കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുമതി നൽകണമെന്ന അഡ്വക്കേറ്റ് ആളൂരിന്റെ ഹർജി ജില്ലാ കോടതി തള്ളി.

To advertise here,

ജോളി പലർക്കും വായ്പ നൽകിയ പണം തിരിച്ചുകിട്ടാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവദിക്കണമെന്നുമുള്ള അഭിഭാഷകൻ ബി.എ. ആളൂരിന്റെ അപേക്ഷയാണ് ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി പി. രാഗിണി തള്ളിയത്.

ഹർജി അംഗീകരിക്കരുതെന്നും അഭിഭാഷകവൃത്തിക്കും നിയമത്തിനും വിരുദ്ധമായ അപേക്ഷയാണെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുമെന്നും വ്യക്തമാക്കി പ്രോസിക്യൂഷൻ ഇതിനെ ശക്തമായി എതിർത്തു. ഇത്തരം അപേക്ഷകൾ പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ജോളിയെ ജയിലിൽ കണ്ട് സംസാരിക്കാൻ മാത്രം അഭിഭാഷകനെ അനുവദിച്ച് ഹർജി തീർപ്പാക്കി.

സിലി വധക്കേസിൽ ജോളി നൽകിയ വിടുതൽ ഹർജിയിൽ കോടതി ബുധനാഴ്ച വാദം കേട്ടു. കുറ്റം നിലനിൽക്കില്ലെന്നും കുറ്റപത്രം ചുമത്താൻ പര്യാപ്തമായ തെളിവുകൾ ഇല്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ രഹസ്യമൊഴി തെളിവായെടുക്കരുതെന്നും പ്രതിഭാഗം വാദിച്ചു. ആറു കേസിലും വെവ്വേറെ രഹസ്യമൊഴി രേഖപ്പെടുത്തണമായിരുന്നുവെന്നും ആളൂർ വാദിച്ചു.

ഷാജുവിനെ സ്വന്തമാക്കാനാണ് ജോളി ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊന്നതെന്ന കാര്യം ഷാജുവിന്റെ രഹസ്യമൊഴിയിൽ ഇല്ലെന്ന പ്രതിഭാഗം വാദത്തെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണിക്കൃഷ്ണൻ എതിർത്തു. ഇക്കാര്യം ഷാജുവിന്റെ രഹസ്യമൊഴിയിൽ വ്യക്തമായുണ്ടെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. വിടുതൽ ഹർജിയും കൂടത്തായി കൊലപാതകപരമ്പരയിലെ എല്ലാ കേസുകളും മാർച്ച് പത്തിന് വീണ്ടും പരിഗണിക്കും.

Content Highlights: koodathai case ba aloors plea rejected by court