കൊൽക്കത്ത: ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സഞ്ജയ് റോയിയുടെ ശിക്ഷ ഇന്ന് വിധിക്കും. വെള്ളിയാഴ്ചയാണ് സഞ്ജയ് റോയി കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. കൊൽക്കത്ത സീൽദായിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
നിർഭയ കേസിന് സമാനമായി പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. അതിക്രൂരമായ ഈ കൊലപാതക കുറ്റത്തിന് പ്രതിയ്ക്ക് വധശിക്ഷയോ 25 വർഷം തടവോ ശിക്ഷയായി ലഭിച്ചേക്കാമെന്ന് വിധി വിശദീകരിച്ചുകൊണ്ട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പറഞ്ഞു.
ഭാരതീയ ന്യായ സംഹിത 64-ാം വകുപ്പ് പ്രകാരം 10 വർഷത്തിൽ കുറയാത്തതും 66-ാംവകുപ്പ് പ്രകാരം 25 വർഷമോ അല്ലെങ്കിൽ വധശിക്ഷയോ ലഭിച്ചേക്കാം. താൻ യാതൊരു തെറ്റും ചെയ്തില്ലെന്നും പോലീസ് തന്നെ കുടുക്കിയതാണെന്നുമാണ് പ്രതിയുടെ വാദം. യഥാർഥ പ്രതികൾ കാണാമറയത്താണെന്നും സഞ്ജയ് റോയിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചത്.
രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. ഈ സംഭവത്തിന് പിന്നാലെ ഡോക്ടർമാരുടെ വ്യാപക പ്രതിഷേധം ഉൾപ്പെടെ രാജ്യത്ത് അരങ്ങേറി.
2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. തുടർന്ന് പുലർച്ചെ നാലുമണിയോടെ ഇയാൾ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാൾ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. സെമിനാർ ഹാളിൽ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ബലാത്സംഗത്തിന് ശേഷമാണ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ സംസ്ഥാനത്തും രാജ്യമൊട്ടാകെയും പ്രതിഷേധം ഇരമ്പി. ഓഗസ്റ്റ് പത്താം തീയതി സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഡോക്ടറുടെ മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഇയർഫോണിന്റെ ഭാഗവും ആശുപത്രി കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിഷേധം ശക്തമായതോടെ കോടതി പിന്നീട് കേസ് സി.ബി.ഐ.യ്ക്ക് കൈമാറി. കുറ്റകൃത്യത്തിൽ സഞ്ജയ് റോയി മാത്രം ഉൾപ്പെട്ടിട്ടുള്ളൂ എന്നായിരുന്നു സി.ബി.ഐ.യുടെയും കണ്ടെത്തൽ. പ്രതിയുടെ വസ്ത്രത്തിൽ നിന്നും ചെരുപ്പിൽ നിന്നും വനിതാ ഡോക്ടറുടെ രക്തസാമ്പിളുകൾ കണ്ടെത്തുകയും അത് ഡി.എൻ.എ പരിശോധനയിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.
അതേസമയം, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും അന്വേഷണം വൈകിപ്പിച്ചതിനും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, പോലീസ് ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ഡാൽ എന്നിവരെയും സി.ബി.ഐ. അറസ്റ്റ് ചെയ്തു.
2024 നവംബർ നാലിനാണ് കേസിലെ പ്രതി സഞ്ജയ് റോയിക്കെതിരെ സി.ബി.ഐ. സംഘം കുറ്റപത്രം സമർപ്പിച്ചത്. നവംബർ 11-ാം തീയതി കേസിന്റെ വിചാരണ ആരംഭിച്ചു. വിചാരണ മുഴുവനും അടച്ചിട്ട കോടതിമുറിയിലായിരുന്നു. വിചാരണ നടപടികൾ ക്യാമറയിലും പകർത്തിയിരുന്നു.
ആകെ 50 പേരുടെ സാക്ഷിമൊഴികളാണ് കേസിലുണ്ടായിരുന്നത്. വനിതാ ഡോക്ടറുടെ മാതാപിതാക്കൾ, പോലീസിലെയും സി.ബി.ഐ.യിലെയും അന്വേഷണ ഉദ്യോഗസ്ഥർ, ഡോക്ടറുടെ സഹപ്രവർത്തകർ, ഫൊറൻസിക് വിദഗ്ധർ, വിദഗ്ധ ഡോക്ടർമാർ എന്നിവരടക്കമുള്ള സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു. 2025 ജനുവരി 9-ന് വിചാരണ പൂർത്തിയാക്കി. തുടർന്നാണ് കോടതി കേസിൽ വിധി പറഞ്ഞത്.
അവന് വധശിക്ഷ ലഭിച്ചാലും എതിർക്കില്ല; സഞ്ജയ് റോയിയുടെ മാതാവ്
കൊൽക്കത്ത: സഞ്ജയ് റോയിക്ക് വധശിക്ഷ ലഭിച്ചാൽ പോലും സ്വാഗതം ചെയ്യുമെന്ന് പ്രതിയുടെ മാതാവ്. മൂന്ന് പെൺമക്കളുടെ മാതാവായ തനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദനയുടെ ആഴം മനസ്സിലാകുമെന്ന് മാലതി റോയ് പറഞ്ഞു. ''എനിക്ക് മൂന്ന് പെൺമക്കളാണ്. എനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിച്ച വേദന മനസ്സിലാകും. അവൻ അർഹിക്കുന്ന ശിക്ഷ എന്തു തന്നെയാണെങ്കിലും അത് ഏറ്റുവാങ്ങട്ടെ. തൂക്കി കൊല്ലാൻ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും''- മാലതി റോയി പറഞ്ഞു.
സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് അയാളുടെ സഹോദരി സബിത പറഞ്ഞു. സഹോദരൻ അറസ്റ്റിലായതിന് ശേഷം വീടിന് പുറത്തിറങ്ങാൻ ഭയമായി. ആഴ്ചയിൽ ഒരിക്കൽ ക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നു. അതും നിർത്തേണ്ടി വന്നു. ഒരാൾ ചെയ്ത കുറ്റത്തിന് തങ്ങൾ എല്ലാവരും ശാപം ഏറ്റുവാങ്ങുകയാണ്. ആളുകൾ വളരെ മോശമായാണ് തന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നത്. തന്റെ ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് പോലും പഴികേൾക്കേണ്ടി വന്നു .ഈ കൊലപാതകം സഞ്ജയ് റോയ് ഒറ്റയ്ക്ക് ചെയ്തുവെന്നത് വിശ്വസിക്കാനാകുന്നില്ല എന്നും അയാൾക്ക് കൂട്ടാളികൾ ഉണ്ടായിരുന്നിരിക്കാമെന്നും സഹോദരി പറഞ്ഞു.
സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായതിന് ശേഷം മാതാവോ സഹോദരിയോ അയാളെ കാണാൻ ഒരിക്കൽ പോലും ജയിലിൽ എത്തിയില്ല.
നിർഭയ കേസിന് സമാനമായി പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്റെ വാദിച്ചത്.. അതിക്രൂരമായ ഈ കൊലപാതക കുറ്റത്തിന് പ്രതിയ്ക്ക് വധശിക്ഷയോ 25 വർഷം തടവോ ശിക്ഷയായി ലഭിച്ചേക്കാമെന്ന് വിധി വിശദീകരിച്ചുകൊണ്ട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പറഞ്ഞു.
Content Highlights: Kolkata Rape murder case, Sanjay Roy, 25 Years Jail Or Death Penalty; Verdict, Lady Doctor Murder
Published: 20 Jan 2025, 07:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented