
കൊച്ചി: ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ മൊത്തം അറസ്റ്റിലായവരുടെ എണ്ണം 10,000-ത്തിലേക്ക്. ഇതുവരെ 8.24 കിലോ എംഡിഎംഎയും 979 കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ചുരുങ്ങിയ ദിവസനത്തിനുള്ളിൽ 9,213 കേസുകളിലായി 9,941 അറസ്റ്റുകളാണ് നടന്നത്. ഇപ്പോഴത്തെ കണക്കുപ്രകാരം ശരാശരി കേരളത്തിൽ 127 പേർ ദിവസേന ലഹരിയുമായി പിടിയിലാകുന്നുണ്ട്. ഇക്കാലയളവിൽ പിടിച്ചെടുത്ത എംഡിഎംഎയുടെ വില മാത്രം ഏതാണ്ട് നാലുകോടി രൂപയ്ക്കടുത്തുണ്ട്.
തൂഫാനുമായി പോലീസ് നീങ്ങുമ്പോഴും പിടിയിലാകുന്നവരിലേറെയും ചെറുകിട വിൽപ്പനക്കാരോ ഉപയോഗിക്കുന്നവരോ ആണ്. രാസലഹരിക്കേസുകളിലും കേരളത്തിലേക്കുള്ള കഞ്ചാവിന്റെ വരവിലും മുഖ്യകണ്ണികൾ കേരളത്തിന് പുറത്താണ്. എംഡിഎംഎ കൂടുതലായെത്തുന്നത് ബെംഗളൂരു, ഡൽഹി, ഗോവ എന്നിവിടങ്ങളിൽ നിന്നാണ്. ഇവരുടെ ഏജന്റുമാരെയോ ചെറുകിട വിൽപ്പനക്കാരെയോ മാത്രമേ പിടികൂടാൻ കഴിയുന്നുള്ളൂ.
ഉറവിടം കണ്ടെത്തിയെന്നും അന്വേഷണമുണ്ടാകുമെന്നും പറയുന്നെങ്കിലും കേസുകളുടെ ബാഹുല്യവും ഉദ്യോഗസ്ഥക്ഷാമവും മൂലം മറുനാടുകളിലെത്തിയുള്ള അന്വേഷണം ഫലപ്രദമാകുന്നില്ല. മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലേക്കുള്ള അന്വേഷണത്തിനുള്ള പോലീസിന്റെ പരിമിതിയും ഡിജിറ്റൽ തെളിവുകളുടെ കുറവും മാഫിയ സംഘങ്ങൾക്ക് രക്ഷയാകുന്നു.
അതുപോലെ കേരളത്തിലേക്ക് കഞ്ചാവെത്തുന്നത് ഒഡിഷയിൽ നിന്നാണ്. അവിടെ ആറ് ജില്ലകൾ കേന്ദ്രീകരിച്ച് വ്യാപകമായി കൃഷി നടക്കുന്നുണ്ട്. അത് ഇടനിലക്കാർ വഴി കേരളത്തിലേക്കും എത്തുന്നു. അന്തഃസംസ്ഥാന ബന്ധമുള്ള വൻ മാഫിയ സംഘത്തെ പൂട്ടാൻ പ്രത്യേക അന്വേഷണ സംഘം തന്നെ വേണ്ടിവരും.
കൈവശം സൂക്ഷിച്ച അളവിനനുസരിച്ചാണ് ലഹരിക്കേസിന്റെ കാഠിന്യം വരുക. പിടിയിലായാൽ ജാമ്യം ലഭിക്കാൻ പാകത്തിന് ചെറിയ അളവിൽ ലഹരിയുമായാണ് വൻകിട സംഘങ്ങൾ പോലും ഇപ്പോൾ പുറത്തിറങ്ങുന്നത്. കഞ്ചാവിന്റെ ചെറിയ അളവ് ഒരു കിലോയാണെങ്കിൽ കൊക്കെയ്ൻ രണ്ട് ഗ്രാം ചെറിയ അളവും വാണിജ്യ അളവ് 10 ഗ്രാമുമാണ്. ചെറിയ അളവിൽ ലഹരിയുമായി പിടിയിലായവർ വീണ്ടും കേസുകളിൽ ഉൾപ്പെടുന്നതും പതിവാണ്.
തൂഫാൻ അറസ്റ്റ് കൂടിയതോടെ ജയിലുകളിലും തിരക്ക് കൂടിയിട്ടുണ്ട്. മിക്ക സബ് ജയിലുകളിലും പരമാവധി ശേഷിയേക്കാൾ 30 ശതമാനം വരെ തടവുകാർ കൂടുതലാണ്.
Content Highlights: Operation Toofan reaches 78 days with 9,941 arrests across 9,213 cases., Seized contraband includes 8.24 kg of MDMA and 979 kg of cannabis., Main drug suppliers operate from out-of-state locations like Bengaluru, Delhi, Goa, and Odisha., Sub-jails face 30 percent overcrowding due to the surge in drug arrests.
Published: 21 Aug 2026, 06:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented