കൊണ്ടോട്ടി: കോളേജ് വിദ്യാർഥിനിയുടെ മുഖം മോർഫ് ചെയ്ത് നഗ്നദൃശ്യങ്ങൾ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അയച്ചുകൊടുത്ത് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട മൂന്ന് യുവാക്കൾ അറസ്റ്റിൽ. കൊട്ടപ്പുറം സ്വദേശികളായ പുത്തൻവീട്ടിൽ തസ്‌രീഫ് (21), തയ്യിൽ മുഹമ്മദ് നിദാൽ (21), പുളിക്കൽ ചോലക്കാത്താടി മുഹമ്മദ് ഷിഫിൻ ഷാൻ (22) എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റുചെയ്തത്.

To advertise here,

സ്കൂൾ പഠനകാലത്ത് പെൺകുട്ടിയുടെ സീനിയർ വിദ്യാർഥിയായിരുന്ന മുഹമ്മദ് തസ്രീഫ് വ്യാജ ഇൻസ്റ്റാഗ്രാം ഉണ്ടാക്കി പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം പേജിൽ സന്ദേശങ്ങൾ അയച്ചും വീഡിയോ ദൃശ്യം അയച്ചും ഭീഷണിപെടുത്തുകയായിരുന്നു. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാതിരിക്കാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് പെൺകുട്ടി കൊണ്ടോട്ടി പോലീസിൽ പരാതിനൽകി. പെൺകുട്ടിയുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചു. പെൺകുട്ടി തന്റെ ആഭരണങ്ങൾ കൊടുക്കാൻ പോവുകയാണെന്നു മനസ്സിലാക്കിയ പോലീസ് മഫ്ടിയിൽ പിന്തുടരുകയും സ്വർണം കൈക്കലാക്കിയ തസ്‌രീഫിനെ പിടികൂടുകയായിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടും പെൺകുട്ടിയുടെ മോർഫ്‌ചെയ്ത ദൃശ്യങ്ങളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. തസ്‌രീഫിനെ വിശദമായി ചോദ്യംചെയ്തതിൽ മറ്റു രണ്ടുപേരുടെ പങ്ക് വെളിവാകുകയും തുടർന്ന് അവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കൊണ്ടോട്ടി ഡിവൈഎസ്‍പി പി.കെ. സന്തോഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പി.എം. ഷമീർ, എസ്.സി.പി.ഒ. അബ്ദുള്ള ബാബു, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ അമർനാഥ്, ഋഷികേശ്, സുബ്രഹ്‌മണ്യൻ എന്നിവരാണ് അന്വേഷണം നടത്തിയത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതികളെ മഞ്ചേരി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.