
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിൽ മുഖ്യസൂത്രധാരനടക്കം അഞ്ചുപേരെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് അറസ്റ്റ് ചെയ്തു. ബംഗാളിൽനിന്ന് ഒരാളെയും അസമിൽനിന്ന് നാലുപേരേയുമാണ് അറസ്റ്റ് ചെയ്തത്. വാഹനക്കടത്തിലെ മുഖ്യസൂത്രധാരനും വിപ്രോയിലെ സീനിയർ എൻജിനിയറുമായ ജയ്പാൽഗുരി ജയ്‌ഗോൺ സ്വദേശി ബിശ്വദീപ് ദാസ് (35), അസമിലെ ബോംഗൈഗാവ് സ്വദേശിയും മോട്ടോർവാഹനവകുപ്പിലെ ഡി.ടി.ഒ.യുമായ ദീപക് പാടോവാരി (57), അസം സ്വദേശികളായ അയൂബ് അലി (35), എം.ഡി. മുസ്തഫ അഹമ്മദ് അഥവ റിങ്കു (35), ജലാൽ മൊണ്ഡൽ (31) എന്നിവരാണ് അറസ്റ്റിലായത്.
സശസ്ത്ര സീമാബൽ (എസ്.എസ്.ബി.), ബംഗാൾ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ്, ഷില്ലോങ് കസ്റ്റംസ് എന്നിവയുടെ സഹായത്തോടെയായിരുന്നു അറസ്റ്റ്. ഒരാഴ്ചയ്ക്കിടെ ജയ്‌ഗോണിലേക്ക് 2,900 കിലോമീറ്ററും ബോംഗൈഗാവിലേക്ക് 3,000 കിലോമീറ്ററും സഞ്ചരിച്ചാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് സംഘം ഭൂട്ടാൻ വാഹനക്കടത്തിലെ ആദ്യ അറസ്റ്റുകൾ നടത്തിയത്.
ഭൂട്ടാനിൽനിന്ന് ആഡംബര കാറുകളുൾപ്പെടെ ഇന്ത്യയിലേക്ക് കടത്തി വ്യാജമായി രജിസ്റ്റർ ചെയ്യുന്ന മാഫിയയെ കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങിയത് ഒന്നരവർഷം മുൻപാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരേ ചേസിസ്, എൻജിൻ നമ്പറുകളുള്ള 15,849 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി സി.എ.ജി.യുടെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഓപ്പറേഷൻ 'നുംഖോർ' എന്നപേരിൽ അന്വേഷണം തുടങ്ങിയ കൊച്ചി കസ്റ്റംസ് പ്രിവന്റീവ്, കഴിഞ്ഞവർഷം സെപ്റ്റംബറിൽ മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങളുടെ വീടുകളിലടക്കം റെയ്ഡ് നടത്തി ഭൂട്ടാനിൽ നിന്നുള്ള റെയ്ഞ്ച് റോവർ ഡിഫൻഡർ 110, നിസ്സാൻ പട്രോൾ, ടോയോട്ട പ്രാഡോ, ലാൻഡ് ക്രൂസർ, ലെക്സസ് എന്നീ എസ്.യു.വി.കൾ പിടിച്ചെടുത്തിരുന്നു.
സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നിരോധനമുള്ളതിനാൽ ഇന്ത്യൻ പട്ടാളത്തിന്റെയും എംബസികളുടേയും പേരിൽ വ്യാജമായി രജിസ്റ്റർ ചെയ്ത്, അവർ വിറ്റ വണ്ടികളാണെന്ന് വ്യാജരേഖകളുണ്ടാക്കി കേരളത്തിലേക്ക് 150 വാഹനങ്ങളാണ് ഈ രീതിയിൽ എത്തിച്ചത്. ഇതിൽ 49 വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
ഇതിനുശേഷം ഇപ്പോഴാണ് കേസിലെ ആദ്യ അറസ്റ്റ് നടക്കുന്നത്. ബിശ്വദീപ് ദാസാണ് ജയ്‌ഗോൺ വഴി വാഹനങ്ങൾ കടത്താനുള്ള എല്ലാ നീക്കങ്ങളും നടത്തിയത്. വാഹനം പുറപ്പെടുന്നതുമുതൽ ഇന്ത്യൻ അതിർത്തി കടക്കുന്നതുവരെയുള്ള കാര്യങ്ങളെല്ലാം നിരീക്ഷിക്കുന്നതും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുന്നതും ഇയാളാണ്. ബിശ്വദീപ് ദാസിനെ ചോദ്യംചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസമിലെ ബോംഗൈഗാവ്, ഗുവാഹാട്ടി എന്നിവിടങ്ങളിൽനിന്ന് നാലുപേരെകൂടി പിടികൂടിയത്.
അസമിലെത്തിക്കുന്ന ഭൂട്ടാൻ വാഹനങ്ങൾക്ക് വ്യാജ രജിസ്‌ട്രേഷൻ ഉണ്ടാക്കാൻ സഹായിക്കുന്നയാളാണ് അസം മോട്ടോർവാഹന വകുപ്പിലെ ബോംഗൈഗാവ് ഡി.ടി.ഒ. ദീപക് പാടോവാരി. ഗുവാഹാട്ടിയിൽനിന്ന് പിടിയിലായ അയൂബ് അലി, എം.ഡി. മുസ്തഫ അഹമ്മദ്, ജലാൽ മൊണ്ഡൽ എന്നിവർ ഈ വാഹനക്കടത്തിന് ഒത്താശ ചെയ്തുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
അസമിൽ മാത്രം വ്യാജരേഖകൾ ഉപയോഗിച്ച് 460 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അസം പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ ഇന്ത്യയിൽനിന്ന് കയറ്റുമതിചെയ്തശേഷം തിരികെ കടത്തിക്കൊണ്ടുവന്ന വാഹനങ്ങളും ഇതിലുണ്ട്. അറസ്റ്റിലായവരിൽ മുഖ്യസൂത്രധാരനായ ബിശ്വദീപിനെ കൊച്ചിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. ബാക്കി നാലുപേരെ അസം കോടതിയിലാണ് ഹാജരാക്കിയത്. ഇവരെ അടുത്തയാഴ്ച കൊച്ചിയിലെത്തിക്കും.
Content Highlights: Arrest of 5 key suspects in the Bhutan-India luxury vehicle smuggling case., Mastermind identified as Wipro engineer Bishwadeep Das., Involvement of RTO official Deepak Patowari in creating fake registrations., Operation 'Numkhor' uncovered 15,849 illegally registered vehicles in NE states., 49 luxury SUVs seized by Customs in previous raids.
Published: 08 Mar 2026, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented