കൊൽക്കത്ത: കൊൽക്കത്തയിലെ ബഹാലയിലുള്ള വസുന്ധര പാർക്ക് (ഖുദിരാംപള്ളി) നഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചുംബിച്ചെന്നാരോപിച്ച് യുവാവിനെയും പിതാവിനെയും യുവാവിൻ്റെ സുഹൃത്തിനെയും മർദിച്ച് നഗ്നരാക്കി റോഡിലൂടെ നടത്തി. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. പെൺകുട്ടിയുടെ പിതാവും മാതൃസഹോദരനും ഇവരുടെ സുഹൃത്തുമാണ് അറസ്റ്റിലായത്.

To advertise here,

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവും സുഹൃത്തും പെൺകുട്ടിയെ കാണാൻ പോയിരുന്നു. ഈ സമയത്ത് യുവാവ് പെൺകുട്ടിയെ ചുംബിക്കുന്നത് പെൺകുട്ടിയുടെ അമ്മാവന്റെ സുഹൃത്ത് കാണാനിടയായെന്നാണ് പറയുന്നത്. തുടർന്ന് ഇയാൾ വിവരം പെൺകുട്ടിയുടെ അമ്മാവനെയും പിതാവിനെയും അറിയിച്ചു.  സ്ഥലത്തെത്തിയ ഇരുവരും ചേർന്ന് യുവാക്കളെ ഖുദിരാംപള്ളിയിലുള്ള ഇവരുടെ വീട്ടിലേക്ക് ബലമായി കൊണ്ടുപോവുകയും അവിടെവെച്ച് മർദിക്കുകയും ചെയതു. തുടർന്ന്, യുവാവിന്റെ പിതാവിനെ വിളിച്ചുവരുത്തുകയുമായിരുന്നു.

പിതാവ് സ്ഥലത്തെത്തിയപ്പോൾ അദ്ദേഹത്തെയും പ്രതികൾ മർദിച്ചു. തുടർന്ന്, തോക്കുചൂണ്ടി വധഭീഷണി മുഴക്കി മൂവരെയും നഗ്നരാക്കി. തുടർന്ന്, ഇവരുടെ വീടിന് മുന്നിലെ വഴിയിലൂടെ 50 മീറ്ററോളം നടത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.