കൊല്ലം: വാഹനമോഷണക്കേസിൽ പിടിയിലായി പോലീസ് കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ പ്രതി ചാടിപ്പോയി. കർണാടക പോലീസ് തിരയുന്ന കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച വെളുപ്പിനെ ചാടിപ്പോയത്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥനെന്ന വ്യാജേന പരിശോധന നടത്തി ലക്ഷങ്ങൾ കവർന്ന കേസിൽ കർണാടക പോലീസ് അന്വേഷിക്കുന്നതിനിടെയാണ് കൊല്ലം സ്വദേശിയായ പ്രതി വാഹനമോഷണക്കേസിൽ പിടിയിലായത്. കൊല്ലം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നാണ് കഴിഞ്ഞ ദിവസം ഇയാളെ കൊല്ലം കൺട്രോൾ റൂം സംഘം പിടികൂടിയത്. തടർന്ന് പ്രതിയെ കൊല്ലം ഈസ്റ്റ് പോലീസിന് കൈമാറി.
മോഷ്ടിച്ച കാർ കൊല്ലം റെയിൽവേ സ്റ്റേഷനുസമീപം ‘നോ പാർക്കിങ്’ മേഖലയിൽ നിർത്തിയശേഷം ഇയാൾ മറ്റൊരു കാറിൽ കയറി പോയി. കൺട്രോൾ റൂം പോലീസ് വാഹന നമ്പർപ്രകാരം ഉടമയെ കണ്ടെത്തി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തന്റെ വാഹനം മോഷണംപോയതായി വടക്കാഞ്ചേരി സ്വദേശി അറിയിച്ചത്. ഇതുസംബന്ധിച്ച് വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാത്രി വാഹനമെടുക്കാനെത്തിയ രാജീവിനെ കൺട്രോൾ റൂം പോലീസ് പിടികൂടി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ട പ്രതിയെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇഡി റെയ്ഡ് കഥയിങ്ങനെ...
കഴിഞ്ഞ ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഇഡി ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് രണ്ട് കാറുകളിലെത്തിയ ആറംഗസംഘം, കർണാടക സ്പീക്കറുടെ ബന്ധുവായ തീപ്പെട്ടിവ്യവസായി എം. സുലൈമാന്റെ വീട്ടിലെത്തി. അറസ്റ്റ് വാറന്റുണ്ടെന്നു പറഞ്ഞ് ബലംപ്രയോഗിച്ച് വീട്ടിൽ കടന്ന് പരിശോധന നടത്തി. സുലൈമാന്റെ മകൻ മുഹമ്മദ് ഇഖ്ബാൽ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽനിന്ന് പണവും അഞ്ച് മൊബൈൽ ഫോണും ഇവർ കൊണ്ടുപോയി. രേഖകളില്ലാത്ത പണമാണെന്നും ബെംഗളൂരുവിലെ ഇഡി ഓഫീസിലെത്തി രേഖകൾ ഹാജരാക്കാനുമായിരുന്നു നിർദേശം.
തട്ടിപ്പ് മനസ്സിലായ മുഹമ്മദ് ഇഖ്ബാൽ പോലീസിൽ പരാതി നൽകി. കാറിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കർണാടക പോലീസ് കൊല്ലത്തേക്ക് തിരിക്കുന്നത്. ഫെബ്രുവരി മൂന്നിന് കൊല്ലം സ്വദേശികളായ മൂന്നുപേരെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതോടെയാണ് രാജീവ് ഫെർണാണ്ടസിന്റെ പങ്ക് വ്യക്തമായത്. അന്നുമുതൽ ഇയാൾ ഒളിവിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
Content Highlights: A wanted criminal, apprehended for vehicle theft, has escaped police custody while undergoing treatment at Thiruvananthapuram Medical College. Authorities have intensified their search.
Published: 10 Nov 2025, 10:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented