെടുത്താൻ ശ്രമം. വാഹനം പിന്നീട് കസ്റ്റഡിയിലെടുത്തെങ്കിലും ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ നാലുമണിക്ക് ജി.എസ്.ടി. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നന്തി മേൽപ്പാലത്തിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടയിലാണ് സംഭവം.
കെ.എൽ. 18 എ.ബി. 1317 എന്ന മിനിലോറി നിർത്താൻ സ്ക്വാഡ് അംഗങ്ങൾ കൈകാണിച്ചെങ്കിലും അതവഗണിച്ച് വാഹനം മുന്നോട്ടെടുത്തു. തടയാൻ ശ്രമിക്കുന്നതിനിടയിൽ ഉദ്യോഗസ്ഥരെയും ഡിപ്പാർട്ട്‌മെന്റ് വാഹനത്തെയും ഇടിച്ചിടാനും ശ്രമമുണ്ടായി. തുടർന്ന് ഉദ്യോഗസ്ഥർ വാഹനത്തെ പിന്തുടർന്നെങ്കിലും അതിവേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു.
ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച വിവരം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ അറിയിക്കുന്നതിനിടയിലാണ് കൊല്ലം നെല്യാടി-മേപ്പയ്യൂർ റോഡിലെ നരിമുക്ക് എന്ന സ്ഥലത്ത് ഈ വാഹനം സ്വകാര്യവ്യക്തിയുടെ മതിലിൽ ഇടിച്ചുതകർത്തുനിന്ന വിവരമറിയുന്നത്. നരിമുക്കിൽ വലിയ വയലിൽ ‘പ്രീതാസൗധ’ത്തിൽ പി.കെ. ശിവന്റെ മതിലാണ് ഇടിച്ചുതകർത്തത്. ഇതറിഞ്ഞ് പോലീസും ജി.എസ്.ടി. സ്ക്വാഡ് അംഗങ്ങളും അവിടെയെത്തുമ്പോഴേക്കും മിനിലോറിയിലെ ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് വാഹനം പോലീസ് കസ്റ്റഡിയിലെടുത്ത്, ജി.എസ്.ടി. സ്ക്വാഡിന് കൈമാറി. ഇത് പിന്നീട് കൊയിലാണ്ടി സിവിൽസ്റ്റേഷൻ വളപ്പിലേക്കു മാറ്റി.
മിനിലോറിയിൽ പ്രത്യേകമായി സ്ഥാപിച്ച ടാങ്കുകളിലാണ് ഡീസൽ സൂക്ഷിച്ചിരുന്നത്. 6000 ലിറ്ററോളം ഡീസലാണ് ലോറിയിൽ ഉണ്ടായിരുന്നതെന്ന് ജി.എസ്.ടി. അധികൃതർ പറഞ്ഞു. ജി.എസ്.ടി. എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ ജി.വി. പ്രമോദിന്റെ നിർദേശപ്രകാരം അസിസ്റ്റന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാരായ ടി.പി ലിതീഷ്, പി.കെ. ഷിജിൽകുമാർ, ഡ്രൈവർ ആർ. രാഗേഷ് എന്നിവരാണ് വാഹനപരിശോധന നടത്തിയത്.
Content Highlights: GST enforcement squad targeted during a vehicle inspection near Nandi overpass., Illegal transport of 6000 liters of diesel from Mahe intercepted., Suspects attempted to ram official vehicles before abandoning the truck in Narimukku., Vehicle seized by Koyilandy police and handed over to GST authorities.
Published: 03 Jun 2026, 07:46 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented