പാലക്കാട്: കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തിവിവരം വെളിപ്പെടുത്താതെ തന്നെ പോലീസിനെ അറിയിക്കാന്‍ കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പില്‍ സൗകര്യമൊരുക്കി. ബുധനാഴ്ച ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് കേരളാപോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പോല്‍ ആപ്പില്‍ അപ്‌ഡേഷനും നടത്തിയിട്ടുണ്ട്.

To advertise here,

പോല്‍ ആപ്പിലെ സര്‍വീസ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തശേഷം വിവരം അജ്ഞാതനെന്ന നിലയ്ക്ക് കൈമാറുക (Share anonymously) എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്ത് രഹസ്യവിവരം പോലീസിന് കൈമാറാം. കുറ്റകൃത്യം നടന്ന സ്ഥലം, തീയതി, ലഘുവിവരണം എന്നിവ ചിത്രങ്ങളടക്കം ആപ്പ് മുഖേന നല്‍കാം.

പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പ് ഇതുവരെ 7,01,000-ല്പരം ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 64,515 ഐഫോണ്‍ ഉപഭോക്താക്കളും ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. വ്യക്തിവിവരങ്ങള്‍ അറിയിക്കേണ്ടതില്ലെന്ന നിബന്ധനയുണ്ടെങ്കില്‍ പ്രാദേശികമായ നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ വഴി ആപ്പിലൂടെ അറിയാനാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.