കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയിക്കെതിരെ ഫോറന്‍സിക് തെളിവുകള്‍ നിരത്തി സിബിഐ. ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 11 നിര്‍ണായക തെളിവുകളാണ് സിബിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തെളിവുകളെല്ലാം സഞ്ജയ് മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് തെളിയിക്കുന്നതെന്ന് പറഞ്ഞ സിബിഐ കൂട്ടബലാത്സംഗത്തിന്റെ സാധ്യത തള്ളിക്കളഞ്ഞു. 

To advertise here,

കൊല്ലപ്പെട്ട ഡോക്ടറുടെ ശരീരത്തില്‍നിന്നും സഞ്ജയുടെ ഡിഎന്‍എ സാമ്പിളുകള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. പെണ്‍കുട്ടിയുടെ മൃതശരീരത്തില്‍നിന്ന് കണ്ടെത്തിയ ഉമിനീരും സഞ്ജയുടേതാണ്. കൃത്യം നടന്ന സ്ഥലത്തുനിന്നും ഇയാളുടെ മുടിയും കണ്ടെടുത്തിട്ടുണ്ട്. മാത്രമല്ല, പ്രതിയുടെ ശരീരത്തില്‍ മുറിവുകളും വസ്ത്രങ്ങളില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്തവും പറ്റിയിട്ടുണ്ട്. ഇയാളുടെ ശരീരത്തിലെ മുറിവുകള്‍ പെണ്‍കുട്ടി ബലാത്സംഗത്തെ എതിര്‍ത്തപ്പോള്‍ സംഭവിച്ചതാവാം എന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നും സംഭവസമയത്ത് പ്രതി കൃത്യം നടന്ന സ്ഥലത്തേക്ക് പോകുന്നതും വരുന്നതും കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങളില്‍ പ്രതി സെമിനാര്‍ ഹാളിനടുത്തേക്ക് പോകുമ്പോള്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഉള്ളതായും തിരിച്ചുവരുമ്പോള്‍ ഇല്ലാത്തതായും കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടന്നയിടത്തുനിന്നും ലഭിച്ച ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് സഞ്ജയുടെ ഫോണുമായി കണക്ട് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ, സഞ്ജയുടെ ഫോണ്‍ ലൊക്കേഷനും സംഭവസമയത്ത് കുറ്റകൃത്യം നടന്നയിടത്താണ് ഉണ്ടായിരുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.