കൊച്ചി: ബിനാലെയിൽ കലാപരിപാടി അവതരിപ്പിക്കാനെത്തിയ തായ്വാൻ കലാകാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നവി മുംബൈ സ്വദേശി സുമിത്ത് കട്ടാരേയുടെ പേരിൽ കേസെടുത്തു. സിറ്റി പോലീസ് കമ്മിഷണർക്ക് 29-കാരിയായ കലാകാരി ഇ-മെയിലായി അയച്ച പരാതിയിലാണ് നടപടി.

To advertise here,

ജനുവരിയിലാണ് കൊച്ചിയിലെത്തിയ സംഗീതജ്ഞ കൂടിയായ തയ്വാൻകാരി വിവിധ വേദികളിൽ പരിപാടികൾ അവതരിപ്പിച്ചത്. 18-ന് രാവിലെ ബിനാലെയുടെ പ്രധാന വേദികളിൽ ഒന്നായ പെപ്പർ ഹൗസിന് മുന്നിൽവെച്ചാണ് സുമിത്തിനെ പരിചയപ്പെടുന്നത്. രാത്രി മദ്യപിക്കാൻ ക്ഷണിച്ചെങ്കിലും കലാകാരി പോയില്ല. പിറ്റേന്ന് ഇയാൾ വീണ്ടുമെത്തി കായൽയാത്രയ്ക്കായി ക്ഷണിച്ചു. ഉച്ചയ്ക്കുശേഷം ഇരുവരും ഉല്ലാസബോട്ടിൽ കയറി. യുവതിയോട് ഇയാൾ അപമര്യാദയായി പെരുമാറി. തിരികെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴും സമാന അനുഭവമുണ്ടായി. പിറ്റേന്ന് നാട്ടിലേക്ക് തിരിച്ച കലാകാരി, അവിടെ എത്തിയശേഷമാണ് പരാതി നൽകിയത്. പ്രതിയുടെ ഫോൺനമ്പറും പരാതിയിൽ കൈമാറി. വിദേശത്തുള്ള യുവതിയുടെ മൊഴി ഓൺലൈനായി എടുക്കാനാണ് സാധ്യത. വിനോദസഞ്ചാരബോട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിക്കാനൊരുങ്ങുകയാണ്. പ്രതി കൊച്ചി വിട്ടതായാണ് വിവരം.