കണ്ണൂർ: ടി.പി. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് ജയിലിനകത്തും പുറത്തും സഹായം ലഭിക്കുന്നുണ്ടെന്ന് ജയിൽ ഡിഐജി പങ്കെടുത്ത യോഗത്തിൽ വിമർശം. വെള്ളിയാഴ്ച വൈകീട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ ഡിഐജി വി. ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. തുടർന്ന് ഡിഐജിയുടെ മേൽനോട്ടത്തിൽ ജയിലിൽ നടത്തിയ മിന്നൽ പരിശോധനയിൽ മൊബൈൽഫോണും മറ്റും കണ്ടെടുത്തു.
കൊടി സുനിക്കും ടി.പി. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മറ്റുള്ളവർക്കും ജയിലിനകത്ത് ചില ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും സഹായം കിട്ടുന്നുണ്ടെന്ന് ചില ഉദ്യോഗസ്ഥർ ഡിഐജിയോട് പറഞ്ഞു. കൊടി സുനിയെയും കൂട്ടാളികളെയും കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മാറ്റണമെന്ന് ജയിൽ സൂപ്രണ്ട് തന്നെ ആവശ്യപ്പെട്ടതായി അറിയുന്നു. ടി.പി. കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുള്ള തടവുകാരെ ജയിലിന് പുറത്തേക്ക് കൊണ്ടുപോകുന്പോൾ കൂടുതൽ പോലീസിനെ ആവശ്യപ്പെടും. ഇക്കാര്യം പോലീസ് മേധാവിയുമായി ചർച്ചചെയ്തിട്ടുണ്ടെന്ന് ഡിഐജി അറിയിച്ചു.
കൊടി സുനി നിരന്തരം ഫോൺ ഉപയോഗിക്കുന്നതായും ലഹരി ഉത്പന്നങ്ങൾ പ്രതികൾക്ക് ലഭിക്കുന്നതായും നേരത്തേ വാർത്തകൾ വന്നിരുന്നു. ജയിലിനകത്തുനിന്ന് പുറത്തെ ലഹരിമരുന്ന് വില്പന നിയന്ത്രിക്കുന്നതായും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം പുലർത്തുന്നതായും ജയിൽവകുപ്പിന്റെ റിപ്പോർട്ടിലുണ്ട്.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെ തുടർന്നുണ്ടായ സംഭവങ്ങൾ, കോടതിയിൽ കൊണ്ടുപോകുന്നതിനിടെ കൊടി സുനിയുടെ പരസ്യ മദ്യപാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി.
പോലീസ് കാവലിൽ പരസ്യ മദ്യപാനം: ഒടുവിൽ കൊടി സുനിക്കെതിരേ കേസ്
തലശ്ശേരി: പോലീസിന്റെ സാന്നിധ്യത്തിൽ പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച സംഭവത്തിൽ ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് കുറ്റവാളി കൊടി സുനി ഉൾപ്പെടെയുള്ളവരുടെ പേരിൽ ഒടുവിൽ പോലീസ് കേസെടുത്തു. സുനിയെക്കൂടാതെ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കും മാഹി ഇരട്ടക്കൊലക്കേസിലെ ചില പ്രതികൾ ഉൾപ്പെടെ കണ്ടാലറിയുന്ന ഇവരുടെ സുഹൃത്തുക്കൾക്കുമെതിരേയുമാണ് കേസ്.
പരസ്യ മദ്യപാനത്തിന് അബ്കാരി ആക്ട് പ്രകാരം വെള്ളിയാഴ്ച രാത്രി 11.15-നാണ് തലശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനാവില്ലെന്നായിരുന്നു പോലീസിന്റെ ആദ്യ നിലപാട്. മദ്യപിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ടെന്നാണ് ഇപ്പോൾ എഫ്‌ഐആറിൽ പറയുന്നത്.
ജൂൺ 17-ന് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിചാരണയ്ക്കായി തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ പ്രതികളെ ഹാജരാക്കിയിരുന്നു. കോടതി നടപടികൾക്കുശേഷം തിരിച്ചുപോകവേ വൈകീട്ട് നാലോടെ കോടതിക്ക് സമീപത്തുള്ള വിക്ടോറിയ ഹോട്ടലിൽ എത്തിയ പ്രതികൾ പോലീസുകാരെ ഭീഷണിപ്പെടുത്തി ഹോട്ടലിന്റെ കാർ പാർക്കിങ് ഏരിയയിൽ സുഹൃത്തുക്കളോടൊപ്പം പരസ്യമായി മദ്യപിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തെങ്കിലും കേസെടുക്കാത്തത് വിവാദമായി. കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഫാൻ മുണ്ടേരി പരാതി നൽകിയെങ്കിലും ഇപ്പോൾ പോലീസ് സ്വമേധയാണ് കേസെടുത്തത്. തലശ്ശേരി എസ്‌ഐ പി. ഷമീലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Content Highlights: Kodi Suni, convicted in the TP Chandrasekharan murder case, receives aid inside jail
Published: 10 Aug 2025, 08:16 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented