കൊച്ചി: കംബോഡിയ കേന്ദ്രീകരിച്ച് വൻ സൈബർ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മൂന്ന് മലയാളികളെ കൊച്ചി സിറ്റി സൈബർ പോലീസ് പിടികൂടി. അരൂർ സ്വദേശിയും എൻജിനിയറിങ് ബിരുദധാരിയുമായ സൂരജ് കൃഷ്ണ (22), മലപ്പുറം വളാഞ്ചേരി സ്വദേശി അഫ്സൽ (23), ഇയാളുടെ സുഹൃത്ത് എന്നിവരാണ് പിടിയിലായത്.

To advertise here,

കൊച്ചിയിലെ ഡോക്ടറെ കബളിപ്പിച്ച് 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ചൈനീസ് നിയന്ത്രണത്തിനുള്ള ആഗോള സൈബർ തട്ടിപ്പ് സംഘത്തിന്റെ കംബോഡിയയിലെ ജോലിക്കാരനായിരുന്നു സൂരജ്. ആറ് ദിവസം മുൻപാണ് ഇയാൾ നാട്ടിലെത്തിയത്. പോലീസ് നിരീക്ഷണത്തിലായിരുന്ന സൂരജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളെ പിടികൂടിയത്. സൂരജിന്റെ കേരളത്തിലുള്ള ബാങ്ക് അക്കൗണ്ടിലെത്തിയ പണം പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് കൈമാറിയവരാണ് കൂട്ടുപ്രതികൾ. ഇവർ ഇതിന് കമ്മിഷൻ വാങ്ങിയിരുന്നു.

ഇക്കഴിഞ്ഞ ആഴ്ചയാണ് ഡോക്ടർ പണം നഷ്ടപ്പെട്ടെന്ന പരാതി നൽകിയത്.

മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്ത ഡോക്ടറെ സ്ത്രീയെന്ന വ്യാജേന സൂരജ് ഫോണിൽ വിളിച്ച് ബന്ധം സ്ഥാപിച്ചു. പിന്നീട് ഓഹരിയിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ഡോക്ടർ ആദ്യം നിക്ഷേപിച്ച 25 ലക്ഷത്തോളം രൂപ സൂരജ് കൃഷ്ണയുടെ സ്വന്തം അക്കൗണ്ടിലാണ് എത്തിയത്. ഇതോടെയാണ് ഇയാളുടെ അക്കൗണ്ട് വിവരങ്ങളും മറ്റും പോലീസ് നിരീക്ഷിച്ച് തുടങ്ങിയത്. വൻ ശമ്പളം നൽകിയാണ് മുഖ്യപ്രതി സൂരജ് കംബോഡിയയിൽ ജോലി ചെയ്തിരുന്നതെന്നും മൊഴി നൽകിയിട്ടുണ്ട്.

സൈബർ സെൽ എസ്എച്ച്ഒ പി.എ. ഷമീർ ഖാൻ, പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, അജിത് രാജ്, അരുൺ രാമകൃഷ്ണൻ, നജീബ്, അനീഷ് എം.കെ. എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.