തിരുവനന്തപുരം: ലഹരിക്കെതിരേ വീശിയടിക്കുന്ന ഓപ്പറേഷൻ തൂഫാൻ സൈബറിടത്തിലേക്കും എത്തിയതോടെ ഡാൻസ് പാർട്ടികൾ (ഡി.ജെ.) നിർത്തി സംഘാടകർ മുങ്ങി. ഇൻസ്റ്റഗ്രാം, ട്രെഡ്‌സ്, ടെലിഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി ടിക്കറ്റ് വിൽപ്പന നടത്തി ഡി.ജെ. പാർട്ടികൾ നടത്തുന്ന സംഘാടകരാണ് പരിപാടികൾ ഒഴിവാക്കുന്നത്. സംഘാടകരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലേക്ക് ഇന്റലിജൻസ്‌ വിഭാഗത്തിന്റെ സൈബർ സംഘം കടന്നുകയറിയതോടെയാണിത്.

To advertise here,

പ്രധാനനഗരങ്ങളിൽ ഹോട്ടലുകൾ ബുക്ക് ചെയ്ത് സംഘടിപ്പിക്കുന്ന ഇത്തരം പാർട്ടികളിൽ ചിലതിൽ പുതുതലമുറ മയക്കുമരുന്നുകളുടെ വിൽപ്പനയും ഉപയോഗവും നടന്നിരുന്നു. പോലീസ് വിവരങ്ങൾ ശേഖരിച്ചതോടെ റെയ്ഡ് ഭയന്ന് കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം പാർട്ടികൾ മാറ്റിവെച്ചതായി സംഘാടകർ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെതന്നെ അറിയിപ്പ് നൽകുന്നു. പോലീസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മുഴുവൻസമയ സൈബർ പട്രോളിങ്ങും നടക്കുന്നുണ്ട്. ലഹരി കച്ചവടങ്ങളും വിവരകൈമാറ്റവും നടക്കുന്നത് അധികവും സാമൂഹികമാധ്യമങ്ങളിലൂടെയും ഡാർക്ക് വെബ്ബിലൂടെയുമാണെന്നും പോലീസ് പറയുന്നു. തൂഫാൻ തീരുന്നതുവരെ കേരളത്തിലേക്കുള്ള ലഹരിക്കടത്ത് നിർത്തിവെക്കാൻ പലസംഘങ്ങളും തീരുമാനിച്ചതിന്റെ സൂചനകളും ഇന്റലിജൻസിന് ലഭിച്ചു.

കഞ്ചാവ് പിടിക്കുന്നതിനൊപ്പം കത്തിക്കലും

വൻതോതിൽ കഞ്ചാവും ലഹരിമരുന്നും പിടിച്ചെടുക്കുന്നതിനൊപ്പം അവ കത്തിച്ച് നശിപ്പിക്കുന്നതിനുള്ള നടപടികളും പോലീസ് വേഗത്തിലാക്കി. എൻ.ഡി.പി.എസ്. കേസുകളിലെ തൊണ്ടിമുതൽ നശിപ്പിക്കാൻ അധികാരപ്പെട്ട സമിതികൾ ചേർന്നാണ് ഇതിനായുള്ള തീരുമാനമെടുക്കുന്നത്. പിടിച്ചെടുക്കുന്ന ലഹരി ഉത്പന്നങ്ങൾ സൂക്ഷിക്കാൻ പലയിടത്തും സ്ഥലമില്ല.

ശാസ്ത്രീയ പരിശോധന കഴിഞ്ഞാൽ കൂടുതലുള്ള ലഹരി ഉത്പന്നങ്ങൾ നശിപ്പിക്കാനാകും.