കാസർകോട്: വെർച്വൽ അറസ്റ്റും പരിവാഹൻ ഇ ചെല്ലാനിന്റെ പേരിലുള്ള തട്ടിപ്പുമൊക്കെ തുടരുമ്പോഴും സംസ്ഥാനത്ത് രജിസ്റ്റർചെയ്യുന്ന സൈബർ കേസുകളുടെ എണ്ണം കുറയുന്നു.
പോലീസിന്റെ കണക്കുപ്രകാരം 2025 നവംബർവരെ സംസ്ഥാനത്ത് 2320 സൈബർ കേസുകളാണ് രജിസ്റ്റർചെയ്തത്. 2024-ൽ 3581 കേസുകൾ രജിസ്റ്റർചെയ്തിരുന്നു. 2025-ലെ മുഴുവൻ കേസുകളെത്രയെന്നറിയാൻ ഡിസംബറിലെ കേസുകൾകൂടി ക്രോഡീകരിക്കേണ്ടതുണ്ടെങ്കിലും അത് 2024-ലേതിന്റെ അടുത്തെങ്ങുമെത്തില്ലെന്ന് ഉറപ്പ്.
2020 മുതൽ സംസ്ഥാനത്ത് സൈബർ കേസുകൾ കുടിവരുന്ന പ്രവണതയായിരുന്നു. കൂടുതൽ കേസുകൾ രജിസ്റ്റർചെയ്തത് 2024-ലാണ്. മാസം ശരാശരി 299 കേസുകൾ വീതം. എന്നാൽ, കഴിഞ്ഞവർഷം ഇത് 211 ആയി കുറഞ്ഞു. 35.21 ശതമാനമാണ് കുറവ്. പോലീസും ബാങ്കുകളുൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളും മാധ്യമങ്ങളും നടത്തിയ ബോധവത്കരണവും ജാഗ്രതയും ഫലംകണ്ടുതുടങ്ങിയതാണ് കേസുകളുടെ എണ്ണം കുറയാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.
തട്ടിപ്പിനിരയായാൽ ഗോൾഡൻ അവറിൽതന്നെ (ഒരുമണിക്കൂറിനകം) പരാതി നൽകുന്നവർ വർധിച്ചു. നഷ്ടപ്പെടുന്ന പണം തിരിച്ചുപിടിക്കുന്നതും ഇക്കാരണത്താൽ കൂടി.
തട്ടിപ്പിനിരയാകുന്നവരിൽ സാധാരണക്കാർ മുതൽ ഐടി പ്രൊഫഷണലുകളും നിയമവിദഗ്ധരും പോലീസ് ഉദ്യോഗസ്ഥരുംവരെ ഉൾപ്പെടുന്നുണ്ട്. വെർച്വൽ അറസ്റ്റ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത് പ്രായമായവരെയാണ്.
സാങ്കേതികവിദ്യയിലുള്ള അറിവില്ലായ്മയും പെട്ടെന്ന് ഭയപ്പെടുത്താനാകുമെന്നതും അവരുടെ അഭിമാനബോധവുമാണ് തട്ടിപ്പുകാർ ചൂഷണംചെയ്യുന്നത്. തട്ടിപ്പിനിരയായാൽ സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പറായ 1930-ൽ വിവരമറിയിക്കാൻ മറക്കരുത്.
www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പരാതി നൽകാം.
സൈബർ കമാൻഡോകൾ
സൈബർ കുറ്റകൃത്യങ്ങൾ നേരിടാനും ബോധവത്കരണത്തിനുമായി 97 സൈബർ കമാൻഡോകൾ കേരള പോലീസിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
ദേശീയ ഫൊറൻസിക് സയൻസ് സർവകലാശാല ദേശീയതലത്തിൽ നടത്തുന്ന എഴുത്തുപരീക്ഷയിലൂടെയാണ് ഇതിലേക്ക് പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററാ(ഐ4സി)ണ് ഇതിന് നേതൃത്വം നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൈബർ കുറ്റകൃത്യങ്ങൾ നേരിടുന്നതിൽ പരിശീലനം നൽകും.
1,92,313 കോളുകൾ
സഹായം തേടി 1,92,313 കോളുകളാണ് കഴിഞ്ഞവർഷം സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പറിൽ പോലീസിന് ലഭിച്ചത്. മാസം ശരാശരി 16,026 കോളുകൾ. 150.24 കോടി രൂപ തിരിച്ചുപിടിക്കാനായി.
കഴിഞ്ഞവർഷങ്ങളിലെ സൈബർകേസുകൾ
2020- 426
2021- 626
2022- 773
2023- 3293
2024- 3581
2025(നവംബർ വരെ)- 2320
Content Highlights: Cybercrime incidents in Kerala are decreasing, thanks to increased awareness and swift reporting. Learn more about the trends and how to protect yourself.
Published: 11 Jan 2026, 08:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented