കൊണ്ടോട്ടി: പ്ലസ് വണ്‍ വിദ്യാര്‍ഥിയെയും കൂട്ടുകാരനെയും മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയും പോലീസില്‍ പരാതിനല്‍കിയതിന്റെ പേരില്‍ വീണ്ടും മര്‍ദിക്കുകയും ചെയ്തുവെന്ന പരാതിയില്‍ കൊണ്ടോട്ടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് പ്ലസ്ടു വിദ്യാര്‍ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു. തൃപ്പനച്ചി സ്വദേശിയായ വിദ്യാര്‍ഥിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് നടപടി. 

To advertise here,

കഴിഞ്ഞ ജനുവരി 15-നാണ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്കു മടങ്ങുന്നതിനിടെ ഗ്രൗണ്ടില്‍വെച്ചും ഓടിരക്ഷപ്പെടുന്നതിനിടെ വഴിയില്‍വെച്ചും പ്ലസ്ടു വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായാണു പരാതി. തിരിച്ചറിയല്‍ കാര്‍ഡ് ഷര്‍ട്ടിന്റെ പോക്കറ്റിലിടാന്‍ പാടില്ലെന്നും മുതിര്‍ന്നവരെ ബഹുമാനിക്കുന്നില്ലെന്നുമെല്ലാം പറഞ്ഞായിരുന്നു മര്‍ദനം.

പരിക്കേറ്റ വിദ്യാര്‍ഥികള്‍ മഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അന്നുതന്നെ പോലീസില്‍ പരാതിയും നല്‍കി. ആശുപത്രി വിട്ട് സ്‌കൂളിലെത്തിയപ്പോള്‍ വീണ്ടും ഇരുവരെയും പ്ലസ്ടു വിദ്യാര്‍ഥികള്‍ അടിച്ചുപരിക്കേല്‍പ്പിച്ചതായി വിദ്യാര്‍ഥിയുടെ രക്ഷിതാവ് പറഞ്ഞു. തുടര്‍ന്ന് കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിലാണ് ഏഴ് പ്ലസ്ടു വിദ്യാര്‍ഥികളുടെ പേരില്‍ കേസെടുത്തത്. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് പറഞ്ഞു.